പി.ഐ. ശങ്കരനാരായണന്
മലയാളത്തില്‍ ഒരു ശൈലിയുണ്ട് – ”ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും!” എന്ന്. ഈ ശൈലി, രാമായണത്തിലൂടെ, മറ്റു പലതിന്റെയും കൂട്ടത്തില്‍ എഴുത്തച്ഛനാണ് നല്‍കിയത്. പറയുന്നത് ഹനുമാനാണ്, കേള്‍ക്കുന്നത് സുഗ്രീവനും. സഖ്യം ചെയ്തനുസരിച്ച് സുഗ്രീവന് വേണ്ടതെല്ലാം ശ്രീരാമന് ചെയ്തുകൊടുത്തിട്ടുണ്ട് ബാലിയില്‍ നിന്ന് രാജ്യവും ഭാര്യയും കൈവന്ന് സുഗ്രീവന് സീതാദേവിയെ കണ്ടെത്തുന്നതിലും വീണ്ടെടുക്കുന്നതിലും ഉത്സാഹിച്ചേ പറ്റൂ.
പക്ഷേ, സംഭവിച്ചതെന്താണ്? അധികാരം കിട്ടിയ സുഗ്രീവന് എല്ലാം മറന്നിരിക്കുന്നു. മദ്യപാനത്തിലും കാമകേളിയിലും മറ്റും മുഴുകിയിരിപ്പാണ് സുഗ്രീവന്. മന്ത്രി സത്തമനായ ഹനുമാന് അത് സഹിക്കാന്‍ കഴിയുന്നില്ല. അപ്പോഴാണ് ഈ മഹദ് വാക്യം പുറത്തുവരുന്നത്.
”പ്രത്യുപകാരം മറക്കുന്ന പുരുഷന്
ചത്തതിനൊക്കുമേ ജീവിച്ചിരിക്കും!”
സത്യപരാക്രമിയായ ശ്രീരാമന് കോപിച്ചാല്‍ കിഷ്കിന്ധയുടെ നാശമായിരിക്കും ഫലം എന്നു ഹനുമാന് വളരെ ഗൗരവത്തോടെ രാജാവിനെ ഓര്‍മ്മിപ്പിച്ചു. അപ്പോള്‍ ഏതോ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഞെട്ടിയുണര്‍ന്നു, കുറ്റബോധത്താല്‍ പിടയുന്ന മനസ്സോടെ ഹനുമാനെ ആശ്ലേഷിച്ചു. സുഗ്രീവന് പറയുകയാണ്.
”ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ
പൃഥ്വീശനാപത്തുമെത്തിക്കുകയില്ലല്ലോ”
ഉത്തമന്മാരായ മന്ത്രിമാരുണ്ട് ഉപദേശിക്കാനെങ്കില് രാജാവിനോ രാജ്യത്തിനോ ഒരാപത്തും ഉണ്ടാവില്ല. സുഗ്രീവന് ഉടനെ സത്യപാലനത്തില്‍ ശ്രദ്ധാലുവായി; സീതയെ വീണ്ടെടുക്കുന്നതില്‍ പൂര്‍ണസമര്‍പ്പണത്തോടെ ശ്രീരാമനെ സഹായിക്കുന്നവനുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: