ശാസ്താംകോട്ട: തടാകത്തിലെ ജലത്തിലെ മാലിന്യ അവസ്ഥ ഒരാഴ്ച കഴിഞ്ഞിട്ടും മാറാത്ത സാഹചര്യത്തില്‍ ശാസ്താംകോട്ടയില്‍ നിന്നും കൊല്ലം ജില്ലയിലേക്കുള്ള കുടിവെള്ള വിതരണം വരും ദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കും. ഇതിനിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി സംഘം വ്യാഴാഴ്ച തടാകം സന്ദര്‍ശിക്കുകയാണ്.
രണ്ടാഴ്ച മുമ്പാണ് തടാകത്തില്‍ കലക്കവെള്ളം വ്യാപിച്ചത്. മഴ മാറിയിട്ടും ജലം കലങ്ങി തന്നെ കിടക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും കുടിവെള്ള വിതരണത്തിനായി ജലം പമ്പ് ചെയ്യുന്നുണ്ട്. ശുദ്ധീകരണ പ്രക്രിയക്ക് ശേഷം വരുന്ന മലിനജലം യാതൊരു നിയന്ത്രണവുമില്ലാതെ വീണ്ടും തടാകത്തിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. വാട്ടര്‍ അതോറിറ്റി ജലം പമ്പ് ചെയ്ത് എടുക്കുന്ന ഫില്‍റ്റര്‍ ഹൗസിന് താഴയുള്ള കായല്‍ ചരുവിലേക്കാണ് ഈ മലിനജലവും പതിക്കുന്നത്.
യാതൊരു ശുദ്ധീകരണ പ്രക്രിയയും നടത്താതെ തടാകത്തിലേക്ക് ഒഴുകി ഇറങ്ങുന്ന മലിനജലം ഉള്‍പ്പടെയാണ് വീണ്ടും പമ്പ് ചെയ്ത് കയറ്റുന്നത്. ഇതോടെ പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ നിറവ്യത്യാസമുണ്ട്. ദിനംപ്രതി മൂന്നുറോളം ലക്ഷം ലിറ്റര്‍ ജലമാണ് തടാകത്തില്‍ നിന്നും പമ്പ് ചെയ്തെടുക്കുന്നത്. ഇതിനിടെ കെഐപി കനാലില്‍നിന്നും വീണ്ടും ഫില്റ്റര്ഹൗസിലേക്ക് ജലം പമ്പ് ചെയ്ത് എടുക്കാനുള്ള രഹസ്യനീക്കം തുടങ്ങിയതായി സൂചനയുണ്ട്. ഇതിനായി മുന്‍പ് സ്ഥാപിച്ച തടയണയും പൈപ്പ് ലൈനുകളും മോട്ടോറും ഉപയോഗശൂന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: