മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ മികച്ച രണ്ട് ടീമുകളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഒരു വിജയം പോലും നേടാന്‍ കഴിയാതെ വിഷമിക്കുകയാണ്. ഇതോടെ ഈ രണ്ട് ടീമുകളെയും നയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും രവീന്ദ്ര ജഡേജയ്ക്കും മുഖം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ്.
ചെന്നൈ നാല് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായിട്ടുണ്ടെങ്കില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ ചാമ്പ്യന്മാരായി. നാല് തവണയാണ് ഈ രണ്ട് ടീമുകളും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്. എന്നാല്‍ ഈ ഐപിഎല്ലിലെ ആദ്യ നാല് കളികളിലും ഇരു ടീമുകളും തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
രണ്ട് ടീമുകളും തകര്‍ച്ചയെ നേരിടുകയാണ്. ഇതോടെ പ്ലേ ഓഫില്‍ എത്തുക എന്ന ലക്ഷ്യം കൂടി ഇരുടീമുകള്‍ക്കും നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, ഇപ്പോഴത്തെ പ്രകടനമനുസരിച്ച് രണ്ട് ടീമുകള്‍ക്കും ഇനി ഒരു ഐതിഹാസിക മടങ്ങിവരവ് അസാധ്യമാണ്. ഇനി രണ്ടു ടീമുകളെയും വിലയിരുത്താം
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഇക്കഴിഞ്ഞ നാല് കളികളില്‍ ശിവം ദുബെ (112 റണ്‍സ്) ആണ് ബാറ്റ്സ്മാന് എന്ന നിലയില്‍ ചെന്നൈയില്‍ തിളങ്ങിയിരിക്കുന്നത്. ബൗളര്‍ എന്ന നിലയില്‍ വെയ്ന്‍ ബ്രാവോയും (ആറ് വിക്കറ്റ്).
ബൗളിംഗിലും ബാറ്റിംഗിലും ചെന്നൈ ദയനീയ പരാജയമാണ്. ഇക്കുറി ലേലം വിളിയില്‍ തുടങ്ങി ചെന്നൈയുടെ പരാജയം എന്ന് പറയപ്പെടുന്നു. മികച്ച ഓപ്പണറായ ഫാഫ് ഡു പ്ലെസിസിനെ ലേലത്തിലെടുക്കാന് കഴിയാത്തത് ചെന്നൈയ്ക്ക് പിഴച്ചു.
ലഖ്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ മാത്രമാണ് ചെന്നൈ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.- 210 റണ്‍സ്. മറ്റെല്ലാ കളികളിലും സ്കോര്‍ പടുത്തുയര്‍ത്തുന്നതില്‍ ചെന്നൈ പരാജയപ്പെട്ടു- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 131 റണ്‍സും പഞ്ചാബ് കിംഗ്സിനെതിരെ 126 റണ്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ 154 റണ്‍സുമാണ് നേടാനായത്. മാത്രമല്ല, ലഖ്നോ സൂപ്പര്‍ ജയന്റ്സിനെതിരെ 210 റണ്‍സ് പടുത്തുയര്‍ത്തിയിട്ടും എതിരാളികളെ കുറഞ്ഞ സ്കോറിന് പുറത്താക്കാന്‍ കഴിയാത്തത് ചെന്നൈയുടെ ബൗളിംഗ് മേഖലയിലെ ദൗര്‍ബല്യമാണ് പുറത്തുകൊണ്ടുവന്നത്. മികച്ച ബാറ്റിംഗ് പുറത്തെടുക്കുമെന്ന ചെന്നൈ പ്രതീക്ഷിച്ചിരുന്ന റുതുരാജ് ഗെയ്ക് വാദ് തികഞ്ഞ പരാജയമായി. 2021ലെ ഓറഞ്ച് ക്യാപ് വാങ്ങിയ ബാറ്റ്സ്മാന് ആകെ നാല് മത്സരത്തില്‍ നിന്നും എടുത്തത് 18 റണ്‍സ് മാത്രമാണ്. റോബിന് ഉത്തപ്പയെ ഓപ്പണിംഗിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചതും ഫലം കണ്ടില്ല.
ബൗളിംഗില്‍ ദീപക് ചാഹറിന്റെ അസാന്നിധ്യം എതിരാളികളുടെ ആദ്യ വിക്കറ്റുകള്‍ എടുക്കുന്നതില്‍ നിന്നും ചെന്നൈയെ തടയുന്നു. മറ്റ് ബൗളര്‍മാര്‍ തികഞ്ഞ പരാജയമാണ്. ഫീല്‍ഡിംഗിലും ചെന്നൈ ഏറെ പിഴവുകള്‍ വരുത്തുന്നു.
ഇനി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ മൂന്ന് ഡിപാര്ട്ട്മെന്റുകളില് (ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗും) കാതലായ മാറ്റം വരുത്താന്‍ ചെന്നൈയ്ക്ക് സാധിക്കുമോ എന്നത് സംശയമാണ്. ഇതോടെ ക്യാപറ്റന് എന്ന നിലയില്‍ രവീന്ദ്ര ജഡേജ പരാജയമാകുകയാണ്.
മഹേന്ദ്രസിങ്ങ് ധോണി നാല് തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ ഐപിഎല്‍ കിരീടത്തിലേക്ക് എത്തിച്ചത്. ഒമ്പത് തവണ ധോണി ചെന്നൈയെ ഐപിഎല്‍ ഫൈനലിലും 11 തവണ പ്ലേ ഓഫിലും എത്തിച്ച ക്യാപ്റ്റനാണ്. ആ ധോണിയുടെ റോള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ രവീന്ദ്ര ജഡേജയ്ക്ക് ഏറെ സംശയങ്ങളുണ്ടായിരുന്നു. 2012 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനോടൊപ്പമുണ്ടായിരുന്ന താരമാണ് രവീന്ദ്ര ജഡേജ. അതിനാല്‍ ധോണിയുടെ തന്ത്രങ്ങളെല്ലാം ജഡേജയ്ക്ക് ഹൃദിസ്ഥമാണ്. മാത്രമല്ല കളിക്കാരനായി ധോണി ഒപ്പമുണ്ടുതാനും. ഇനി എന്തെങ്കിലും കിരീട സാധ്യത നിലനിര്‍ത്തണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരിച്ചുവന്നേ മതിയാവൂ. അടുത്ത മത്സരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായാണ്.
തൂടര്‍ച്ചയായി നാല് തവണ തോല്‍ക്കുക എന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ചരിത്രത്തില്‍ ആദ്യമാണ്. നാല് തവണ തോറ്റ ഒരു ടീമിന് മത്സരത്തിലേക്ക് മടങ്ങിവരിക എന്നത് അസാധ്യം തന്നെയാണ്. മാത്രമല്ല പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്ഥാനം. വ്യക്തിപരമായി ബാറ്റ്സ്മാന് എന്ന നിലയില്‍ ഒടുവിലത്തെ മത്സരത്തില്‍ രവീന്ദ്ര ജഡേജ പ്രകടനം പുറത്തെടുത്തുവെങ്കിലും പൊതുവേ പരാജയമാണ്. ക്യാപ്റ്റന്‍ എന്ന രീതിയില്‍ ടീമിനെ പ്രചോദിപ്പിക്കുന്നതിലും ജഡേജ പരാജയപ്പെടുകയാണ്.
മുംബൈ ഇന്ത്യന്‍സ്
മുംബൈ ഇന്ത്യന്‍സില്‍ ഇഷാന് കിഷന് ആണ് ബാറ്റ്സ്മാന് എന്ന നിലയില്‍ തിളങ്ങിയത് (175 റണ്‍സ്). ബൗളര്‍ എന്ന നിലയില്‍ ടൈമല്‍ മില്‍സ് ബൗളര്‍ എന്ന നിലയില്‍ ആറ് വിക്കറ്റെടുത്ത് തിളങ്ങി. എന്നാല്‍ രണ്ട് കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് തളരുകയാണ്- മധ്യനിര ബാറ്റിംഗിലും ബൗളിംഗിലും.
ഓപ്പണിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ്മ തികഞ്ഞ പരാജയമാണ്. ഒരു കളിയില്‍ 41 റണ്‍സെടുത്തത് മാത്രമാണ് എടുത്തു പറയാനുള്ളത്. തിലക് വര്‍മ്മയും സൂര്യകൂമാര്‍ യാദവും ഒരുവിധം തിളങ്ങുന്നു. എങ്കിലും കിരണ്‍ പൊള്ളാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ നല്ല പ്രകടനം പുറത്തെടുത്താലേ ഇനി രക്ഷയുള്ളൂ.
ബൗളിംഗ് ഡിപാര്ട്മെന്റില് ജസ്പ്രിത് ബുംറയും ടൈമല്‍ മില്‍സുമാണ് പ്രകടനം കാഴ്ചവെയ്ക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പിന്തുണ നല്കാന് മികച്ച ബൗളര്‍മാരില്ല. ജോഫ്ര ആര്‍ച്ചറെ സ്വന്തമാക്കാന്‍ പണം ചെലവഴിച്ചെങ്കിലും പരിക്ക് കാരണം കളിക്കാന്‍ കഴിയുന്നില്ല.
ടീമിനെ ക്യാപ്റ്റന്‍ എന്ന നിലയില്‍ മുന്നില്‍ നയിക്കുന്നതിലും തന്ത്രങ്ങള്‍ പുറത്തെടുക്കുന്നതിലും രോഹിത് ശര്‍മ്മ പരാജയപ്പെടുകയാണ്. സ്വന്തം നിലയില്‍ ബാറ്റ്സ്മാന് എന്ന നിലയില്‍ തിളങ്ങാനും സാധിക്കുന്നില്ല. ഐപിഎല്ലിലെ തോല്‍വി കുറെ നാളത്തേക്ക് രോഹിത് ശര്‍മ്മയുടെ കരിയറിനെ വേട്ടയാടും. തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: