ഡോ. സന്തോഷ് മാത്യു
ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും ചരിത്രം വഴിമാറും. ലെ പെന്‍ വിജയിക്കുകയാണെങ്കില്‍ ബ്രെക്സിറ്റ് മാതൃകയില്‍ ഫ്രക്സിറ്റ് വൈകാതെ പ്രതീക്ഷിക്കാം. ആദ്യത്തെ വനിതാ പ്രസിഡന്റിനെ ഫ്രാന്‍സിന് ലഭിക്കുകയും ചെയ്യും. ഇമ്മാനുവേല്‍ മാക്രോണ്‍ ആണ് വിജയിക്കുന്നതെങ്കില്‍ ഫ്രഞ്ച് പ്രസിഡന്റ് പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് രണ്ടാം ഊഴം ലഭിക്കും. ഏതായാലും പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള ഫ്രാന്‍സിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഹിജാബ്, ബുര്‍ഖ ഒക്കെയാണ് നിറഞ്ഞു നില്‍ക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. ആദ്യവട്ട വോട്ടെടുപ്പില്‍ മത്സരിച്ച 12 സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിനു മുകളില്‍ വോട്ട് നേടാനായില്ല എന്നതിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.
ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി 27.6 ശതമാനം വോട്ടുകള്‍ നേടി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കയാണ്. ഏപ്രില്‍ 24 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. അടുത്ത ഘട്ടത്തിലും ജനവിധി അനുകൂലമായാല്‍ 20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോണ്‍. അതായത് ജയിച്ചാല്‍ 2002ല്‍ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോണ്‍.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി മാരീന് ലെ പെന്നും ആണ് വീണ്ടും ഏറ്റുമുട്ടുന്നത്. ഏപ്രില്‍ 10 ഞായറാഴ്ച നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ മത്സരിച്ച 12 സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിനു മുകളില്‍ വോട്ട് നേടാനായില്ല. മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇടതുസ്ഥാനാര്‍ഥിയായ ഴാങ് ലൂക് മെലാന്ഷോന് 22 ശതമാനം വോട്ടുനേടി മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യവട്ട വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഇവരുടെ പിന്തുണ മാക്രോണ്‍ ഉറപ്പാക്കിയിട്ടുണ്ട്.
ഫ്രാന്‍സില്‍ നിലവിലെ പ്രസിഡന്റും ‘ഓണ്‍ മാര്‍ഷ്’ മധ്യ, മിതവാദി പാര്‍ട്ടി നേതാവുമായ ഇമ്മാനുവല്‍ മക്രോണും തീവ്ര വലതുപക്ഷമായ നാഷനല്‍ റാലിയുടെ സ്ഥാനാര്‍ഥി മരീന്‍ ലെ പെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം ഒരിക്കല്‍ കൂടി നടക്കുകയാണ്. കൂടുതല്‍ വോട്ടുപിടിച്ച രണ്ടു പേര് ഇരുവരുമായതോടെയാണ് 2017ലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ തനിയാവര്ത്തനത്തിന് വഴിയൊരുങ്ങിയത്.
ഒന്നാം ഘട്ടത്തിലെ 12 സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ രണ്ടു പേരാണ് 24നു നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ കടന്നിരിക്കുന്നത്. ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ആകെ വോട്ടിന്റെ 50 ശതമാനത്തിലേറെ (കേവല ഭൂരിപക്ഷം) ലഭിച്ചാല്‍, ആ സ്ഥാനാര്‍ത്ഥി പ്രസിഡന്റാകും എന്നാണ് ചട്ടം. രണ്ടാം റൗണ്ട് ഉണ്ടാകില്ല. എന്നാല്‍, ഇതു വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. മുന്നിലെത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളുമായി രണ്ടാം റൗണ്ട് നടക്കും.
യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ഫ്രാന്‍സിനെ ഇനി നയിക്കുന്നത് ആരാണെന്ന് നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്. അതിനാല്‍ ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കികാണുന്നത്. 48.7 ദശലക്ഷം പേര് രണ്ടാം ഘട്ടത്തിലും വോട്ട് രേഖപ്പെടുത്തും. ആദ്യ റൗണ്ടില്‍ ഒന്ന്, രണ്ട് സ്ഥാനത്തെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പ് 24ന് നടക്കുന്നതിനെ തുടര്‍ന്നുള്ള ഫലത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്രസിഡന്റ് അധികാരത്തിലേറും. മേയ് 13ന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. ഇതോടപ്പം ജൂണ്‍ 12 മുതല്‍ 19 വരെ നടക്കുന്ന പാര്‍ലമെന്ററി ഇലക്ഷനും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
റഷ്യ-ഉക്രൈന് വിഷയത്തില്‍ മധ്യസ്ഥതയില്‍ മുന്‍നിരയില്‍ മാക്രോണുമുണ്ട്. വൈദ്യുതിവില കുതിച്ചുയരുന്നതും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് തെരഞ്ഞെടുപ്പിലെ വിഷയങ്ങള്‍. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇതെല്ലം 4.87 കോടി വോട്ടര്‍മാരെ കാര്യമായി ബാധിക്കുന്നതുമാണ്. തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി 53കാരിയായ മരീന്‍ ലെ പെന്‍ ഇത് മൂന്നാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ലെ പെന്‍ വിജയിക്കുകയാണെങ്കില്‍ ഫ്രഞ്ച് ഭരണത്തില്‍ അടിമുടി മാറ്റത്തിനു വഴിതെളിയും. മരീന്‍ ലെ പെന്‍ ഇഞ്ചോടിഞ്ചാണ് മാക്രോണുമായി മത്സരിക്കുന്നത്. ലെ പെന്‍ എന്ന തീവ്ര വലതുപക്ഷക്കാരിയുടെ ആഗ്രഹം ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വെളിയില്‍ വരണമെന്നാണ്. ലെ പെന്‍ കുടിയേറ്റ വിരുദ്ധ നിലപാടുകളും ഇസ്ലാമിക വിരുദ്ധ നിലപാടുകളും തീവ്ര വലതുപക്ഷ നിലപാടുകളും ആയി മുന്നേറുകയാണ്. വിജയിച്ചാലും നിലവില്‍ എട്ട് സീറ്റുകള്‍ മാത്രമുള്ള അവരുടെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലെ പെന്നിന്റെ മുന്നിലെ വലിയ വെല്ലുവിളി. 577 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഫ്രഞ്ച് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വലിയ കടമ്പയാകും അവര്‍ക്ക്. രണ്ട് തവണ വിവാഹമോചനം നേടിയ മൂന്ന് കുട്ടികളുടെ അമ്മയായ ലെ പെന്‍ വിജയിക്കുകയെണെങ്കില്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ആദ്യ വനിതയായിരിക്കും അവര്‍. കടുത്ത കുടിയേറ്റ വിരുദ്ധതയും ഇസ്ലാമിക വിരുദ്ധതയും കൈമുതലായുള്ള ഇവര്‍ അധികാരത്തിലേറിയാല്‍ ട്രംപിന്റെ മൊറ്റൊരവതാരത്തെ ഫ്രാന്‍സിലും കാണാന്‍ സാധിച്ചേക്കാം.
ഇമ്മാനുവല്‍ മാക്രോണ്‍-ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. മുമ്പ് രാജ്യത്തെ സാമ്പത്തിക- ധനകാര്യ മന്ത്രിയായിരുന്നു. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പ്രസിഡന്റ പദവിയില്‍ എത്തിയപ്പോള്‍ ഇമ്മാനുവേല്‍ മക്രോണിന്ന് പ്രായം 39 ആയിരുന്നു. രണ്ടാം തവണയും മാക്രോണ്‍ എന്ന 44 കാരന് പ്രസിഡന്റ് പദവിയില്‍ എത്തുമോയെന്നാണ് ലോകം ഇപ്പോള്‍ കാത്തിരിക്കുന്നത്. 2017 മെയ് മാസത്തില്‍, ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി മാറിയപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. 1804-ല്‍ 35-ാം വയസ്സില്‍ നെപ്പോളിയന് ബോണപാര്‍ട്ട് ചക്രവര്‍ത്തിയായതിനുശേഷം ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായി മാറുകയായിരുന്നു മാക്രോണ്‍.
ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും പോണ്ടിച്ചേരിയും തമ്മില്‍ എന്താണ് ബന്ധം ?. തെരഞ്ഞെടുപ്പിനായി പഴയ ഫ്രഞ്ച് കോളനി ആയ ഇന്നത്തെ പുതുച്ചേരിയില്‍ രണ്ട് പോളിങ് സ്റ്റേഷനും മറ്റൊരു ഫ്രഞ്ച് പ്രദേശമായിരുന്ന കാരക്കലില്‍ ഒരു പോളിങ് സ്റ്റേഷനും സജ്ജീകരിച്ചിരിക്കുന്നു. 4564 ഫ്രഞ്ച് പൗരന്മാര്ക്കായാണ് ഈ സജ്ജീകരണം. ദക്ഷിണേന്ത്യയില്‍ താമസിക്കുന്ന ഇവര്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പുറമേ യൂറോപ്യന്‍ യൂണിയന് തിരഞ്ഞെടുപ്പ്, വിവിധ ഹിത പരിശോധനകള്‍, അസംബ്ലി തെരഞ്ഞെടുപ്പുകള്‍, മുന്‍ കോളനികളില്‍ നിന്നുള്ള പ്രതിനിധികളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പുകള്‍ എന്നിവയിലെല്ലാം വോട്ടവകാശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: