അഡ്വ. ടി.പി. സിന്ധുമോള്‍
കെ.റെയില്‍ അഥവാ അതിവേഗ ഇടനാഴി പദ്ധതിക്കുവേണ്ടി ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്നും, നിരവധി കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിട്ടുള്ളത്. 2017 ലെ ഒരു സര്‍വ്വേ പ്രകാരം ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരായി 1,33,766 ഉം ഭൂരഹിത ഭവനരഹിതരായി 3,73,138 ഉം ചേര്‍ന്ന് ആകെ 5,06904 പേരാണ് കേരളത്തിലുള്ളത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പരമപ്രധാനമായ കിടപ്പാടത്തിനുവേണ്ടി ആയിരങ്ങള്‍ കാത്തിരിക്കുമ്പോഴും ഭൂലഭ്യത പരിമിതമാണെന്ന സര്‍ക്കാര്‍ വാദത്തില്‍ തട്ടിവീണ് ആ സ്വപ്നം പൊലിയുന്നു.
ഇടുക്കി ജില്ലയില്‍ 21,321 ഭൂരഹിത ഭവനരഹിതര്‍ ഉണ്ടെന്നാണ് കണക്ക്. നാലായിരത്തോളം ആളുകള്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (പിഎംഎവൈ) പ്രകാരം വീടിനും മൂന്നു സെന്റ് സ്ഥലത്തിനുമായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നു. സര്‍ക്കാര്‍ ഭാഷ്യമനുസരിച്ച് 67 റവന്യൂ വില്ലേജുകളുള്ള ഇടുക്കി ജില്ലയില്‍ 716 ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമിയാണ് ശേഷിക്കുന്നത്. വിവാദങ്ങള്‍ കെട്ടടങ്ങാത്ത ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്ക് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ഭൂമാഫിയ പ്രവര്‍ത്തനവും ഭൂമിതട്ടിപ്പും പുറംലോകം അറിയാതിരിക്കാന്‍ 2012ല്‍ ചതുരംഗപ്പാറ വില്ലേജ് ഓഫീസിലുണ്ടായ ആസൂത്രിതമായ തീപ്പിടിത്തം ആരും മറന്നിട്ടുണ്ടാകില്ല.
കേരള സംസ്ഥാന രൂപീകരണശേഷം ഉടുമ്പന്‍ചോലയില്‍ വില്ലേജ് കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന തമിഴ് ഭൂഉടമകള്‍ തമിഴ്നാട്ടിലേക്ക് തിരിച്ചുപോയി. ഉടുമ്പന്‍ചോല വില്ലേജിലെ ഭൂവുടമയില്‍ പ്രധാനിയായിരുന്ന ബോഡി എ.എസ്. അഴഗണന്‍ ചെട്ടിയാര്‍ക്ക് മൂലതണ്ടപ്പേര് നമ്പര്‍ 878 ല്‍ മാത്രം 680 ഏക്കറോളം ഭൂമിയാണുണ്ടായിരുന്നത്.
ആ 680 ഏക്കര്‍ എവിടെ?
ബോഡി എ.എസ്. അഴഗണന്‍ ചെട്ടിയാരുടെ 680 ഏക്കര്‍ വരുന്ന ഭൂമി, മക്കളായ (1) എ. രംഗസ്വാമി ചെട്ടിയാര്‍ (2) സുപ്പയ്യന് ചെട്ടിയാര്‍ (3) എ. അഴഗണന്‍ (4) എ. രാമരാജ് (5) എ. ധര്‍മ്മരാജ് എന്നിവരുടെ പേരില്‍ തണ്ടപ്പേര് നമ്പര്‍ 524, 525, 528, 529, 532, 533 പ്രകാരം വീതിച്ചുനല്കി. 1956 ജനുവരി ഒന്നു മുതല്‍ കരം അടയ്ക്കാത്ത ഈ ഭൂമിയത്രയും മറ്റേതോ വില്ലേജിലേക്ക് പോക്കുവരവ് നടത്തി. കരം കുടിശ്ശിക തീര്‍ത്തതായി തെളിയിക്കുന്ന രേഖകള്‍ ഒന്നും നിലവിലില്ല. മാത്രമല്ല സര്‍ക്കാര്‍ അധീനതയിലേക്ക് വന്നുചേര്‍ന്ന ഈ ഭൂമിയത്രയും വ്യാജപട്ടയങ്ങള്‍ സൃഷ്ടിച്ച് പലര്‍ക്കായി നല്കി.
ഭൂമാഫിയ പ്രവര്‍ത്തനം എത്ര ആഴത്തിലും പരപ്പിലുമാണ് ഉടുമ്പന്‍ചോല വില്ലേജില്‍ വ്യാപിച്ചുകിടക്കുന്നത് എന്നതിന്റെ നേരുദാഹരണമാണ് സജീവ് സെബാസ്റ്റിയന് എന്ന മനുഷ്യന്റെ ദുരനുഭവം. ഉടുമ്പന്‍ചോല താലൂക്കില്‍ ശാന്തന്‍പാറ വില്ലേജില്‍, കോച്ചറ കള്ളിപ്പാറ ഭാഗത്ത് കൃഷിക്കാരനായിരുന്ന ദേവസ്യ കൊണ്ടാട്ടുപറമ്പിലിന്റെ ചെറുമകനാണ് സജീവ് സെബാസ്റ്റിയന്. ദേവസ്യയുടെ കൈവശത്തിലിരുന്ന, ജന്മി കുടിയാന് വ്യവസ്ഥയില്‍ കൃഷി ചെയ്തുപോന്ന നാലര ഏക്കര്‍ സ്ഥലത്തിന് പട്ടയം അനുവദിക്കുന്നതിനായി 1995 മുതല്‍ നിരവധി അപേക്ഷകള്‍ ഉടുമ്പന്‍ചോല വില്ലേജില്‍ 2018 ല്‍ തൊടുപുഴ ലാന്‍ഡ്ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു (എസ്.എം നം. 28/18). നിരവധി നടപടിക്രമങ്ങള്‍ക്കുശേഷം 2019 ഡിസംബറില്‍ സര്‍വ്വേ നമ്പര്‍ 65 ല്‍ റീസര്‍വ്വേ നമ്പര്‍ 83/2 ല്‍ പെട്ട 4.43 ഏക്കറിന് ക്രയവിക്രയ സര്ട്ടിഫിക്കറ്റനുവദിച്ചു. എന്നാല്‍ 2020-2021 വര്‍ഷത്തെ കരമടയ്ക്കാന്‍ ചതുരംഗപ്പാറ വില്ലേജില്‍ എത്തിയ സജീവനെ കാത്തിരുന്നത് മറ്റൊരു കുരുക്കായിരുന്നു. ഇപ്പറഞ്ഞ ഭൂമിയില്‍ 2010 മുതല്‍ കരമടയ്ക്കുന്നുവെന്ന അവകാശവാദം ഉന്നയിച്ച് അലക്സ് പി. ചാക്കോ എന്നയാള്‍ രംഗപ്രവേശം ചെയ്തു. എന്നു മാത്രമല്ല ഭൂമി വാങ്ങിയത് അന്നമ്മ മാത്യു, കല്ലിശ്ശേരി, ചിങ്ങവനം എന്നയാളില്‍ നിന്നുമാണെന്ന് വാദിച്ചു. യാഥാര്‍ത്ഥ്യം തേടിയുള്ള സജീവന്റെ യാത്ര ഇവിടെ നിന്നാണ് ആരംഭിച്ചത്. തന്മൂലം ഒരു വലിയ ഭൂമിതട്ടിപ്പിന്റെ അവശേഷിക്കുന്ന ചില രേഖകളും ആധികാരികമായ വസ്തുതകളും കൈപ്പിടിയിലൊതുക്കുവാന്‍ സജീവനു കഴിഞ്ഞു.
പവര്‍ ഓഫ് അറ്റോര്‍ണി എന്ന വ്യാജ രേഖ എ.എസ്. അഴഗണന്‍ ചെട്ടിയാരുടെ മകനായ എ. അഴഗണന്റെ 150 ഏക്കറോളം വരുന്ന ഭൂമി കൈമാറ്റം ചെയ്യപ്പെട്ടത് വ്യാജരേഖകളുടെ മേമ്പൊടിയോടെ ചമയ്ക്കപ്പെട്ട പവര്‍ ഓഫ് അറ്റോര്‍ണി വഴിയാണ്. മുസ്ലിംലീഗ് നേതാവായ പി.എച്ച്. ഷാജഹാന് എന്ന വ്യക്തിക്ക് ആനി എന്ന സ്ത്രീ പവര്‍ ഓഫ് അറ്റോര്‍ണി നല്കിയിരിക്കുന്നു. എ. അഴഗണന്റെ ഭാര്യയാണ് ആനി എന്നാണ് പവര്‍ ഓഫ് അറ്റോര്‍ണിയില്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍ എ.എസ്. രംഗസ്വാമിയുടെ മകനും തമിഴ്നാട് രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും, ഇന്ത്യന്‍ കമന്റേറ്ററുമായിരുന്ന ആര്. ബാലു അഴഗണന്റെ ഭാര്യയാണ് ആനി. ആനിയും പി.എച്ച്. ഷാജഹാനും തമ്മിലുള്ള കരാര്‍ പ്രകാരം അഴഗണന്റെ വസ്തുക്കളില്‍ 55 ഏക്കര്‍ ഭൂമി അബ്ദുള്‍ ഖാദര്‍, പാല റൂട്ടില്‍, കൊല്ലക്കടവ് എന്ന വ്യക്തിക്ക് നല്‍കാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. അബ്ദുള്‍ഖാദറിന്റെ പേരിലേക്ക് വസ്തു തീറുനടത്തി പോക്കുവരവ് ചെയ്തതായിട്ടുള്ള ഒരു രേഖയും നിലവിലില്ല. എന്നു മാത്രവുമല്ല ഈ ഭൂമി അന്നമ്മ മാത്യു ഉള്‍പ്പെടെ പല പേരുകളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടതായി വ്യക്തമാകുന്നു. വിവരാവകാശ നിയമപ്രകാരം ഉടുമ്പന്‍ചോല സബ്രജിസ്ട്രാര്‍ ഓഫീസില്‍നിന്നും ലഭ്യമായ മറുപടി, എ. അഴഗണന്റെ പേരിലുള്ള 55 ഏക്കര്‍ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതിന് ആധാരമായ വില്പ്രതം, പവര്‍ ഓഫ് അറ്റോര്‍ണി തിരിച്ചറിയല്‍ രേഖകള്‍ ഒന്നുംതന്നെ ഓഫീസില്‍ ലഭ്യമല്ല എന്നാണ്. ആനി വിദേശ വനിതയാണ്. ആനിയുടെ തിരിച്ചറിയല്‍ രേഖകളെ പറ്റിയോ, എ. അഴഗണന്റെ ഭാര്യയാണെന്നതിനുള്ള രേഖകളോ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ കാണിക്കാത്തതിനാല്‍ ആനിയുടെ പേരില്‍ ആള്‍മാറാട്ടം നടന്നു എന്ന് വ്യക്തം. ടി. അബ്ദുള്‍ ഖാദറുമായുള്ള വില്‍പ്പന ഉടമ്പടി, തുക എന്നിവയെപ്പറ്റി യാതൊരു രേഖയുമില്ല. ഈ 55 ഏക്കര്‍ വസ്തു ചതുരംഗപ്പാറ വില്ലേജില്‍, ഏതു ബ്ലോക്കില്‍, ഏത് തണ്ടപ്പേര് നമ്പറില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നും ആരുടെ പേരിലുള്ള പട്ടയവും പട്ടയനമ്പറുമാണെന്നും പവര്‍ ഓഫ് അറ്റോര്‍ണിയില്‍ രേഖപ്പെടുത്തിയിട്ടില്ല. പവര്‍ ഓഫ് അറ്റോര്‍ണിയില്‍ പറഞ്ഞിട്ടുള്ള ടി. അബ്ദുള്‍ഖാദറിന് പകരം അന്നമ്മ മാത്യു എന്നയാള്‍ക്ക് ആധാരം നടത്തി സബ്രജിസ്ട്രാര്‍ ഓഫീസ് അധികാര ദുര്‍വിനിയോഗം നടത്തിയതായി വ്യക്തമാണ്. അലക്സ് ചാക്കോയുടെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ഉടുമ്പന്‍ചോല സബ്രജിസ്ട്രാര്‍ ഓഫീസില്‍നിന്നും ലഭ്യമായി. അതു പരിശോധിച്ചശേഷം ആകെ 158 ഏക്കര്‍ വസ്തുക്കള്‍ ഉണ്ടെന്നും, ഇതില്‍ സി.എ. മാത്യു, ബാബുനിവാസ്, നട്ടാശ്ശേരി എന്നയാള്‍ക്ക് ബാധ്യത ഉള്ളതായും കണ്ടെത്തി. സി.എ. മാത്യു അന്നമ്മ മാത്യുവിന്റെ ഭര്‍ത്താവും കോട്ടയം ബാബു എന്ന് ആ പ്രദേശത്ത് അറിയപ്പെടുന്ന ആളുമാണ്.
ഉടുമ്പന്‍ചോല വില്ലേജില്‍ 524, 525, 528, 529, 532, 533 എന്നീ തണ്ടപ്പേരുകളില്‍ നിലനില്‍ക്കുന്ന 680 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ തണ്ടപ്പേരുകള് നിര്‍മ്മിച്ച്, ചതുരംഗപ്പാറ വില്ലേജില്‍ ചേര്‍ത്ത് കൈമാറ്റങ്ങള്‍ നടത്തുകയും, വ്യാജരേഖകള്‍ക്ക് നിയമസാധുത നല്കി അഴിമതി നടത്തുകയും ചെയ്ത, വളരെ പ്രബലമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ-ഭൂമാഫിയയുടെ തട്ടിപ്പിന്റെ ഒരധ്യായം മാത്രമാണ് എ. അഴഗണന്റെ 55 ഏക്കര്‍ ഭൂമിയുടെ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെ പുറത്തുവരുന്നത്.
2012 ല്‍ ചതുരംഗപ്പാറ വില്ലേജില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 680 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട തണ്ടപ്പേര് കണക്ക്, ബിടിആര്‍ തുടങ്ങി സകല രേഖകളും കത്തി നശിച്ചു. തീവെച്ചു നശിപ്പിച്ചു എന്ന് പറയുന്നതാവും ശരി. രേഖകളെല്ലാം ഭസ്മമായ സ്ഥിതിക്ക് രക്ഷപ്പെടേണ്ടവര് രക്ഷപ്പെട്ടുകഴിഞ്ഞു. തീവെപ്പു കേസില്‍ പ്രതിയായ രാജാക്കാട് സ്വദേശി പി.ഡി. ദേവസ്യക്ക്, എ. അഴഗണന്റെ 158 ഏക്കര്‍ വസ്തുവില്‍പ്പെട്ട 10 ഏക്കറോളം ഭൂമി സ്വന്തമായുണ്ട് എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ വേണ്ടത്ര വ്യക്തമാണല്ലോ.
സജീവ് സെബാസ്റ്റിയന് 4.43 ഏക്കര്‍ ഭൂമിക്ക് ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് ലഭ്യമായി എന്നു പറയുമ്പോള്‍തന്നെ അതേ മൂലതണ്ടപ്പേരില് അവശേഷിക്കുന്ന 675.66 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നുള്ളതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. ഇതിന്റെ ഉടമസ്ഥര്‍ എന്നവകാശപ്പെടുന്ന നെടുമ്പാറ എസ്റ്റേറ്റ്, പാലാ എസ്റ്റേറ്റ്, കാവുങ്കല്‍ എസ്റ്റേറ്റ്, ഐഡിയല്‍ എസ്റ്റേറ്റ്, സെന്റ് ജോര്‍ജ് എസ്റ്റേറ്റ് എന്നിവയുടെ രേഖകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടോ എന്നതാണ് ചോദ്യം. മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണിയുടെ സഹോദരന് എം.എം. ലംബോദരനും ഏക്കറുകണക്കിന് ഭൂമിയിലാണ് ഉടമസ്ഥാവകാശം ഉള്ളത്. ഉപ്പാര് വേലി അടക്കം പലതും മറിച്ചുവിറ്റെങ്കിലും ഇനിയും എത്രയോ ഏക്കര്‍ ഭൂമി വിവിധ സ്വകാര്യ വ്യക്തികളുടെ അധീനതയില്‍ കൃത്യമായ രേഖകളുടെ അഭാവത്തില്‍ ഉണ്ടെന്നുള്ളതിനെപ്പറ്റിയും അന്വേഷണം ആവശ്യമാണ്.
ഇടുക്കി ജില്ലയില്‍ എല്ലാ താലൂക്കുകളിലും ഡിജിറ്റല്‍ സര്‍വ്വേ നടത്തി ഭൂമിയുടെ യഥാര്‍ത്ഥ സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുമെന്നും, ഭൂമാഫിയ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടുമെന്നുമൊക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവേശത്തോടെ പറഞ്ഞത്. രാജാക്കാട്, രാജകുമാരി, പൂപ്പാറ, ഖജനാപാറ തുടങ്ങിയ വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വ്വേ നടന്നുകഴിഞ്ഞിട്ടും, എന്തുകൊണ്ടാണ് ഉടുമ്പന്‍ചോല, ചതുരംഗപാറ, ശാന്തന്‍പാറ തുടങ്ങിയ വില്ലേജുകല്ലേക്ക് ഡിജിറ്റല്‍ സര്‍വ്വേ എത്തിപ്പെടാത്തതെന്ന് മുഖ്യമന്ത്രി പറയണം. ഇടുക്കി ജില്ലയിലെ ഒരു വില്ലേജും ഒഴിവാക്കാതെ ഡിജിറ്റല്‍ സര്‍വ്വേ നടത്തണം. സര്‍ക്കാരിതര അന്വേഷണ ഏജന്‍സി മുഖേന അന്വേഷണം നടത്തണം. എന്നാല്‍, ഈ അന്വേഷണത്തെ മുഖ്യമന്ത്രിയും ഭരണകക്ഷിയും കോണ്‍ഗ്രസ്സും ഒരേപോലെ ഭയപ്പെടുന്നു. അതിനാല്‍ സത്യം പുറത്തുവരാനും, ഒരു തുണ്ടു ഭൂമിക്കുവേണ്ടി കാത്തിരിക്കുന്ന പാവം മനുഷ്യരുടെ കിടപ്പാടമെന്ന സ്വപ്നം സഫലീകൃതമാകാനും ഇനിയുമേറെ കാത്തിരിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: