സര്‍ക്കാരിന്റെ കാലാവധി തികയ്ക്കാതെ ഒരു പാകിസ്ഥാന് പ്രധാനമന്ത്രിക്കുകൂടി ഭരണത്തില്‍നിന്ന് പുറത്തുപോകേണ്ടി വന്നിരിക്കുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും, ദേശീയ അസംബ്ലി പിരിച്ചുവിടുകയും ചെയ്ത് അധികാരത്തില്‍ തുടരാന്‍ ഇമ്രാന് ഖാന് നടത്തിയ എല്ലാ ശ്രമങ്ങളും പാ
കിസ്ഥാന്‍ സുപ്രീംകോടതിയുടെ ഇടപെടലോടെ പരാജയപ്പെടുകയായിരുന്നു. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍-എന്‍ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്തുവന്നിരിക്കുകയാണ്. ഇപ്പോഴത്തെ നിലയ്ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുള്ള ഷെഹബാസ് പ്രധാനമന്ത്രിയാവാനാണ് എല്ലാ സാധ്യതയും. അധികാരത്തില്‍നിന്നു പുറത്തായി അഴിമതിക്കേസില്‍ ജയിലിലാവുകയും ജാമ്യം ലഭിച്ച് രാജ്യം വിടുകയും ചെയ്ത നവാസ് ഷെരീഫ് ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. ഇമ്രാന് അധികാരത്തിനു പുറത്തായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന വ്യക്തി ഷെരീഫായിരിക്കും. ഷെരീഫിന്റെ വിധി തന്നെയാണ് ഇമ്രാനെയും കാത്തിരിക്കുന്നത്. അധികാരത്തിനു പുറത്ത് രാഷ്ട്രീയമായി അതിജീവിക്കാന്‍ ഇമ്രാന് വളരെയൊന്നും കഴിയില്ല. അതിനുള്ള നേതൃശേഷിയോ ജനപിന്തുണയോ ഇപ്പോള്‍ ഇമ്രാനില്ല. മാത്രമല്ല, ഇമ്രാനും അധികാരം പോയ മന്ത്രിമാരും രാജ്യം വിടുന്നത് വിലക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അനുകൂല തീരുമാനമുണ്ടായാല്‍ ഇക്കൂട്ടര്‍ ജയിലിലാവുമെന്ന് ഉറപ്പാണ്. സ്ഥിതിഗതികള്‍ അവിടേക്കു തന്നെയാണ് പുരോഗമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലേറിയതിനു ശേഷമാണ് ഇമ്രാന് ഖാന് പാകിസ്ഥാന്റെ ഭരണാധികാരിയാവുന്നത്. ഭാരതത്തോടുകുറച്ചൊക്കെ അനുകൂല സമീപനം പുലര്‍ത്തിയ നവാസ് ഷെരീഫിനെ പുറന്തള്ളി ഇമ്രാന് പ്രധാനമന്ത്രിയായത് നരേന്ദ്ര മോദിക്ക് വലിയ തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇമ്രാന് വാഗ്ദാനം ചെയ്ത ‘നയാ പാകിസ്ഥാന്’ മോദിയോടും ഭാരതത്തോടും പകരം വീട്ടുമെന്നായിരുന്നു തല്പരകക്ഷികള് പ്രചരിപ്പിച്ചത്. മോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മണി ശങ്കരയ്യരെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പാകിസ്ഥാന് സന്ദര്‍ശിക്കുകവരെ ചെയ്തു. പാകിസ്ഥാനില്‍ പോയി ആ രാജ്യത്തിന്റെ കരസേനാ മേധാവിയുമായി ഐക്യം പ്രഖ്യാപിക്കുകയാണ് മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് ചെയ്തത്. ഭാരതത്തിനെതിരായ ഒരു കളിയും വിജയിച്ചില്ലെന്നു മാത്രമല്ല, ഇമ്രാന് കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്തു. രാജ്യാന്തര വേദികളില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനും ഭാരതത്തിനു കഴിഞ്ഞു. നരേന്ദ്ര മോദിയെ പുറത്താക്കാന്‍ ഇമ്രാന്റെ സഹായം തേടിയവര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. കാരണം അവര്‍ പുറത്താക്കാന്‍ ആഗ്രഹിച്ചയാള്‍ കൂടുതല്‍ ജനപിന്തുണ നേടി അധികാരത്തില്‍ തുടരുന്നു. മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് കൂട്ടുപിടിച്ചയാള്‍ തന്നെ സ്വന്തം രാജ്യത്ത് അധികാരത്തിന് പുറത്തായിരിക്കുന്നതില്‍ ഒരുതരം മധുരപ്രതികാരമുണ്ട്. ഇത് ഇനി വരുന്ന പാക് ഭരണാധികാരികള്‍ക്കും അതിര്‍ത്തിക്കിപ്പുറത്തെ അവരുടെ പിണിയാളുകള്‍ക്കും ഒരു പാഠമാണ്.
തന്റെ മുന്‍ഗാമികളെപ്പോലെ മതവികാരമുണര്‍ത്തിയും, ഭാരത വിരുദ്ധ വികാരം ശക്തിപ്പെടുത്തിയും അധികാരത്തിന്റെ അസ്ഥിവാരമുറപ്പിക്കാനാണ് ഇമ്രാന് ഖാനും ശ്രമിച്ചത്. ചൈനയുടെ കയ്യിലെ കളിപ്പാവയായി മാറിയ ഇമ്രാന് ഭാരതത്തിനെതിരെ കഴിയാവുന്നതൊക്കെ ചെയ്തു. കശ്മീരിന് ബാധകമായിരുന്ന ആര്‍ട്ടിക്കിള്‍ 370 മോദി സര്‍ക്കാര്‍ റദ്ദാക്കിയപ്പോഴും, അഫ്ഗാനിസ്ഥാനില്‍ താലിബാന് വാഴ്ച തിരിച്ചെത്തിയപ്പോഴും, ഏറ്റവുമൊടുവില്‍ റഷ്യ-
ഉക്രൈന് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴും ചൈനക്കൊപ്പം നിന്ന് ഭാരതത്തെ ഒറ്റപ്പെടുത്താനും ദ്രോഹിക്കാനുമാണ് ഇമ്രാന്ഖാന് നോക്കിയത്. ഇതേ മാന്യന് തന്നെയാണ് സ്വന്തം അധികാരത്തിന് ഇളക്കം തട്ടുന്നു എന്നു വന്നപ്പോള്‍ ഭാരതത്തെയും ഭാരതത്തിന്റെ വിദേശ നയത്തെയും പ്രശംസിക്കാന്‍ തുടങ്ങിയത്. ഭാരതത്തോട് ഇത്രയേറെ സ്നേഹമാണെങ്കില്‍ അങ്ങോട്ടു പോയ്ക്കൂടേ എന്നു ഇമ്രാനോട് പ്രതിപക്ഷം ചോദിക്കുന്ന സ്ഥിതി വരെ എത്തി. പാകിസ്ഥാന് പരാജയപ്പെട്ട രാഷ്ട്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ അധികാരമാറ്റവും ആ രാജ്യത്ത് ഗുണപരമായ ഒരു പരിവര്‍ത്തനവും കൊണ്ടുവരില്ല. പാ
കിസ്ഥാനിലെ ജനാധിപത്യം എക്കാലത്തും ഒരു പ്രഹസനമാണ്. ആര് ഭരിക്കണമെന്ന് സൈന്യം തീരുമാനിക്കും. ഇമ്രാന് സൈന്യത്തിന് അനഭിമതനായി തീര്‍ന്നിരുന്നു എന്ന വാര്‍ത്തകള്‍ പാകിസ്ഥാനില്‍നിന്ന് പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. മതഭരണത്തില്‍നിന്ന് പുറത്തുവരികയും, പിറവിയില്‍തന്നെ ഒപ്പമുള്ള ഭാരത വിരോധം കയ്യൊഴിയുകയും ചെയ്താലല്ലാതെ പാകിസ്ഥാന് രാഷ്ട്രീയ സ്ഥിരത കൈവരിക്കാനാവില്ല. അടുത്തകാലത്തൊന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതാനുമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: