വിഘ്നേഷ് ജെ
2022 ലെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് പുറത്തിറക്കിയപ്പോള്‍ ഭാരതത്തിന്റെ വനിതകളുടെ കരുത്തും മുന്നേറ്റവും അതില്‍ ഇടം പിടിച്ചിരുന്നു. ലോക വിപണയില്‍ വമ്പന്മാരോട് പൊരുതി ഇന്ത്യയില്‍ നിന്നുള്ള വനിതകള്‍ പട്ടികയിലേക്ക് മികച്ചചുവട് വെയ്പ്പാണ് നടത്തിയത്. എപ്പോഴത്തെയും പോലെ പട്ടികയില്‍ നമ്മള് കെട്ടിട്ടുള്ള പേരുകളാണ് ഇലോണ്‍ മസ്കും, ജെഫ് ബെസോസും, അംബാനിയും അദാനിയും എല്ലാം.
കോവിഡ് കാലത്തും തങ്ങളുടെ കരുത്ത് തെളിയിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ഫോബ്സ് പട്ടികയില്‍ ഇടം നേടിയത്. 11 ഇന്ത്യന്‍ വനിതകളാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ ഇടം നേടിയത്. മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാണെന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊറോണക്കാലത്ത് വലിയ ദൗത്യങ്ങളാണ് ഇവര്‍ ഏറ്റെടുത്ത്. 17.7 ബില്യണ്‍ ആസ്തിയുള്ള ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സാവിത്രി ജിന്‍ഡാലാണ് ഇവരില്‍ ഒന്നാമതുള്ളത്. ലീന തിവാരി , കിരണ്‍ മജ്ഞംദാര് ഷാ, സ്മിത കൃഷ്ണ, സാറാ ജോര്‍ജ് മുത്തൂറ്റ് തുടങ്ങിവര്‍ ഇന്ത്യയുടെ അഭിമാനമായി മുന്നില്‍ തന്നെയുണ്ട്.
അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ച 11 വനിതകളും അവരെ കുറിച്ചും
1. സാവിത്രി ജിന്‍ഡാല്‍ (ജനനം 20 മാര്‍ച്ച് 1950)
ഇന്ത്യന്‍ വനിതകളില്‍ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമതുള്ളത് ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍. 17.7 ബില്യണ്‍ ആസ്തിയില്‍ 91ാം സ്ഥാനത്ത് സാവിത്രി ദേവി ജിന്‍ഡാലുള്ളത്. ഇന്ത്യന്‍ വ്യവസായിയും രാഷ്ട്രീയക്കാരിയും ആണ്. അവര്‍ ഒ.പി.ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ എമറിറ്റസ് ആയിരുന്നു. അഗ്രോഹയിലെ മഹാരാജ അഗ്രസെന്‍ മെഡിക്കല്‍ കോളേജിന്റെ പ്രസിഡന്റ് കൂടിയാണ് ജിന്‍ഡാല്‍.
ന്യൂദല്‍ഹി ആസ്ഥാനമായുള്ളഇന്ത്യന് സ്റ്റീല്‍ ആന്‍ഡ് എനര്‍ജി കമ്പനിയാണ് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്. ഏകദേശം 40000 കോടിയുടെ വിറ്റുവരവ്. 130000 കോടിയുടെ വിറ്റുവരവുള്ള ജിന്‍ഡാല്‍ ഗ്രൂപ്പ് കൂട്ടായ്മയുടെ ഭാഗമാണ് ജെഎസ്പിഎല്‍. സ്റ്റീല്‍, പവര്‍, മൈനിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയില്‍ ഇന്ത്യയിലെ മുന്‍നിരയില്‍ നില്ക്കുന്ന കമ്പനി.
2. ഫാല്‍ഗുനി നൈക (ജനനം 19 ഫെബ്രുവരി 1963)
ഇന്ത്യന്‍ ബിസിനസുകാരിയും ശതകോടീശ്വരിയും. ഫാഷന്‍ രംഗത്ത് കരുത്ത് തെളിയിച്ച വനിത. സ്വയം പ്രയ്തനം കൊണ്ട് സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച സ്ത്രീ. സ്ഥാനം 637. സൗന്ദര്യ, ഫാഷന്‍ റീട്ടെയില്‍ കമ്പനിയായ നൈകയുടെ സ്ഥാപകയും സിഇഒയുമാണ്. 4.5 ബില്യണ്‍ ആസ്തി.
പത്ത് വര്‍ഷം മുമ്പാണ് ഫാല്‍ഗുനി സ്വന്തം ബിസിനസ് തുടങ്ങുന്നത്. ഇന്‍വസ്റ്റ്മെന്റ് ബാങ്കര്‍ ആയിരുന്നിട്ടും ബാങ്കിങ് രംഗം ഉപേക്ഷിച്ച് ഇകൊമേഴ്സ് ബിസിനസിലേക്ക് തിരിയുകയായിരുന്നു. 4,000ല്‍ അധികം ബ്യൂട്ടി, പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങളാണ് ഇപ്പോള്‍ കമ്പനി വിറ്റഴിക്കുന്നത്. നൈക കോസ്മെറ്റിക്സ്, നൈക നാച്ചുറല്‍സ് തുടങ്ങിയ സ്വന്തം ബ്രാന്‍ഡുകളിലും സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയാണ് ഈ വനിതാ സംരംഭത്തിന്റേത്.
3. ലീന ഗാന്ധി തിവാരി (ജനനം 1956)
മുംബൈ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ബയോടെക്നോളജി കമ്പനിയായ യുഎസ്വി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണ്‍. ഫോര്‍ബ്സ് മാസികയുടെ പട്ടികയില്‍ ഇടയ്ക്കിടെ ഈ പേര് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തവണ അവരുടെ ആസ്തിയും വര്‍ദ്ധിച്ചു.
കോവിഡ് കാലത്ത് ഇവര്‍ ഏറ്റെടുത്ത ദൗത്യങ്ങള്‍ ഇവരെയും കമ്പനിയെയും മുന്നിലെത്തിച്ചു.ഡയബറ്റിക്, ഹൃദയ സംബന്ധമായ മരുന്നുകള്‍, ബയോസിമിലര്‍ മരുന്നുകള്‍, കുത്തിവയ്പ്പുകള്‍, സജീവമായ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ എന്നിവയില്‍ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2019ല്‍ 34 കോടി രൂപ സംഭാവന നല്കി മനുഷ്യ സ്നേഹികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. 4.5 ബില്ലണ് ആസ്തിയോടെ 788 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഇവര്‍.
4. കിരണ്‍ മസുംദാര്‍ ഷാ (ജനനം 23 മാര്‍ച്ച് 1953)
ബാംഗ്ലൂര്‍ ആസ്ഥാനമായ ബയോകോണ്‍ എന്ന ബയോടെക്നോളജി കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും. ഐഐഎം ബാംഗ്ലൂരിന്റെ ഇപ്പോഴത്തെ ചെയര്‍പേഴ്സനുമാണ് കിരണ്‍. ഫോര്‍ബ്സ് മാസികയുടെ ലോകത്തെ എറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലും ഇകണോമിക് റ്റൈംസിന്റെ ബിസിനെസ്സ് പട്ടികയില്‍ മികച്ച 50 സ്ത്രീകളുടെയും പട്ടികയില്‍ നേരത്തെ ഇടം നേടിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള 120 രാജ്യങ്ങളില്‍ വില്‍ക്കുന്ന ജനറിക് ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളാണ് (എപിഐ) കമ്പനി നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ബ്രാന്‍ഡഡ് ഫോര്‍മുലേഷനുകളായി വില്‍ക്കുന്ന നോവല്‍ ബയോളജിക്സും ബയോസിമിലാര്‍ ഇന്‍സുലിനുകളും ആന്റിബോഡികളും ഇത് നിര്‍മ്മിക്കുന്നത് (മരുന്നുകള്‍). ബയോകോണിന്റെ ബയോസിമിലാര്‍ ഉല്‍പ്പന്നങ്ങള്‍ ബള്‍ക്ക് രൂപത്തിലും ഫോര്മുലേഷന് ഫോമുകളിലും നിരവധി വളര്‍ന്നുവരുന്ന വിപണികളില്‍ വിറ്റഴിക്കപ്പെടുന്നു. ഇത് കമ്പനിയുടെ വളര്‍ച്ചയ്ക്കും കാരണമായി. 3.3 ബില്ല്യണ്‍ ആസ്തിയോടു കൂടി 913 റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണിവര്‍.
5. സ്മിത കൃഷ്ണ ഗോദ്രെജ് (ജനനം 1950)
ഗോദ്രെജ് കുടുംബത്തിലെ അംഗം. കുടുംബ ആസ്തികളില്‍ അഞ്ചിലൊന്ന് ഓഹരിയുടെ പങ്കാളി. ഹോം അപ്ലയിന്സില് കൂടുതല്‍ നേട്ടം. നമ്മള് ഗോദ്രെജ് കമ്പനിയുടെ സാധനങ്ങള്‍ വാങ്ങിച്ചിട്ടുണ്ടാകും, പക്ഷേ ഇവരെ കുറിച്ച് അറിയാന്‍ വഴിയില്ല. 1897ല്‍ ഏതാണ്ട് 125 വര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്പനി. പാരമ്പര്യമായി നോക്കി നടത്തുന്നു.
വീട് ഉപകരങ്ങള്‍ കൂടാതെ കൃഷി, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, കെമിക്കല്‍ ഉല്പാദനം അങ്ങനെ നിരവധി മേഘകളില്‍ സാന്നിധ്യം അറിയിച്ചവര്‍. അവരുടെ സഹോദരന് ജംഷിദ് കണ്‍സ്യൂമര്‍ ഗുഡ്സ് സ്ഥാപനമായ ഗോദ്റെജ് ആന്‍ഡ് ബോയ്സ് ഏറ്റെടുത്ത് നടത്തുന്നു.ഭര്‍ത്താവ് വിജയ് കൃഷ്ണയും മകള്‍ നൈരിക ഹോല്‍ക്കറും ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. 2022ലെ ഫോബ്സ് പട്ടിക അനുസരിച്ച് 2.5 ബില്ല്യണ്‍ ആസ്തിയാണ് ഇപ്പോള്‍ ഇവര്‍ക്ക്. 1238 ാം റാങ്കില്‍ അഞ്ചാം സ്ഥാനത്താണിവര്‍.
6. അനു ആഗ (ജനനം 3 ഓഗസ്റ്റ് 1942)
തെര്‍മാക്സ് കമ്പനിയുടെ മുന്‍ ചെയര്പെര്സണ്. ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ എഞ്ചിനീയറിംഗ് കൂട്ടായ്മയാണ്തെര്മാക്സ്. ജലം, മാലിന്യ സംസ്കരണം, രാസവസ്തുക്കള്‍ എന്നിവയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ തെര്‍മാക്സിന്റെ ബിസിനസ് പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്നു. നീരാവി, വൈദ്യുതി ഉല്‍പ്പാദനം, ടേണ്‍കീ പവര്‍ പ്ലാന്റുകള്‍, വ്യാവസായിക, മുനിസിപ്പല്‍ മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, ചൂട് വീണ്ടെടുക്കല്‍ സംവിധാനങ്ങള്‍, വായു മലിനീകരണ നിയന്ത്രണ പദ്ധതികള്‍ എന്നിവയ്ക്കായി വലിയ ബോയിലറുകള്‍ കമ്പനി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും, കമ്മീഷന് ചെയ്യുകയും ചെയ്യതിട്ടുണ്ട്.
1966ല്‍ ആര്.ഡി. ആഗയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ അനു ആഗ കമ്പനിയുടെ ചെയര്‍പേഴ്സണായി. 2007ല്‍ ഫോര്‍ബ്സ് മാസികയുടെ ആസ്തി പ്രകാരം ഏറ്റവും സമ്പന്നരായ 40 ഇന്ത്യക്കാരുടെ ഭാഗമായിരുന്നു അവര്‍. തെര്‍മാക്സില്‍ നിന്ന് വിരമിച്ച ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ തിരിച്ചു. 2010ല്‍ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പത്മശ്രീ നല്കി ഇന്ത്യ ആദരിച്ചു. 2012ല്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അവരെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ആശിഷ് ബന്‍ഡാരിയാണ് കമ്പനിയുടെ ഇപ്പോഴത്തെ എംഡിയും സിഇഒയും. 1.9 ബില്ല്യണ്‍ ആസ്തിയില്‍ ആറാം സ്ഥാനത്താണിവര്‍.
7. മൃദുല പരേഖ്
മുംബൈയിലെ അന്ധേരി ആസ്ഥാനമായുള്ള ഇന്ത്യന്‍ പശ, സീലാന്റ് നിര്‍മ്മാണ കമ്പനിയാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും ഇവര്‍ക്ക് സ്വന്തമാണ്. അതുകൊണ്ട് തന്നെ കമ്പനിയുടെ ലാഭവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. 1959ല്‍ അന്തരിച്ച ബല്‍വന്ത് പരേഖാണ് കമ്പനി സ്ഥാപിച്ചത്.
ബല്‍വന്തിന്റെ മകന് മധുകര്‍ പരേഖാണ് കമ്പനിയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍. പട്ടികയില്‍ 1645 ാം സ്ഥാനത്ത് 1.8 ബില്ല്യണാണ് ഇപ്പോഴത്തെ ആസ്തി. ഫെവി ക്വിക്, ഡോക്ടര്‍ ഫിക്സിറ്റ്, റണിപാല് എന്നിവയാണ് ഇവരുടെ പേരുകേട്ട മറ്റ് ബ്രാന്‍ഡുകള്‍.
8. രാധ വെംമ്പു (ജനനം 1972)
ഇന്ത്യന്‍ സോഫ്റ്റ്വെയര് ഡെവലപ്മെന്റ് കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഉടമ. 1996ല്‍ ശ്രീധര്‍ വെമ്പുവും ടോണി തോമസും ചേര്‍ന്ന് സ്ഥാപിച്ച ഇന്ത്യന്‍ ബഹുരാഷ്ട്ര സാങ്കേതിക കമ്പനിയാണ് സോഹോ കോര്പ്പറേഷന്. ഇന്റര്‍നെറ്റ് അധിഷ്ഠിത ബിസിനസ്സ് ടൂള്‍സാണ് ഇവര്‍ നിര്‍മ്മിക്കുന്നത്.
ചെന്നൈ, തമിഴ്നാട് എന്നിവിടങ്ങളില്‍ ആഗോള ആസ്ഥാനവും, ടെക്സാസിലെ ഡെല്‍ വാലെയിലെ ഓസ്റ്റിന്‍ പുറത്ത് കോര്‍പ്പറേറ്റ് ആസ്ഥാനവുമായി ഏഴ് സ്ഥലങ്ങളില്‍ ഇവര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1.7 ബില്ല്യണ്‍ ആസ്തിയില്‍ 1729 ാം സ്ഥാനത്താണിവര്‍.1996 മുതല്‍ 2009 വരെ അഡ്വെന്റ് നെറ്റ് എന്ന പേരിലാണ് കമ്പനി അറിയപ്പെട്ടിരുന്നത്.
9. സാറാ ജോര്‍ജ് മുത്തൂറ്റ്
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ പേരാണ് മുത്തൂറ്റ്. ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ കമ്പനിയും. ഭര്‍ത്താവ് ജോര്‍ജ് മുത്തൂറ്റിന്റെ മരണത്തിന് ശേഷം ഭാര്യ സാറാ ജോര്‍ജ് മുത്തൂറ്റ് സ്ഥാപനം ഏറ്റെടുത്തു. ഇന്ത്യയിലുടനീളം 5,400 ശാഖകളുണ്ട് ഇവര്‍ക്ക്.
2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഉയര്‍ന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ കാരണം കമ്പനിയുടെ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 522 മില്യണ്‍ ഡോളറായി. 2022 ലെ ഫോബ്സ് പട്ടിക അനുസരിച്ച് 1.4 ബില്ല്യണാണ് ഇവരുടെ ആസ്തി. 2076 ാം റാങ്കിങ്ങിലാണിവര്.
10. കവിതാ സിംഘാനിയ
ചെന്നൈയിലെ ഡെവലപ്പറായ എക്സ്പ്രസ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഡയറക്ടര്‍. ജെ കെ സിമന്റ്സിന്റെ ഓഹരിയില്‍ സിംഘാനിയക്ക് പങ്കാളിത്തമുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് മാധ്യമ സാമ്രാജ്യം കെട്ടിപ്പടുത്ത പത്ര മുതലാളി രാംനാഥ് ഗോയങ്കയായിരുന്നു സിംഘാനിയയുടെ മുത്തച്ഛന്.
1.1 ബില്ല്യണ്‍ ആസ്തിയാണ് ഇവര്‍ക്ക്. 2448 ാം റാങ്കിങ്ങാണ് ഫോസ് നല്‍കിയത്.
11. ഭവാരി ബായി സുരാന
ബാംഗ്ലൂര്‍ ഫാര്‍മ കമ്പനിയായ മൈക്രോ ലാബ്സിനെ നിയന്ത്രിക്കുന്ന സുരാന കുടുംബത്തിലെ പ്രധാന പങ്കാളിയാണ് ഭവാരി ബായ് സുരാന. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, വേദന നിയന്ത്രിക്കല്‍ എന്നിവയ്ക്കുള്ള മരുന്നുകളാണ് ജനറിക്സ് കമ്പനി നിര്‍മ്മിക്കുന്നത്. പരേതനായ ഭര്‍ത്താവ് ജി.സി. സുരാനയാണ് കമ്പനിയുടെ സ്ഥാപകന്‍. ഒരു ബില്ല്യണാണ് ഇവരുടെ ആസ്തി 2578ാം റാങ്കിങ്ങിലണിവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: