തിരുവനന്തപുരം: സ്വപ്ന സുരേഷിന് നല്കിയ ശമ്പളം തിരികെ നല്‍കാനാവില്ലെന്ന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് (പി.ഡബ്ല്യു.സി). ഇക്കാര്യം വ്യക്തമാക്കി പി.ഡബ്ല്യു.സി സര്‍ക്കാറിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ ആവശ്യമാണ് കമ്പനി തള്ളിയത്. വിഷയത്തില്‍ കെ.എസ്.കെ.ടി.ഐ.എല്‍ നിയമോപദേശം തേടി. 19,06,730 രൂപയാണ് സ്വപ്നക്ക് ശമ്പളമായി നല്‍കിയത്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പേസ് പാര്‍ക്കില്‍ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലായിരുന്നു സര്‍ക്കാര്‍ നടപടി. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പി.ഡബ്ല്യു.സിയാണ് സ്വപ്നയെ നിയമിച്ചതെന്നും അതിനാല്‍ സ്വപ്നയ്ക്ക് ശമ്പളമായി നല്കിയ തുക തിരികെ നല്‍കണമെന്നുമാണ് കെ.എസ്.ഐ.ടി.ഐ.എല്‍, പി.ഡബ്ല്യു.സിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടത്.
പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന എം.ശിവശങ്കര്‍, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരില്‍നിന്നു തിരിച്ചു പിടിക്കണമെന്ന് നിര്‍ദേശിച്ചു. പക്ഷെ ഈ ശുപാര്‍ശകളില്‍ പിന്നീട് സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: