തൃശ്ശൂര്‍: വിഷുപ്പുലരിയില്‍ പൊന്‍കണിയൊരുക്കാനും വിപണിയിലേക്കുമായി വിളവെടുപ്പിന്റെ തിരക്കിലാണ് വെള്ളരിപ്പാടങ്ങള്‍. പലയിടത്തും ഒരേക്കറിലധികം വരുന്ന പാടത്താണ് കര്‍ഷകര്‍ വെള്ളരി കൃഷി ചെയ്തിട്ടുള്ളത്. പലരും കഴിഞ്ഞ ദിവസം വിളവെടുപ്പ് നടത്തി വീട്ടില്‍ സംഭരിച്ചു കഴിഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ കച്ചവടക്കാര്‍ക്ക് വെള്ളരി എത്തിച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.
കഴിഞ്ഞ രണ്ടു വര്‍ഷവും വിഷു ആഘോഷം കാര്യമായിട്ടുണ്ടായിരുന്നില്ല. വിഷുവിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ വെള്ളരിക്ക് വിലയിടിഞ്ഞത് കര്‍ഷകരെ വലച്ചിരുന്നു. കിലോഗ്രാമിന് 8 മുതല്‍ 10 രൂപ വരെയായിരുന്നു മിക്കയിടങ്ങളിലും വില ഈടാക്കിയിരുന്നത്. കൂടാതെ വെള്ളരിക്ക് ചെറുകിട കച്ചവടക്കാര്‍ക്കിടയില്‍ വലിയ ഡിമാന്റും ഉണ്ടായിരുന്നില്ല. ഇതിനാല്‍ പലരും മൊത്ത വ്യാപാരികള്‍ക്ക് ചെറിയ വിലയ്ക്കാണ് വെള്ളരി നല്‍കിയത്. വിഷു കഴിഞ്ഞും വളരെയധികം വെള്ളരിക്ക ബാക്കിയുണ്ടായിരുന്നതായി കര്‍ഷകര്‍ പറയുന്നു. ഇത്തവണ വേനല്‍ക്കാല പച്ചക്കറികൃഷി നടത്തുന്നവരെല്ലാം തന്നെ വെള്ളരിക്കയും വന്‍തോതിലാണ് ഇറക്കിയിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും വിഷുവിന് പൊന്‍തിളക്കം വരികയും ചെയ്തതോടെ ഇപ്രാവശ്യം വെള്ളരിക്കയ്ക്ക് നല്ലവില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
കീടനാശിനിയും രാസവളവും ഉപയോഗിക്കാതെ പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് ഭൂരിഭാഗം കര്‍ഷകരും വെള്ളരിക്ക കൃഷി ചെയ്തിട്ടുള്ളത്. വിഷുക്കാലത്ത് പച്ചക്കറി വിപണിയില്‍ ഉണ്ടാകുന്ന വലിയ സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാടം പാട്ടത്തിനെടുത്തും വെള്ളരിക്ക കൃഷി നടത്തിയിട്ടുണ്ട്. കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേനയാണ് വെള്ളരിയുടെ വിപണി കണ്ടെത്തുന്നതെന്ന് കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ പറയുന്നു.
വിഷുവിനോടനുബന്ധിച്ച് നടത്തുന്ന ആഴ്ചച്ചന്തയിലും കണിവെള്ളരിക്ക് നല്ലരീതിയില്‍ വില്‍പ്പന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: