പാലക്കാട് : പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റെ മൃതദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച കണ്ണകിയമ്മന്‍ ഹൈസ്കൂളില്‍ നിരവധിയാളുകളാണ് ഒഴുകിയെത്തിയത്.
അതിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ ബന്ധുക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം വൈകിട്ടോടെ കറുകോടി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടത്തുക. രാവിലെ എട്ട് മണിയോടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉച്ചയ്ക്ക് 12 മണിയോടെ പൂര്‍ത്തിയായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാമമന്ത്രം മുഴക്കിയും ഭാരത് മാതാ കീ ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങിയത്.
നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയിക്ക് മുമ്പില്‍ ശ്രീനിവാസനെ കാണാനായി തടിച്ചുകൂടിയത്. തുടര്‍ന്ന് വിലാപയാത്രയായി കണ്ണകിയമ്മന്‍ ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിനായി എത്തിക്കുകയായിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിലാപയാത്രയ്ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വിലാപയാത്ര നടത്തുമെന്ന നിലപാടില്‍ ആയിരുന്നു ബിജെപി.
ബിജെപിയുടെ സംഘടനാചുമതലയുളള പ്രഭാരി സി.പി. രാധാകൃഷ്ണന്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ സുരേന്ദ്രനൊപ്പം വിലാപയാത്രയെ അനുഗമിച്ചു.
അതേസമയം പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂര്‍ത്തിയാക്കും. വളരെ വേഗത്തില്‍ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്.
ശ്രീനിവാസന് വധക്കേസില്‍ സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പറും കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്. രണ്ട് കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യംചെയ്തുവരികയാണ്. ഇതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും വിജയ് സാഖ്റെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: