ജെറുസലേം: ജെറുസലേമിലെ അല്‍ അഖ്സാ പള്ളിയില്‍ വീണ്ടും സംഘര്‍ഷം. ഇസ്രായേല്‍ പോലീസും പലസ്തീനികളുമാണ് വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഏറ്റുമുട്ടിയത്. കല്ലുകളും ഇഷ്ടികകളും നീക്കം ചെയ്യാന്‍ സുരക്ഷാസംഘം മസ്ജിദിന്റെ പരിസരത്തേക്ക് കടന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
റംസാന് മാസമായതിനാല്‍ വെളളിയാഴ്ച രാവിലെ നിരവധി പേര് മസ്ജിദില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസിനെതിരെ ആക്രമണം നടത്താന്‍ കല്ലുകളും മറ്റും ഇവര്‍ പളളിയില്‍ ശേഖരിച്ചിരുന്നതായി ഇസ്രായേല്‍ സുരക്ഷാസേന ആരോപിച്ചു. ഇത് നീക്കം ചെയ്യാന്‍ സുരക്ഷാസംഘം മസ്ജിദിന്റെ പരിസരത്തേക്ക് കടന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
ഇസ്രായേല്‍ പോലീസ് മസ്ജിദിനകത്തേക്ക് ബലം പ്രയോഗിച്ചു കടന്നുവെന്നാണ് പലസ്തീനികളുടെ ആരോപണം. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ടിയര്‍ ഗ്യാസും ഗ്രനേഡുകളും പ്രയോഗിച്ചു. ഇതിന്റെ വീഡിയോയും പുറത്ത് വന്നു. മസ്ജിദിനുളളില്‍ നില്ക്കുന്ന ജനക്കൂട്ടവും സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയുന്നതും സുരക്ഷാസേന ടിയര്‍ഗ്യാസ് പ്രയോഗിക്കുന്നതും വീഡിയോകളില്‍ കാണാം.
പലസ്തീനിന്റെയും ഹമാസിന്റെയും കൊടികളുമായി നിരവധി പേര് അതിരാവിലെ മസ്ജിദിന്റെ പരിസരത്ത് മാര്‍ച്ച് നടത്തിയിരുന്നുവെന്നും മുഖം മറച്ചെത്തിയ ഇവരാണ് കല്ലുകളും ഇഷ്ടികകളും ശേഖരിച്ച് സൂക്ഷിച്ചതെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കല്ലുകളും ഇഷ്ടികകളും നീക്കം ചെയ്യാനും സംഘര്‍ഷം ഒഴിവാക്കാന്‍ അനിയന്ത്രിതമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും മസ്ജിദിന്റെ പരിസരത്തേക്ക് പ്രവേശിക്കാന്‍ പോലീസ് നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: