കുമരകം: നെല്‍ കര്‍ഷകന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് ശക്തമായി വേനല്‍ മഴ ചെയ്തിറങ്ങിയതോടെ കൊയ്തെടുക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തിലായി. കൊയ്ത്ത് തുടങ്ങേണ്ട പാടങ്ങളിലും കൊയ്ത്ത് കഴിയേണ്ട പാടങ്ങളിലും കൊയ്ത്ത് യന്ത്രമിറക്കാനാകാതെ വലയുകയാണ്. തൊഴിലുറപ്പു ജോലി വ്യാപകമായതോടെ കാര്‍ഷികരംഗത്തു നിന്നും തൊഴിലാളികള്‍ പിന്മാറിയത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി.
വിളഞ്ഞ നെല്ല് വീണടിഞ്ഞു കിളിര്‍ത്തു തുടങ്ങി. വിളവെത്താറായെ നെല്ല് വെള്ളത്തില്‍ കിടന്ന് ചീഞ്ഞു നശിക്കുകയാണ്. കൊയ്ത് കഴിഞ്ഞ നെല്ല് കിട്ടുന്ന വെയിലത്ത് നിരത്തി ഉണങ്ങി സംഭരണക്കാരെത്തുന്നതും കാത്തിരിക്കുകയാണ് കര്‍ഷകര്‍. ഇനിയും കൊയ്യാനുള്ള പാടങ്ങളില്‍ കൊയ്ത്ത് യന്ത്രം താഴുന്നതാണ് പ്രധാന പ്രശ്നം. അഞ്ചു ദിവസത്തോളം മഴ മാറി നല്ല വെയില് ലഭിച്ചാലെ ഇനിയുള്ള ഒട്ടുമിക്ക പാടങ്ങളിലും യന്ത്രക്കൊയ്ത്ത് പുനരാരംഭിക്കാനാകൂ. കുമരകം കൃഷി ഭവന്റെ കീഴിലുള്ള പത്ത് പങ്ക് പാടത്തെ കര്‍ഷകരാണ് ഏറ്റവും നാശനഷ്ടങ്ങള്‍ അനുഭവിക്കുന്നത്. ഇവിടെ കൊയ്ത്ത് ആരംഭിച്ചെങ്കിലും തുടരാനായില്ല.
വീണടിത്തു കിടക്കുന്ന നെല്ല് കൊയ്യാന്‍ യന്ത്രം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. മെത്രാന് കായല്‍, പൊന്മാന് തുരുത്ത്, കുഴി കണ്ടം തൈയ്ക്കു പുറം, കാക്കനാട്ട് നൂറ്, നാല്പതില് തുടങ്ങി നൂറു കണക്കിന് ഏക്കറുകള്‍ കൊയ്ത്തിനായി ഒരുങ്ങി മഴ മാറാന്‍ കാത്തു കിടക്കുകയാണ്. ശക്തമായ മഴയില്‍ വീണടിഞ്ഞു കിളിര്‍ത്ത നെല്ല് കൊയ്യാനാകാതെ ഉപേക്ഷിക്കുകയായിരുന്നു കര്‍ഷകര്‍. കൃഷി നാശത്തിലും തളരാതെ ഉടന്‍ പുഞ്ച കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് കൊയ്ത്ത് തുടങ്ങാന്‍ ഒരു മാസത്തോളം സമയം ഉണ്ട്. മഴയുടെ ശക്തി കൂടിയാല്‍ ഇവിടയും കര്‍ഷകള്‍ ഇരട്ടി നഷ്ടം നേരിടേണ്ടി വരും. എംഎന്‍. ബ്ലോക്ക്, വെളിയം തുടങ്ങിയ പാടങ്ങളില്‍ കൊയ്ത്ത് പൂര്‍ണ്ണമായില്ല. അയ്മനത്ത് വട്ടക്കായല്‍ തട്ടേപ്പാടം, കോഴിപുഞ്ച, മള്ളൂര്പാടം തുടങ്ങി 101 ഹെക്ടറിലെ നെല്ല് മഴയെ തുടര്‍ന്ന് കൊയ്യാനാകാതെ കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. ഇവിടെ മറ്റ് നാലു പാടശേഖരങ്ങള്‍ കൂടി കൊയ്യാറാകുകയാണ്.
പുഞ്ച (വേനല്‍)കൃഷിയുടെ അവസ്ഥയിതാണെങ്കില്‍ വര്‍ഷ കൃഷിയിറക്കിയാല്‍ എങ്ങനെ വിളവെടുപ്പു നടത്തും എന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: