തിരുവനന്തപുരം: സിപിഎം മുഖപത്രത്തിന്റെ വിവേചനത്തിനെതിരെ പരസ് പ്രതികരണവുമായി സിപിഐ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍. അംബേദ്കര്‍ ജയന്തി ദിനത്തില്‍ നിയമസഭയിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ വാര്‍ത്തയില്‍ നിന്നും ചിറ്റയം ഗോപകുമാറിനെ സിപിഐ ഒഴിവാക്കി. ഇത് മനപൂര്‍വമാണെന്ന ആരോപണവുമായാണ് ഡെപ്യൂട്ടി സ്പീക്കര്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.
ഏപ്രില്‍ 15 ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് ചിറ്റയത്തിന്റെ പ്രതികരണം. ഏപ്രില്‍ 14 ന് അംബേദ്ക്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ താനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് പോയത്. പുഷ്പാര്‍ച്ചന നടത്തിയതും ഒന്നിച്ചാണ്. എന്നാല്‍ ദേശാഭിമാനിയില്‍ വാര്‍ത്ത വന്നപ്പോള്‍ തന്നെ മാത്രം ഒഴിവാക്കിയെന്ന് ചിറ്റയം ചൂണ്ടിക്കാട്ടി.
“ഇത് ഏപ്രില്‍ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാര്‍ത്തയുമാണ്. ഏപ്രില്‍ 14 ന് അംബേദ്ക്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാര്‍ച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി. ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം ? ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?”. ഡെപ്യൂട്ടി സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടി മുഖപത്രത്തിനെ വിമര്‍ശിച്ചതിലൂടെ സിപിഎം തന്നോട് കാണിക്കുന്ന അവഗണനയാണ് ചിറ്റയം തുറന്നു കാണിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാറിന്റെ പരസ്യപ്രതികരണം ഇടതുപക്ഷ മുന്നണിയില്‍ പുതിയവിള്ളലുകള് ഉണ്ടാക്കും എന്നുറപ്പാണ്.
എസ്സി വിഭാഗത്തില്‍പ്പെട്ട നേതാവായ ചിറ്റയത്തിന് പാര്‍ട്ടിയില്‍ നിന്നുതന്നെ നിരവധി തവണ ജാതിയധിഷേപം നേരിടേണ്ടി വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: