കാബൂള്‍: പാകിസ്താന് സേനയും താലിബാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, പ്രശ്നം നയതന്ത്രത്തിലൂടെ പരിഹരിക്കുമെന്ന് താലിബാന് ശനിയാഴ്ച അറിയിച്ചു. നിംറോസ് പ്രവിശ്യയിലെ ചാഹര്‍ ബുര്‍ജക് ജില്ലയിലാണ് സംഭവങ്ങളുടെ തുടക്കം.
അടുത്തിടെ നിംറോസ് പ്രവിശ്യയില്‍ പാകിസ്ഥാന് സേനയുടെ ഹെലികോപ്റ്ററിന് നേരെ താലിബാന് വെടിയുതിര്‍ത്തിരുന്നു. ഇതില്‍ തിരിച്ചടിക്കാനായി പാകിസ്താന് സേന തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. അതിനു പിന്നാലെയാണ് താലിബാന് പ്രതികരിച്ചത്. പാകിസ്താനുമായുള്ള അതിര്‍ത്തി സംഘര്‍ഷം നയതന്ത്രത്തിലൂടെ പരിഹരിക്കുമെന്ന് താലിബാന് ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി പറഞ്ഞു. ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ഒരു പാക് സൈനിക ജനറലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
‘ഇസ്ലാമിക് എമിറേറ്റ് എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്, ഒരു തരത്തിലുള്ള പിരിമുറുക്കത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇസ്ലാമിക് എമിറേറ്റ്സ് ഉദ്യോഗസ്ഥര്‍. എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെയും ധാരണയിലൂടെയും പരിഗണിക്കും. താലിബാന് ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘ അതേസമയം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിക്കുന്നു. പക്ഷേ ഇതിനെക്കുറിച്ച് പാകിസ്താന് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: