ന്യൂദല്‍ഹി : വിദേശ നിര്‍മ്മിത വാക്സിനുകളേക്കാള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിനുകളാണ് മികച്ചതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല. മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ക്ക് മറ്റ് വാക്സിനുകളേക്കാള്‍ ഫലപ്രാപ്തിയുണ്ടെന്നും അവ മികച്ച സംരക്ഷണം നല്‍കുന്നുണ്ടെന്നും പൂനാവാല പറഞ്ഞു.
വിദേശ നിര്‍മ്മിത വാക്സിനുകളായ ഫൈസര്‍, മോഡേണ എന്നിവയേക്കാള്‍ മികച്ചത് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ തന്നെയാണ്. കൊറോണ വൈറസിനെതിരെ അവ മികച്ച സംരക്ഷണം നല്‍കുന്നുണ്ട്. ഫൈസറും മോഡേണയും രാജ്യത്ത് വിതരണം ചെയ്യാത്തത് നല്ല തീരുമാനമാണ്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആളുകള്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് വരെ എടുത്തിട്ടും കൊറോണ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതല്ല സ്ഥിതി. ഇവിടെ രോഗബാധ വളരെ കുറവാണെന്ന് പൂനാവാല വ്യക്തമാക്കി.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന് 80 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു കഴിഞ്ഞു. 10 കോടിയോളം വാക്സിനാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഇപ്പോള്‍ കൊറോണ വ്യാപനം കുറഞ്ഞിരിക്കുകയാണ്, അതുകൊണ്ട് തന്നെ വാക്സിന്റെ ആവശ്യകതയും കുറഞ്ഞു.
ചില രാജ്യങ്ങളില്‍ എംആര്‍എന്‍എ വാക്സില്‍ നല്‍കിയത് മൂലം നിരവധി ആളുകള്‍ സൈഡ് ഇഫക്റ്റ് കാരണം ആശുപത്രിയില്‍ ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. ആ രാജ്യങ്ങള്‍ കോവിഡിനെതിരെ ആവശ്യമുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പൂനാവാല നേരത്തെ പ്രശംസിച്ചിരുന്നു. ഇത് ഭാവിയില്‍ വന്നേക്കാവുന്ന മഹാമാരി ഇല്ലാതാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടാം ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള സമയപരിധി കുറയ്ക്കാനും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഒന്‍പത് മാസത്തില്‍ നിന്ന് ആറ് മാസമാക്കി കുറയ്ക്കണമെന്നാണ് പൂനാവാല ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: