എരുമേലി: ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിന് പിഎസ്സി ഇറക്കിയ വിജ്ഞാപനത്തില്‍ അപാകതയെന്ന് ഉദ്യോഗാര്‍ഥികളുടെ പരാതി. വിജ്ഞാപനം നൂറുകണക്കിന് വനവാസി ഉദ്യോഗാര്‍ഥികളെ ദുരിതത്തിലാക്കിയത്.
അഞ്ഞൂറിലധികം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫോറസ്റ്റ് ഗാര്‍ഡ്) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍ക്കാലിക വാച്ചര്‍ ജോലി ചെയ്യുന്ന എസ്എസ്എല്‍സി പാസായവര്‍ക്ക് 40 ശതമാനം ഒഴിവുകളാണ് നീക്കിവച്ചിട്ടുള്ളത്. എന്നാല്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട സാക്ഷ്യപത്രത്തിലെ പൊരുത്തക്കേടാണ് ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കുന്നത്.
ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ചെയ്തിരുന്നവര്‍ക്കും ഡിഡിഒയുടെ സാക്ഷ്യപത്രം മതിയെന്നിരിക്കെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ എന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നാണ് പുതിയ നിര്‍ദേശം. വര്‍ഷങ്ങളായി ദിവസ വേതനത്തില്‍ വാച്ചര്‍ ജോലി ചെയ്ത് സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവര്‍ക്ക് വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരെന്ന സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. 16 മുതല്‍ അപേക്ഷ നല്‍കാനാണ് വിജ്ഞാപനം.
നിലവിലെ സ്ഥിതിയില്‍ അപേക്ഷ നല്കാന് സാധിക്കില്ല. പിഎസ്സി കരട് വിജ്ഞാപനത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് അപേക്ഷകര്‍ പറയുന്നു. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളാണ് ഇത്തരത്തില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നത്.
താല്‍ക്കാലിക ജീവനക്കാര്‍, വിധവകളുടെ മക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ തവണ പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഇവരെ പരിഗണിച്ചില്ല. ഇതിനെതിരെ റാങ്ക് ലിസ്റ്റിലുള്ളവരും സാമുദായിക സംഘടനകളും, മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. കൂടാതെ കേരള ട്രൈബ്യൂണല്‍ കോടതിയിലും പരാതി നല്കി. പരാതി നല്കിയപ്പോള് തുടര്‍ന്നുള്ള നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: