വടകര: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും 12 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പ് കോടതിയില്‍ ഹര്‍ജി നല്കി. ഡിവൈഎഫ്ഐ സമരത്തിന്റെ ഭാഗമായി 2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫിസിലെ ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത കേസിലാണ് നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചിരുന്നു. ഈ വിധി നടപ്പാക്കാനാണ് ഹര്‍ജി.
പെട്രോളിയം വില വര്‍ധനയുമായി ബന്ധപെട്ടു ഡിവൈഎഫ്ഐ നടത്തിയ അക്രമത്തില്‍ ജനാല ചില്ലുകള്‍, എച്ച്സി എല്‍ കിയോക്സ് മെഷീന്, ബോര്‍ഡുകള്‍, ടെലിഫോണ്‍, ജനാല ഗ്ലാസുകള്‍ മുതലായവ തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയോളം മന്ത്രിയടക്കം 12 ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍നിന്നും ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. 2014 ല്‍ വിധി വന്നിട്ടും പണമടക്കാന്‍ ഇവര്‍ തയ്യാറായില്ല. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2017 നവംബറില്‍ ഒന്‍പതിന് അത് തള്ളിയിരുന്നു. എന്നാല്‍ കോടതിവിധി പ്രകാരം ഇവര്‍ പണം അടക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വിധി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു തപാല്‍ വകുപ്പ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വിധി വന്നു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പണം അടക്കാത്തതിനാല്‍ വിധി കാലയളവ് മുതല്‍ 18 ശതമാനം പലിശയടക്കം ഈടാക്കി പ്രതികളെ തടവില്‍ പാര്‍പ്പിച്ചു നഷ്ടവും അടക്കം 3,80,943 രൂപ ഈടാക്കിത്തരണമെന്നാണ് തപാല്‍ വകുപ്പ് കോടതിയോടാവശ്യപ്പെട്ടത്. മന്തിയായ റിയാസ് പൊതുമരാമത്ത് മന്ത്രിയായ സാഹചര്യത്തില്‍ വിധി നടപ്പിലാക്കുന്നത് നീട്ടികൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നു ആക്ഷേപമുണ്ട്.
മുഹമ്മദ് റിയാസിനൊപ്പം എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ. രാജീവന്, ടി. അനില്‍കുമാര്‍, പി.കെ. അശോകന്, കെ.എം. മനോജന്, കെ.കെ. പ്രദീപന്, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാര്‍, എപി പ്രജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ബാങ്ക് ജീവനക്കാരും അദ്ധ്യാപകരും ഉള്‍പ്പെടെ നല്ല സാമ്പത്തിക സ്ഥിതിയിലുള്ള പ്രതികള്‍ പണം അടക്കാത്ത സാഹചര്യത്തില്‍ പ്രതിഛായക്ക് മങ്ങല്‍ ഏല്‍കുന്നതിനാല്‍ സാമ്പത്തിക സമാഹരണം എങ്ങിനെ നടത്തണമെന്ന ആലോചനയിലാണ് പാര്‍ട്ടിയും എന്നാണ് വിവരം. ഇതോടനുബന്ധിച്ചു പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസിനാണ് മുഹമ്മദ് റിയാസ് ഹാജരായികൊണ്ടിരിക്കുന്നത്. ഇതിലും സമാനമായ വിധിക്ക് സാധ്യത ഉണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: