തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് വിഷു കൈനീട്ടം നൽകുന്നതിനെ പോലും ചിലർ രാഷ്‌ട്രീയമായി വക്രീകരിക്കുന്നുവെന്ന് സുരേഷ് ഗോപി എം പി. ബിജെപി കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ബൂത്ത് തല പ്രവർത്തകരുടെ സംഗമത്തിൽ വിഷു കൈനീട്ടം നൽകുകയായിരുന്നു അദേഹം.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ എത്തുന്ന കുട്ടികൾക്ക് വിഷു കൈനീട്ടം നൽകാനായി മേൽശാന്തിയെ ഒരു രൂപയുടെ ആയിരം നോട്ടുകൾ ഏൽപിച്ചുവെന്നും ആ നോട്ട് നൽകേണ്ടെന്ന നിലാടിലാണ് ക്ഷേത്രഭരണ സമിതിയിലെ ചിലരെന്നും സുരേഷ് ഗോപി പറഞ്ഞു. അവർ നോട്ടിലെ ഗാന്ധിജിയുടെ ചിത്രത്തെ മോദിയുടെ ചിത്രമായി കാണുകയാണ്. ഒരു രൂപനോട്ടുപോലും അവരുടെ ഉറക്കം കെടുത്തുന്നു. അവർ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണ്. ആ പൊട്ടക്കിണറുകൾ ശുചീകരിക്കേണ്ട സമയം ആയി എന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു കുഞ്ഞ് ജനിച്ച് വീഴുന്നത് കുടുംബത്തിലാണെങ്കിലും അവൻ മുതിർന്ന് അന്നം നേടുന്നതിന്റെ ഒരു ഭാഗം രാജ്യത്തിനും കൂടി വേണ്ടിയാകുമ്പോഴാണ് ഒരു രാജ്യ സ്നേഹി ജനിക്കുന്നത്. സബ് കാ സാഥ് സബ് കാ വികാസ് എന്നതിൽ നിന്നും എല്ലാവരുടെയും സന്തോഷമാണ് മോദി ഭരണം ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം എട്ടിന് തൃശൂരിൽ ആരംഭിച്ച വിഷുവാരാചാരണം തൃശൂർ ജില്ലയിലെ 32000 പേർക്ക് കൈ നീട്ടം നൽകിയിട്ടുണ്ട്. അതിൽ 75 ശതമാനവും കുഞ്ഞുങ്ങളാണ്. റിസർവ് ബാങ്കിൽ നിന്നും പ്രത്യേകം എത്തിച്ച ഒരു രൂപ നോട്ടുകളാണ് വിഷു കൈ നീട്ടമായി നൽകുന്നത്.
ബി ജെ പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അഡ്വ. ബി.ജി. വിഷ്ണു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മേഖലാ ജനറൽ സെക്രടറി ചെമ്പഴന്തി ഉദയൻ, സംസ്ഥാന സമിതി അംഗം ചെറുവയ്‌ക്കൽ ജയൻ, ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. വി.ജി. ഗിരികുമാർ, വെങ്ങാനൂർ സതീശീഷ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ആർ.എസ് രാജീവ്, മണ്ഡലം നേതാക്കളായ മണികണ്ഠൻ, സുനിൽ കുമാർ, ശ്യാം , അനൂപ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: