ന്യൂദല്‍ഹി: ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. നാളെ ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തുന്ന അദ്ദേഹം അവിടെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലുമായും ചര്‍ച്ച നടത്തും.
വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം ജോണ്സണ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിക്കും. ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത പങ്കാളിത്തം വളര്‍ത്താനും സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്, തന്ത്രപ്രധാനമായ പ്രതിരോധം, നയതന്ത്ര,സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും വിശദമായ ചര്‍ച്ചകള്‍ നടത്തും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടന് പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
റഷ്യയുടെ ഉക്രൈന് അധിനിവേശവുമായി ബന്ധപ്പെട്ട നിലപാട് കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമാവുമെന്നും കരുതുന്നുണ്ട്. ഇന്ത്യയുടെ നിലപാടില്‍ മാറ്റം വരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും. എന്നാല്‍ ശത്രുത വെടിഞ്ഞ് ഉക്രൈനും റഷ്യയും സമാധാനത്തിന്റെ പാത പിന്തുടരണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. ഖാലിസ്ഥാന്‍ തീവ്രവാദം ഒരു പ്രധാന വിഷയമാവുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: