കോഴിക്കോട്: ലൗ ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം നേതാവ് ജോര്‍ജ് എം. തോമസിന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. വിദ്യാഭ്യാസമുള്ള വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചു ഐ.എസിലേക്കടക്കം റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന് ജോര്‍ജ് എം തോമസ് പ്രസ്താവന നടത്തയിരുന്നു. ഇത്തരം നീക്കത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണെന്നും പാര്‍ട്ടി രേഖ മുന്‍ നിര്‍ത്തി അദേഹം പറഞ്ഞു. ഇതിനെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
രാജ്യത്തിലിന്നോളം വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിര്‍ത്തും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജമാഅത്തെ ഇസ്ലാമിയെ ലൗ ജിഹാദ് പോലുള്ള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേര്‍ത്തു വെക്കുന്നത് ബോധപൂര്‍വമാണെന്ന് വക്കീല്‍ നോട്ടീസില്‍ ജമാ അത്തെ ഇസ്ലാമി പറഞ്ഞു. രാഷ്‌ട്രീയ ലാഭം ലക്ഷ്യം വെച്ച് സമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചാണ് ജോര്‍ജ് എം. തോമസിന്റെ പ്രസ്താവനയെന്നും നോട്ടീസ് ആരോപിക്കുന്നു.
ഷെജിന്റെയും ജോയ്ത്സ്‌നയുടേയും വിവാഹം മത സൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാക്കി. മതസ്പര്‍ദ്ദയുണ്ടാക്കി എന്നകാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജോര്‍ജ് തോമസ് കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തി.
ജോര്‍ജ് തോമസിന്റെ പ്രസ്താവന നാക്ക് പിഴയെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനന്റെ വിശദീകരണം. ഡിവൈഎഫ്‌ഐ നേതാവ് ഷിജിന്‍ ഒളിച്ചോടിയത് ശരിയായില്ല, ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്നും പി. മോഹനന്‍ അറിയിച്ചു.
പിശക് പറ്റിയെന്ന് ജോര്‍ജ്ജ് തോമസ് തന്നെ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ലൗ ജിഹാദ് വിഷയം സിപിഎം പൊതു സമീപനത്തിന് വിരുദ്ധമാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ്. കോടഞ്ചേരിയില്‍ ഈ വിവാഹം മുന്‍ നിര്‍ത്തി പാര്‍ട്ടിക്കെതിരായ പ്രചാരണം നടക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ആരെ വേണമെങ്കിലും വിവാഹം ചെയ്യാം. വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഇത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎമ്മിന്റെ രാഷ്‌ട്രീയ വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിവാഹത്തില്‍ ലൗ ജിഹാദില്ല. ഷെജിനെതിരെ നടപടി പരിഗണനയില്‍ ഇല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: