വെഞ്ഞാറമൂട് : മാനവികതയുടെയും, മതസൗഹാര്‍ദ്ദത്തിന്റെയും നിറവില്‍ വിഷു വും, ദു:ഖവെള്ളിയും, ഉത്സവവും ആചരിച്ച് പിരപ്പന്‍ കോട് നിവാസികള്‍. പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട കഴിഞ്ഞ ദിവസം മത്തനാട് ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രത്തില്‍ നടന്നു. തുടര്‍ന്നുള്ള പള്ളിവേട്ട ഘോഷയാത്രയെ വേളാവൂര്‍ ജംഗ്ഷനില്‍ മസ്ജിദിന് സമീപം വച്ച് ഇസ്ലാം മതവിശ്വാസികളടക്കമുള്ള സ്ഥലവാസികള്‍ ദാഹജലവും ലഘുഭക്ഷണവും നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശുപത്രിയുടെ മുന്നിലെത്തിയപ്പോള്‍ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ഹോസ്പിറ്റലിന്റെയും മദര്‍ തെരേസ ദേവാലയത്തിന്റെയും ആഭിമുഖ്യത്തില്‍ അണിയിച്ചൊരുക്കിയ ശ്രീകൃഷ്ണ വിഗ്രഹവും നിറപറയും നിലവിളക്കുമായാണ്
പള്ളി വികാരി ഫാദര്‍ ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തില്‍ വരവേറ്റത്. ജാതി മത ഭേദമന്യേ ഘോഷയാത്രയെ ഒരു നാടു മുഴുവന്‍ വരവേല്‍ക്കുന്നത് നയനാനന്ദകരമായ ഒരു ദൃശ്യാനുഭവമായിരുന്നു. വിഷുവും ദു:ഖവെള്ളിയും ഒത്തുചേര്‍ന്ന അപൂര്‍വ്വദിനത്തില്‍ അത്യപൂര്‍വ്വമായ ദൃശ്യത്തിനും പിരപ്പന്‍കോട് സാക്ഷ്യം വഹിച്ചു. യേശു ക്രിസ്തുവിന്റെ പീഢാനുഭവ സ്മരണകളുമായി മദര്‍ തെരേസ ദേവാലയത്തില്‍ നിന്നും ഫാദര്‍ ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രദക്ഷിണത്തിന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നില്‍ വച്ച് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പുനല്‍കി. ശ്രീകൃഷ്ണനേയും യേശുദേവനേയും ഒരേ പീഠത്തില്‍ പ്രതിഷ്ഠിച്ച് നിലവിളക്കും മെഴുകുതിരികളുമായാണ് പ്രദക്ഷിണത്തെ വരവേറ്റത്. ഐശ്വര്യത്തിന്റെയും സമ്പത്ത് സമൃദ്ധിയുടേയും പ്രതീകമായ വിഷുവും ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ഈസ്റ്ററും ഉത്സവാഘോഷവും ഒരു പോലെ ആചരിച്ച് മാതൃകയായി പിരപ്പന്‍കോട് നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: