ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓര്‍ത്ത് അംബേദ്കര്‍ അഭിമാനിക്കുമെന്ന് പറഞ്ഞ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സംഗീതജ്ഞന് ഇളയരാജ. തന്റെ അഭിപ്രായം ഒരിക്കലും പിന്‍വലിക്കില്ലെന്ന് ഇളയരാജ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്. അംബേദ്കറും തമ്മിലുള്ള സമാനതകള്‍ ചൂണ്ടിക്കാട്ടിയ പുസ്തകത്തിന്റെ അവതാരികയുടെ പേരില്‍ സംഗീത സംവിധായകന് ഇളയരാജ വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരന് ഗംഗൈ അമരന് വഴി അറിയിച്ചു
സിനിമയില്‍ നല്കിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാല്‍ തിരികെ വാങ്ങില്ല, അതുപോല എന്റെ മനസില്‍ എന്തു തോന്നിയാലും ആ സത്യം പറയാന്‍ മടിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇതാണ് എന്റെ അഭിപ്രായം. പരാമര്‍ശങ്ങളെ രാഷ്ട്രീയവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ ഇളയരാജ പ്രതികരിച്ചു. ബ്ലൂ ഗ്രാഫ് ഡിജിറ്റല്‍ ഫൗണ്ടേഷന് ”മോദിയും അംബേദ്കറും” എന്ന പേരിലുള്ള പുസ്തകത്തിന്റെ അവതാരികയിലാണ് ഇളയരാജ പ്രധാനമന്ത്രിയെ കുറിച്ചും അംബേദ്കറിനെ കുറിച്ചും പരാമര്‍ശിച്ചത്.
അംബേദ്കര്‍ ആന്‍ഡ് മോദി: റിഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന്റെ ആമുഖ കുറിപ്പില്‍ ഇളയരാജ ഇരുവരേയും താരതമ്യം ചെയ്യുന്നുണ്ട്. മോദിക്കും അംബേദ്കറിനും ഒരുപാട് സാമ്യങ്ങളുണ്ട്. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് അംബേദ്കറും മോദിയുമെന്നാണ് ഇളയരാജ കുറിച്ചത്.
പട്ടിണിയും അടിച്ചമര്‍ത്തലുകളും ഇരുവരും നേരിട്ടു. അസമത്വം ഇല്ലാതാക്കാനാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്. ഇരുവരും ഇന്ത്യക്ക് വേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടു. ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ക്കനുസൃതമായി പുതിയ ഇന്ത്യ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നുവെന്നാണ് ഈ പുസ്തകം വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: