വടക്കാഞ്ചേരി : തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വാനിൽ വെടിക്കെട്ടിന്റെ ദ്യശ്യവിസ്മയമൊരുക്കുന്നതിന്റെ നേതൃത്വം ഒരു വീട്ടമ്മക്ക്. പരമ്പരാഗത വെടിക്കെട്ടുകാരനായ കുണ്ടന്നൂർ പന്തലങ്ങാട്ട് വീട്ടിൽ സുരേഷി (44)ന്റെ ഭാര്യ എം.എസ്. ഷീനസുരേഷാ (41)ണ് പെസോയുടെ പ്രത്യേക ലൈസൻസ് നേടി ഇത്തവണ പൂരങ്ങളുടെ പൂരത്തിന് തിരുവമ്പാടി ദേശത്തിനു വേണ്ടി കരിമരുന്നിന്റെ വിസ്മയം തീർക്കാൻ നേതൃത്വം നൽകുന്നത്.
വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകൾ വെടിക്കെട്ടു ജോലികളിൽ സഹായികളായി എത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരു വനിത വലിയൊരു വെടിക്കെട്ടിനു ലൈസൻസ് എടുക്കുന്നത്. വീട്ടമ്മയായ ഷീന ഭർത്താവ് സുരേഷിനെ സഹായിക്കാനാണ് കരിമരുന്ന് നിർമ്മാണ ജോലികളുടെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. കാൽ നൂറ്റാണ്ടായി മേഖലയിൽ സജീവ സാന്നിദ്ധ്യമായ വീട്ടമ്മ കുഴി മിന്നലിന്റെ തൊട്ടികൾ , വാനിൽ വിരിയുന്ന പാരച്യൂട്ട് കുടയുടെ രൂപകൽപന എന്നിവ ഉണ്ടാക്കുന്നതിൽ മികവിന്റെ പ്രതീകമാണ്.
കഴിഞ്ഞ ദിവസമാണ് തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി പെസോയുടെ ഉത്തരവിറങ്ങിയത്. ഗുണ്ട്, കുഴി മിന്നൽ, മാലപ്പടക്കം, അമിട്ട് എന്നിവയ്‌ക്കാണ് അനുമതിയുള്ളത്. ഇപ്പോൾ വിഷു ആഘോഷത്തിനുള്ള പടക്കങ്ങൾ പൊതിയുന്നതിന്റെ തിരക്കിലാണ് ഷീനയും സഹപ്രവർത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: