തൃശ്ശൂര്‍: വിഷു-ഈസ്റ്റര്‍ അടുത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാക്കുന്നു. അരി, പലചരക്ക്, പച്ചക്കറി, ഇറച്ചി എന്നിവയ്ക്കെല്ലാം വില കൂടിയിട്ടുണ്ട്. പാചക വാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധനവിന് പുറമേ അവശ്യ സാധനങ്ങള്‍ക്കും വില കൂടിയായപ്പോള്‍ സാധരണക്കാരുടെ ജീവിതം ദുരിതത്തിലായി.
ഈയാഴ്ച വിഷുവും ഈസ്റ്ററും കൂടിയെത്തുന്നതോടെ വില ഇനിയും ഉയരും. 15ന് ദുഃഖവെള്ളി ദിവസമാണ് ഇത്തവണ വിഷു. 17ന് ഈസ്റ്ററും. ഈസ്റ്റര്‍ നോമ്പിന് പിന്നാലെ റംസാന് വ്രതവും കൂടി ആരംഭിച്ചതോടെ പച്ചക്കറി, അരി, പഴവര്‍ഗങ്ങള്‍, ഇറച്ചി എന്നിവയുടെ വില ഗണ്യമായി വര്‍ദ്ധിക്കുകയായിരുന്നു. പച്ചക്കറി വിപണിയില്‍ പല ഇനങ്ങള്‍ക്കും വില വര്‍ദ്ധിച്ചു. എല്ലാ ഇനങ്ങള്‍ക്കും 25-30 ശതമാനം വരെ വില കൂടിയിട്ടുണ്ട്. പല കടകളിലും വ്യത്യസ്ത വിലകളാണ് പച്ചക്കറികള്‍ക്ക് ഈടാക്കുന്നത്.
പച്ചക്കറികളും പഴവര്‍ഗങ്ങളും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഇന്ധന വില വര്‍ധനവ് കാരണം ലോറികളിലും മറ്റും സാധനങ്ങള്‍ എത്തിക്കാനുള്ള ചെലവ് ഇരട്ടിയാക്കിയതായി വ്യാപാരികള്‍ പറയുന്നു. പാചകവാതകം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ബസ് ചാര്‍ജ്, ഓട്ടോ ചാര്‍ജ് എന്നിവയുടെ വിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വര്‍ദ്ധനവാണ് കച്ചവടക്കാരെ വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പലചരക്ക് സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഒരാഴ്ചക്കിടയില്‍ 10 മുതല്‍ 50 രൂപ വരെയാണ് പല സാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുന്നത്. കോഴിയിറച്ചി വില കുതിച്ചുയരുകയാണ്. 100 രൂപയുണ്ടായിരുന്ന വില 150ലേക്കെത്തി. ഈസ്റ്റര്‍, റംസാന്, വിഷു തുടങ്ങിയ ഉത്സവാഘോഷങ്ങളോട് ബന്ധപ്പെട്ട് കോഴി വില ഉയരുന്നത് പതിവാണെങ്കിലും ഇത്തവണ വില വര്‍ദ്ധന അനിയന്ത്രിതമാണെന്ന് വ്യാപാരികള്‍ പറയുന്നു.
കൊവിഡ് മഹാമാരിക്കുശേഷം കരകയറാന്‍ ശ്രമിക്കുന്ന ജനത്തിന് വിലക്കയറ്റം വലിയ പ്രതിസന്ധിയായിരിക്കുകയാണ്. പാചകവാതക വിലവര്‍ദ്ധന അടുക്കള ബജറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതും സാധാരണക്കാര്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിട്ടുള്ളത്.പണിയെടുത്ത് കിട്ടുന്ന കൂലി മുഴുവന്‍ പെട്രോള്‍ പമ്പിലും കടയിലും കൊടുക്കാനേ ഉള്ളൂവെന്ന് സാധാരണക്കാര്‍ പറയുന്നു. മാസാവസാനം കടം വാങ്ങി മുന്നോട്ട് പോകേണ്ട ഗതികടാണ്. നീക്കിയിരിപ്പിനൊന്നും കിട്ടുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ എങ്ങനെ ജീവിക്കുമെന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: