ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്കര്‍ത്താവുമായ ഡോക്ടര്‍ ബി.ആര് അംബേദ്കറും അഭിമാനിക്കുമെന്ന് സംഗീത സംവിധായകന് ഇളയരാജ.
ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന് പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്ത് ഇക്കാര്യം പറഞ്ഞത്.
അംബേദ്കറെ അറിയാവുന്ന അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും നടപ്പിലാക്കുന്നവരെ നാം തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം. രാജ്യത്തിന്റെ വികസനം, വ്യവസായം, സാമൂഹിക നീതി, സ്ത്രീ മുന്നേറ്റം, അംബേദ്കറുടെ കാഴ്ചപ്പാടുകള്‍ എന്നിവയ്ക്കായുള്ള മോദി സര്‍ക്കാരിന്റെ നടപടികള്‍ എവിടെയെത്തി എന്ന് അന്വേഷിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.
പ്രധാനമന്ത്രിയുടെ ”മെയ്ക്ക് ഇന്‍ ഇന്ത്യ” പദ്ധതി വിവിധ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്തെ റോഡുകള്‍, റെയില്‍ ഗതാഗതം, മെട്രോ റെയില്‍, എക്സ്പ്രസ് വേകള്‍ എന്നിവ ലോകോത്തര നിലവാരത്തിലുള്ളതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി വിവിധ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സമൂഹത്തിലെ അധഃസ്ഥിതര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കാന്‍ അദ്ദേഹം പിന്നാക്ക വിഭാഗ കമ്മീഷന് രൂപീകരിച്ചു. പാവപ്പെട്ടവര്‍ക്കായി വീടുകളും കക്കൂസുകളും മോദിയുടെ ഭരണത്തില്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. അങ്ങനെ അവരുടെ ജീവിതം മെച്ചപ്പെട്ടു.
മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി കൊണ്ടുവന്ന മുത്തലാഖ് നിരോധനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കൊണ്ടുവന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ വഴി അംബേദ്കര്‍ക്ക് മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ പറഞ്ഞു.
സമൂഹത്തില്‍ അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാന്‍ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. മോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: