കാബൂള്‍: പാകിസ്താന് സൈന്യം അഫ്ഗാനിസ്ഥാനില്‍ അതിര്‍ത്തിക്ക് സമീപം നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പ് നല്കി താലിബാന് സര്‍ക്കാര്‍.
പാകിസ്താന് സൈന്യത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം 40ല്‍ അധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് പാകിസ്താന് മുന്നറിയിപ്പുമായി താലിബാന് രംഗത്തെത്തിയത്.
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യാ പ്രദേശമാണ് കുനാര്‍. അതിര്‍ത്തിക്ക് സമീപമുള്ള ഖോസ്റ്റ് പ്രവിശ്യയിലും ഇത്തരത്തില്‍ പാകിസ്ഥാന് വ്യോമസേനയുടെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തെത്തുടര്‍ന്ന് കാബൂളിലെ പാകിസ്ഥാന് അംബാസിഡറെ താലിബാന് സര്‍ക്കാര്‍ വിളിപ്പിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു. അഫ്ഗാന് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ പാകിസ്താന് സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല.
ഖോസ്റ്റ് പ്രവിശ്യയിലെ നാല് ഗ്രാമങ്ങള്‍ക്ക് മേലാണ് പാകിസ്താന് സേന ഹെലികോപ്റ്റര്‍ വഴി ബോംബാക്രമണം നടത്തിയത്. താലിബാന് സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതായി ടി.ആര്.ടി. വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പാകിസ്താന് അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും. അതിന് പാകിസ്താന് തയ്യാറായി ഇരിക്കണെമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഡെപ്യൂട്ടി മന്ത്രി സബിയുള്ള മുജാഹിദ് പറഞ്ഞു.
നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നം പരിഹരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കും. അത് ആര്‍ക്കും അനുകൂലമല്ലാത്ത തരത്തിലേക്ക് നീങ്ങും. ഒരു യുദ്ധം പൊട്ടിപുറപ്പെടുകയാണെങ്കില്‍ അത് രണ്ട് കൂട്ടര്‍ക്കും നല്ലതായിരിക്കില്ലെന്നും താലിബാന്റെ മുഖ്യ വക്താവ് കൂടിയായ മുജാഹിദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: