പത്തനംതിട്ട : കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് മറ്റൊരാള്‍ വരുന്നതിന് തടസം നില്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് പി.ജെ. കുര്യന്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയിനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി വേണം. രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ അധികാര പൂര്‍വ്വം ഇടപെടലുകള്‍ നടത്തുകയാണെന്നും ഒരു സംഘം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. പി.ജെ കുര്യന് അത് വീണ്ടും ആവര്‍ത്തിച്ചു.
ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍. സ്ഥിരതയില്ലാത്തതുകൊണ്ടാണ് രാഹുല്‍ പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചുപോയത്. നടുക്കടലില്‍ കാറ്റിനും കോളിനും ഇടയില്‍ ഉള്‍പ്പെട്ട ഒരു കപ്പലിനെ ഏതുതരത്തില്‍ മുന്നോട്ടു കൊണ്ടു പോകണം അതാണ് കപ്പിത്താന് ചെയ്യേണ്ടത് എന്നിരിക്കെ രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്.
അതുകൊണ്ടാണ് രാജ്യത്ത് പിന്നീട് നടന്ന നിയമസഭാ തെഞ്ഞെടുപ്പുകളില്‍ അടക്കം പാര്‍ട്ടിക്ക് കനത്ത തിരിച്ചടികള്‍ ഉണ്ടായിട്ടുള്ളത്. പാര്‍ട്ടിയില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ ഉണ്ടെങ്കിലും അവരുടെ അഭിപ്രായങ്ങള്‍ നേതൃത്വം മുഖവിലയ്ക്കെടുക്കുന്നില്ല. എല്ലാവര്ക്കും അവിടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിക്കുന്നില്ല.
പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയും ഉത്തരവാദിത്വങ്ങള്‍ ഇല്ലാതിരുന്നിട്ടും രാഹുലാണ് ഇപ്പോഴും തീരുമാനം കൈക്കൊള്ളുന്നത്. ഒരു പ്രത്യേക കോക്കസുമായി മാത്രം ചര്‍ച്ച ചെയ്താണ് അദ്ദേഹം കൈക്കൊള്ളുന്നത്. കൂടിയാലോചനകളില്ലാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചെന്നും പി.ജെ കുര്യന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: