ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് ജോ റൂട്ട് രാജിവച്ചു. ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ജോ റൂട്ടിന്റെ രാജി. റൂട്ട് സ്ഥാനമൊഴിയണമെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. 2017ല്‍ അലസ്റ്റയര്‍ കുക്കിന്റെ പിന്‍ഗാമിയായാണ് മുപ്പത്തൊന്നുകാരനായ റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്.
റൂട്ടിന്റെ നായകത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ഈ വര്‍ഷം തുടക്കത്തില്‍ ആഷസ് പരമ്പര 0-4 ന് തോറ്റിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ മറ്റൊരു ഞെട്ടിക്കുന്ന തോല്‍വിയും ഇംഗ്ലണ്ട് ഏറ്റുവാങ്ങി. മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 2017ല്‍ അലസ്റ്റര്‍ കുക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത റൂട്ട് 64 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ 27 മത്സരങ്ങള്‍ വിജയിച്ച റൂട്ട് 26 എണ്ണത്തില്‍ തോല്‍വി ഏറ്റുവാങ്ങി. 42.18 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയ ശതമാനം.
മൈക്കല്‍ വോന്‍(26),ആലിസ്റ്റര്‍ കുക്ക്(24),ആന്‍ഡ്രൂ സ്ട്രോസ്(24) എന്നിവരാണ് കൂടുതല്‍ വിജയം നേടിയ മറ്റു ഇംഗ്ലീഷ് നായകന്മാര്. കരീബിയന്‍ പര്യടനത്തിനുശേഷം നാട്ടിലെത്തിയ ശേഷമാണ് റൂട്ടിന്റെ രാജി പ്രഖ്യാപനം. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഞാന്‍ ഒഴിയുന്നു. തന്െ കരിയറിലെ ഏറ്റവും കഠിനമേറിയ തീരുമാനമാണ് ഇപ്പോള്‍ എടുക്കുന്നത്.
ബന്ധുക്കളും അടുത്ത സുഹൃത്തുകളുമായും സംസാരിച്ചശേഷമാണ് ഈ തീരുമാനം. ഇതാണ് ശരിയായ സമയമെന്ന് എനിക്ക് അറിയാമെന്നും റൂട്ട് സ്ഥാനം ഒഴിഞ്ഞ് കൊണ്ടുളള ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം ദേശീയ ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റിനെ നയിക്കാന്‍ കഴിഞ്ഞത് വലിയ ആദരവോടെയാണ് കാണുന്നത്. രാജ്യത്തെ നയിക്കുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: