കോഴിക്കോട്: ‘കേരളത്തെ വീണ്ടെടുക്കാന്‍ കേളപ്പജിയിലേക്ക് മടങ്ങുക’ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേളപ്പജി-ഉപ്പ് സത്യഗ്രഹയാത്രയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് കോഴിക്കോട്ട് നിര്‍വ്വഹിച്ചു. മുതലക്കുളം മൈതാനത്തെ വേദിയില്‍ ദേശീയ പതാക കോസ്റ്റ്ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ഡോ. പ്രഭാകരന് പലേരിക്ക് കൈമാറിയാണ് ഗവര്‍ണര്‍ യാത്ര ഉദ്ഘാടനം ചെയ്തത്.
1930 ഏപ്രില്‍ 13ന് കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലെ ഉളിയത്തുകടവ് കടപ്പുറത്തേക്ക് കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന യാത്രയുടെ പുനരാവിഷ്കരണമാണ് അമൃത് മഹോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. കേരളഗാന്ധി കെ. കേളപ്പന്റെ അര്‍ദ്ധകായ പ്രതിമയും വഹിച്ചുകൊണ്ടായിരിക്കും 75 കേന്ദ്രങ്ങള്‍ സ്പര്‍ശിച്ചുകൊണ്ടുള്ള 142 കിലോമീറ്റര്‍ യാത്ര.
ഉദ്ഘാനച്ചടങ്ങില് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. അമൃതോത്സവ സംഘാടക സമിതി ചെയര്മാന് റിട്ട. ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ് ആശംസയര്‍പ്പിച്ചു. കേളപ്പജിയുടെ പൗത്രന് നന്ദകുമാര്‍ മൂടാടി, ശിഷ്യനും സ്വാതന്ത്ര്യസമര സേനാനിയുമായ തായാട്ട് ബാലന്, കെ. മാധവന്നായരുടെ പൗത്രി പി. സിന്ധു എന്നിവരെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു. പി.പി. ശ്രീധരനുണ്ണി കേളപ്പജിയെ കുറിച്ച് എഴുതി വേദ ബുക്സ് പ്രസിദ്ധീകരിച്ച കാവ്യം ‘കാഹളം’, കേളപ്പജിയുടെ ജീവിതത്തെ ആധാരമാക്കി പ്രശാന്ത്ബാബു കൈതപ്രം രചിച്ച് കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച നോവല്‍ ‘സത്യാന്വേഷിയും സാക്ഷിയും’, കേസരി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘കേരളഗാന്ധി കെ. കേളപ്പന്’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. ആര്‍ട്ടിസ്റ്റ് മദനന് വരച്ച കേളപ്പജിയുടെ ചിത്രം ഡോ. പ്രഭാകരന് പലേരി ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. അമൃതോത്സവ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അനൂപ് കുന്നത്ത് സ്വാഗതവും കണ്‍വീനര്‍ പി.ആര്. ഗുരുസ്വാമി നന്ദിയും പറഞ്ഞു.
യാത്രയുടെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതികേന്ദ്രങ്ങളിലൂടെ ജ്യോതിപ്രയാണം നടക്കും. 12ന് വൈകിട്ട് 5.30ന് കോന്നാട് കെ.പി. കേശവമേനാന്‍ ശവകുടീരത്തില്‍ സ്വാതന്ത്ര്യ സ്മൃതി ജ്യോതിസംഗമം നടക്കും. 13ന് രാവിലെ 8.30ന് തളി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന യാത്ര 142 കിലോമീറ്റര്‍ പിന്നിട്ട് 23ന് വൈകിട്ട് നാലിന് പയ്യന്നൂര്‍ ഗാന്ധി മൈതാനത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: