തിരുവനന്തപുരം: ലൗ ജിഹാദ് ബിജെപിയുടെ നുണ ബോംബാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ലൗ ജിഹാദ് വാദം ബിജെപി ആരോപിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. വിവാഹം വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആരു വന്നാലും അതിനെ ചെറുക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.
നിരവധി നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
ഡിവൈഎഫ്ഐ നേതാവായ ഷെജിനും ജോയ്സന്യും തമ്മിലുള്ള വിവാഹത്തിന് ശേഷമാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്. എസ്ഡിപിഐ പോലുള്ള സംഘടനകള്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥിനികളെ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം നേതാവ് ജോര്‍ജ് എം.തോമസ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തി. അതിനുള്ള ഉദാഹരണങ്ങള്‍ കേരളത്തില്‍ എമ്പാടും ഉയര്‍ന്നുവന്നിട്ടുള്ളതാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ഇരുവരുടേയും വിവാഹം മത സൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാക്കി. മതസ്പര്‍ദ്ദയുണ്ടാക്കി എന്നകാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജോര്‍ജ് തോമസ് പരാമര്‍ശം കഴിഞ്ഞ ദിവസം നടത്തി.
ജോര്‍ജ് തോമസിന്റെ പ്രസ്താവന നാക്ക് പിഴയെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനന്റെ വിശദീകരണം. ഡിവൈഎഫ്ഐ നേതാവ് ഷിജിന് ഒളിച്ചോടിയത് ശരിയായില്ല, ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്നും പി. മോഹനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: