കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പടിഞ്ഞാറന്‍ കാബൂളിലെ ഒരു ഹൈസ്കൂളിലുണ്ടായ സ്ഫോടന പരമ്പരയിൽ നിരവധിപേർ കൊല്ലപ്പെട്ടതായി സൂചന. കുട്ടികളടക്കം ആറു പേർ മരിച്ചതായാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു.
മൂന്ന് സ്ഫോടനങ്ങളുണ്ടായത്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷിയ ഹസാര സമുദായത്തില്‍ പെട്ടവരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഐഎസ്എസ് ഉള്‍പ്പടെയുള്ള സുന്നി തീവ്രവാദി സംഘടനകള്‍ പതിവായി ലക്ഷ്യമിടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇവര്‍.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്റാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകുന്നില്ല. ”അബ്ദുൾ റഹിം ഷാഹിദ് സ്കൂളിന് മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്ഫോടനത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു അധ്യാപകൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്സാനുള്ള അമീറി റിപ്പോർട്ട് ചെയ്യുന്നു.
കുട്ടികൾ രാവിലത്തെ ക്ലാസുകൾ കഴിഞ്ഞ് പുറത്തുവന്ന സമയത്താണ് ആക്രമണമുണ്ടായത്. രണ്ടാം സ്ഫോടനം പടിഞ്ഞാറൻ കാബൂളിൽത്തന്നെയുള്ള മുംതാസ് ട്രെയിനിംഗ് സെന്ററിന് സമീപത്താണുണ്ടായത് എന്നാണ് വിവരം. ഇവിടെ ഒരു ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു അക്രമി എന്നാണ് റിപ്പോർട്ടുകൾ. ഈ ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: