ഹൈഡ്രോ എന്നാല്‍ ജലം. ജന്‍ എന്നാല്‍ ജനിപ്പിക്കുന്നത്. അങ്ങനെയാണ് ജലത്തെ ജനിപ്പിക്കുന്ന വാതകത്തെ ലോകം ഹൈഡ്രജന്‍ എന്നു വിളിച്ചത്. ഭൂഗോളത്തില്‍ സമൃദ്ധമായി കാണപ്പെടുന്ന ഈ വാതകം ഇന്ന് പ്രതീക്ഷയുടെ പര്യായമാണ്. മലിനമായ ഫോസില്‍ ഇന്ധനങ്ങളെ തുരത്തി ശുദ്ധമായ ഊര്‍ജം പ്രദാനം ചെയ്യുന്ന വാതകം എന്ന നിലയില്‍, ശുദ്ധമായ ആ ഹൈഡ്രജനെ വിളിക്കുന്നത് ഗ്രീന്‍ ഹൈഡ്രജന്‍ അഥവാ ഹരിത ഹൈഡ്രജന്‍ എന്ന്. അവന്റെ വരവോടെ ആഗോളതാപനത്തിനും കാലാവസ്ഥാ മാറ്റത്തിനും തടയിടാനാവുമെന്ന് ശാസ്ത്രലോകം കരുതുന്നു.
1766 ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ കാവന്റിഷ് കണ്ടെത്തിയ ഹൈഡ്രജന് അപാരമായ വ്യാവസായിക പ്രാധാന്യമാണുള്ളത്. വ്യവസായം മുതല്‍ ഊര്‍ജോല്‍പ്പാദനത്തിലും കൃഷിയിലും വരെ. കൃഷിയിലെ അടിസ്ഥാന വളമായ അമോണിയ നിര്‍മിക്കാന്‍ പോലും ഹൈഡ്രജന്‍ കൂടിയേ തീരൂ. പക്ഷേ അയാളെ ഉണ്ടാക്കിയെടുക്കാന്‍ ഏറെ പണച്ചെലവുണ്ട്. അതിന് ഒരുപാട് വൈദ്യുതി വേണം. ആ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പുറത്തുചാടുന്ന ഗ്രീന്‍ഹൗസ് മലിനവാതകങ്ങളെ സഹിക്കുകയും വേണം.
പക്ഷേ അത് പറഞ്ഞിട്ട് കാര്യമില്ല. ഫോസില്‍ ഇന്ധനമെന്ന് പേരിട്ട് വിളിക്കുന്ന കല്‍ക്കരിയും പെട്രോളുമൊക്കെ കളമൊഴിയേണ്ട കാലം കഴിഞ്ഞു. അവയെ ഒഴിവാക്കിയുള്ള വൈദ്യുതി വേണം. ആ വൈദ്യുതികൊണ്ട് ഗ്രീന്‍ ഹൈഡ്രജന്‍ ഉണ്ടാക്കണം. കാരണം ഭാവിയുടെ ഇന്ധനമാകുന്നു, ഗ്രീന്‍ ഹൈഡ്രജന്‍. അതുകൊണ്ടാണ് ശാസ്ത്രലോകം പറയുന്നത്-ഹൈഡ്രജന്‍ വരും; എല്ലാം ശരിയാകും.
പലതരം ഹൈഡ്രജന്‍ അവതാരങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ആദ്യത്തേത് ഗ്രീന്‍ ഹൈഡ്രജന്‍. പിന്നെയുള്ളവയുടെ പേരുകള്‍ ഇങ്ങനെ-ബ്ലൂ ഹൈഡ്രജന്‍, ഗ്രേ ഹൈഡ്രജന്‍, പിങ്ക് ഹൈഡ്രജന്‍. ഹൈഡ്രജനെ ഉണ്ടാക്കിയെടുക്കുന്നത് വൈദ്യുത വിശ്ലേഷണം അഥവാ ഇലക്‌ട്രോളിസിസ് എന്ന പ്രക്രിയിലൂടെയാണ് സാക്ഷാല്‍ വെള്ളത്തെ വൈദ്യുതിശക്തികൊണ്ട് വിഘടിപ്പിച്ച് ഓക്‌സിജനും ഹൈഡ്രജനും ആക്കി മാറ്റിയെടുക്കുന്ന പ്രക്രിയ. പുനരുപയോഗപ്പെടുത്താവുന്ന ഊര്‍ജം ഉപയോഗിച്ച് (കാറ്റ്, സൂര്യന്‍) വൈദ്യുതിയുണ്ടാക്കി, ആ വൈദ്യുതികൊണ്ട് ജലത്തില്‍നിന്ന് ഹൈഡ്രജനെ സ്വതന്ത്രമാക്കുമ്പോള്‍ നാം അതിനെ ‘ഗ്രീന്‍ ഹൈഡ്രജന്‍’ അഥവാ ഹരിത ഹൈഡ്രജന്‍ എന്നു വിളിക്കുന്നു. കാര്‍ബണ്‍ ഉത്സര്‍ജിക്കുന്ന ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, പെട്രോളിയം എന്നിവകൊണ്ടാണ് ഹൈഡ്രജന്‍ നിര്‍മാണത്തിനാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ അതിനെ വിളിക്കുക ‘ഗ്രേ ഹൈഡ്രജന്‍’ എന്ന്. ‘ഗ്രേ’ എന്ന ഇംഗ്ലീഷ് വാക്കിന് വേണമെങ്കില്‍ ‘നരച്ച’ എന്നൊരു തര്‍ജ്ജമയുമാവാം. ലോകത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന ഹൈഡ്രജന്റെ 95 ശതമാനവും ഈ ‘ഗ്രേ’ ഹൈഡ്രജനാണ്.
എന്നാല്‍ ഫോസില്‍ ഇന്ധനംകൊണ്ടാണ് വൈദ്യുതി ഉണ്ടാക്കുന്നതെങ്കിലും ആയതിന് കാര്‍ബണ്‍ ക്യാപ്ചര്‍ ആന്റ് സ്റ്റോറേജ് സംവിധാനം (വൈദ്യുതി ഉത്പാദന പ്രക്രിയയില്‍ പുറത്തുചാടുന്ന ഗ്രീന്‍ഹൗസ് മലിനവാതകങ്ങളെ പിടികൂടി സംഭരിച്ച് സൂക്ഷിക്കാനുള്ള ഏര്‍പ്പാട്) ഉണ്ടെങ്കില്‍ അപ്രകാരം ജനിക്കുന്ന ഹൈഡ്രജനെ ‘ബ്ലൂ ഹൈഡ്രജന്‍’ അഥവാ നീല ഹൈഡ്രജന്‍ എന്നു വിളിക്കും. കാര്‍ബണ്‍ ക്യാപ്ച്ചര്‍ സംവിധാനം ഉണ്ടെങ്കില്‍ കാര്‍ബണ്‍ ഉത്സര്‍ജനം ഉണ്ടായി, അന്തരീക്ഷം മലിനമാവുകയില്ലത്രേ. വൈദ്യുത വിശ്ലേഷണത്തിന് ആവശ്യമായ വൈദ്യുതി ആണവ ഊര്‍ജത്തില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍, ആ വൈദ്യുതി കൊണ്ടുണ്ടാക്കുന്ന ഹൈഡ്രജന്‍ ‘പിങ്ക് ഹൈഡ്രജന്‍’ എന്നറിയപ്പെടും. വൈദ്യുതി നിര്‍മാണം സൗരോര്‍ജത്തിന്റെ സഹായംകൊണ്ടു മാത്രമാണ് നടക്കുന്നതെങ്കില്‍ അങ്ങനെ ജനിക്കുന്ന ഹൈഡ്രജന്‍ ‘യെല്ലോ ഹൈഡ്രജന്‍’ എന്ന് വിളിക്കപ്പെടും…
ഗ്രീന്‍ ഹൈഡ്രജനാണ് ഭാവിയുടെ ഇന്ധനം അവ ഉപദ്രവകാരികളായ ഫോസില്‍ ഇന്ധനങ്ങളെ തുടച്ചുനീക്കുമെന്നു മാത്രമല്ല, കാലാവസ്ഥാ മാറ്റത്തിന് കടിഞ്ഞാണിടുകയും ചെയ്യും. ഹൈഡ്രജന്‍ ഇന്ധനത്തിന് ഫോസില്‍ ഇന്ധനങ്ങളെക്കാള്‍ മൂന്നിരട്ടിവരെ കരുത്തും ക്ഷമതയുമുണ്ട്. അവ പ്രചരിക്കുന്നതോടെ കാലാവസ്ഥാ കരാറുകളിലെ സ്വപ്‌നമായ ‘കാര്‍ബണ്‍ ന്യൂട്രല്‍ ഇക്കണോമി’യിലേക്ക് ലോകം അടുക്കും. വൈദ്യുത വിശ്ലേഷണം നടത്തുമ്പോള്‍ ഉണ്ടാകുന്ന ഉപോല്‍പ്പന്നമായ ഓക്‌സിജന്‍ ആരോഗ്യ-ആശുപത്രി ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യാം.
പക്ഷേ പറയുന്നത്ര എളുപ്പമല്ല ഗ്രീന്‍ ഹൈഡ്രജന്റെ നിര്‍മാണം. വൈദ്യുത വിശ്ലേഷണ പ്രക്രിയയ്‌ക്ക് നല്ല ചെലവ് വരും. പൊട്ടിത്തെറിക്കാന്‍ സദാ തത്പരനായ ഹൈഡ്രജനെ സൂക്ഷിക്കുന്നതും ട്രാന്‍സ്‌പോര്‍ട്ടു ചെയ്യുന്നതും മറ്റൊരു പ്രശ്‌നം. പുനരുപയോഗിക്കാവുന്ന വൈദ്യുതി യഥേഷ്ടം ലഭിക്കുന്ന സ്ഥലങ്ങളും ഹൈഡ്രജന്‍ ഉല്‍പ്പാദന കേന്ദ്രങ്ങളും തമ്മിലുള്ള അകലവും തലവേദന തന്നെ. അതുകൊണ്ടാവാം 2020 ല്‍ ഇലക്‌ട്രോളിസിസിലൂടെ ഉണ്ടാക്കിയ ഗ്രീന്‍ ഹൈഡ്രജന്‍ മൊത്തം ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന്റെ കേവലം 0.03 ശതമാനം മാത്രം ആയിരുന്നത്.
എങ്കിലും 2050 ആകുമ്പോഴേക്കും ലോകത്ത് ആകെ വേണ്ടിവരുന്ന ഗ്രീന്‍ ഹൈഡ്രജന്റെ 18 ശതമാനം ഉണ്ടാക്കിയെടുക്കാനാവുമെന്നാണ് പ്രതീക്ഷ. അത് 30 ദശലക്ഷം തൊഴിലുകള്‍ പ്രദാനം ചെയ്യുമെന്നും ചുരുങ്ങിയത് 2.5 ട്രില്യന്‍ ഡോളര്‍ വരുമാനം നേടിത്തരുമെന്നും കരുതപ്പെടുന്നു.
രാജ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനം 2030 ആകുന്നതോടെ 50 ലക്ഷം ടണ്‍ എന്ന നിലയിലേക്ക് ഉയര്‍ത്തുകയെന്നതാണ് ഭാരത സര്‍ക്കാരിന്റെ നയം. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യവസായശാലകള്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ നിശ്ചിത ശതമാനം പുനരുപയോഗ യോഗ്യമായ വൈദ്യുത സ്രോതസ്സുകളില്‍ നിന്നായിരിക്കണമെന്ന നിബന്ധനയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഗ്രീന്‍ ഹൈഡ്രജന്‍ നയം’ അനുസരിച്ച് ഹൈഡ്രജന്‍ മാത്രമല്ല അമോണിയയും ഈ പദ്ധതിയുടെ ഭാഗമായി ഉല്‍പ്പാദിപ്പിക്കാം. പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി ഈ നയത്തെ നമുക്ക് കാണാനാവും.
ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ അനുസരിച്ച് ഒരു കിലോ ഗ്രീന്‍ ഹൈഡ്രജന്‍ ഉണ്ടാക്കിയെടുക്കാന്‍ വേണ്ട ചെലവ് മൂന്നു മുതല്‍ ഏഴ് ഡോളര്‍ വരെയാണ്. സാധാരണ ഹൈഡ്രജന്‍ നിര്‍മാണത്തിന് കിലോ ഒന്നിന് പരമാവധി മൂന്നു ഡോളര്‍ വരെ ചെലവ് വരുന്നിടത്താണിതെന്ന് നാം ഓര്‍ക്കണം. പക്ഷേ ശാസ്ത്രജ്ഞര്‍ നിരാശരല്ല. വ്യവസായ സംരംഭകര്‍ ഹതാശരുമല്ല. അതുകൊണ്ടാണ് ‘ഷെല്‍ നെതല്‍ലന്റ്’ കമ്പനി ഡച്ച് കടലോരത്ത് കാറ്റിന്റെ സഹായത്തോടെ വൈദ്യുതി ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. ‘ബി.പി’ എന്ന കമ്പനിയാവട്ടെ, ഓസ്‌ട്രേലിയയിലെ തങ്ങളുടെ കൂറ്റന്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്രോജക്ടിന് തുണ കൂട്ടുന്നത് സൗരോര്‍ജത്തെയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2030 ല്‍ ഹരിത ഊര്‍ജംകൊണ്ട് 100 ഗിഗാ വാട്ട് വൈദ്യുതി ഉണ്ടാക്കുമെന്ന് പറയുന്നു. അങ്ങനെ പത്തുവര്‍ഷംകൊണ്ട് ഒരു കിലോ ഗ്രീന്‍ ഹൈഡ്രജന്‍ ഒരു ഡോളര്‍ നിരക്കില്‍ ഉല്‍പ്പാദിപ്പിക്കാനാവുമത്രേ.
കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അതിവേഗം കുറച്ചുകൊണ്ടുവന്ന് അതിതാപനത്തില്‍ നിന്ന് ഭൂഗോളത്തെ രക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് നമ്മുടെ രാജ്യം. ഭാരത സര്‍ക്കാര്‍ 2021 ല്‍ പ്രഖ്യാപിച്ച നാഷണല്‍ ഹൈഡ്രജന്‍ മിഷന്റെ ലക്ഷ്യവും അതുതന്നെയാണ്. ഭാരതത്തെ ഹൈഡ്രജന്‍-ഇന്ധന സാങ്കേതിക വിദ്യയുടെയും നിര്‍മാണത്തിന്റെയും ആഗോള കേന്ദ്ര (ഗ്ലോബല്‍ ഹബ്)മാക്കി മാറ്റുന്നതും ഈ മിഷന്റെ ലക്ഷ്യമാണ്. ലോകത്തെ താപനത്തിന്റെ ഘോരവിപത്തില്‍നിന്ന് രക്ഷിക്കാന്‍ പാരീസ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘പഞ്ചാമൃതം പദ്ധതി’യുടെ ഭാഗമാണിവയൊക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: