സി.പി.എമ്മിന്റെ പാർട്ടിക്കോൺഗ്രസ്സും സെമിനാറും ഒക്കെ എന്തോ ഭയങ്കര സംഭവം ആണെന്ന് മരമണ്ടന്മാർക്ക് മാത്രമേ തോന്നൂ. ഈ ഹിമാലയൻ മണ്ടത്തരം കേരളത്തിൽ മാത്രമേ മാർക്കറ്റ് ചെയ്യാനും സാധിക്കൂ. അത് പക്ഷെ മലയാളികൾ മണ്ടന്മാരായത് കൊണ്ടല്ല. മണ്ടന്മാരായി നടിക്കാൻ അസാധ്യം മിടുക്കുള്ളവരാണ് മലയാളികൾ. കൗശലത്തിലും സാമർഥ്യത്തിലും മലായാളികളെ വെല്ലാൻ ലോകത്ത് ആരുമില്ല. നാട്ടിൽ ജീവിയ്‌ക്കണമെങ്കിൽ സി.പി.എം. പറയുന്നതാണ് ശരിയെന്ന് അഭിനയിക്കണം. അതായത് ഞാൻ സോഷ്യലിസത്തിലും വിപ്ലവത്തിലും ഇടത്പക്ഷം എന്ന് പറയുന്ന ക്ലീഷേയിലും വിശ്വസിക്കുന്ന മരമണ്ടൻ ആണ് എന്ന് സഖാക്കളുടെ മുന്നിൽ അഭിനയിക്കണം. വേറെ വഴിയില്ലാത്തത് കൊണ്ട് ആളുകൾ അങ്ങനെ അഭിനയിക്കുന്നു. അത് സി.പി.എമ്മിന്റെ സംഘടനാപരമായ സെറ്റപ്പ് കൊണ്ടാണ്. അല്ലാതെ ഈ കോൺഗ്രസ്സും ചർച്ചയും കൊടിതോരണങ്ങളും ഒക്കെ ചില്ലറ ദിവസത്തേക്കുള്ള ആക്റ്റിവിറ്റീസ് മാത്രമാണെന്ന് ഏത് സി.പി.എം. മെമ്പർക്കും അറിയാം. കെ.വി.തോമസിനെ പോലുള്ള പ്രഫസർമാർക്ക് അറിയാൻ വഴിയില്ല എന്നേയുള്ളൂ.
മാർക്സിസത്തിനും വൈരുദ്ധ്യാത്മക ഭൗതികവാദത്തിനും വിപ്ലവത്തിനും സോഷ്യലിസത്തിനും ഒക്കെ ഈ കാലഘട്ടത്തിൽ എന്ത് പ്രസക്തിയാണുള്ളത്. മാർക്സിന്റെയും ഏംഗൽസിന്റെയും പുസ്തകങ്ങൾക്ക് ഇന്ന് പീറക്കടലാസിന്റെ പോലും വിലയില്ല. ഒരു കാലത്ത് മാക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിന് എന്തായിരുന്നു വില. എന്നാൽ ഇന്നോ? കമ്മ്യൂണിസവും സോഷ്യലിസവും ഇക്കാലത്ത് ചർച്ച ചെയ്യാൻ പോലും പറ്റുന്നതല്ല. എന്താണ് സോഷ്യലിസം? എല്ലാവർക്കും കഴിയുന്നത്ര സൗകര്യങ്ങളും പുരോഗതിയും എത്തിച്ചു കൊടുക്കുകയാണ് ലക്ഷ്യം എങ്കിൽ അത് മുതലാളിത്തത്തിൽ മാത്രമേ സാധ്യമാകൂ. ഒരു അറുപത് വർഷം മുൻപത്തെ ജീവിത നിലവാരവും ഇന്നത്തെ സ്ഥിതിയും വെച്ച് വിശകലനം ചെയ്താൽ അന്ന് സോഷ്യലിസം വിഭാവനം ചെയ്തതിന്റെ നൂറിരട്ടി ജീവിത സൗകര്യങ്ങൾ ഇന്ന് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ഉള്ള ആൾക്ക് പോലും കിട്ടുന്നുണ്ട് എന്ന് കാണാൻ കഴിയും. അതേ സമയം നെഹ്‌റു ആഗ്രഹിച്ച സോഷ്യലിസം നടപ്പായെങ്കിൽ അന്നത്തെ ദരിദ്ര ജീവിതം ഇന്നും എല്ലാവർക്കും ജീവിയ്‌ക്കാമായിരുന്നു.
നെഹ്‌റുവിന്റെ സോഷ്യലിസം അല്ല നരസിംഹ റാവുവിന്റെ ഉദാരവൽക്കരണവും ആഗോളീകരണവും ആണ് ഇന്നത്തെ പുരോഗതി നമുക്ക് കൊണ്ടത്തന്നത്. ഒരു ഉദാഹരണം പറഞ്ഞാൽ സാധാരണക്കാരന് രണ്ട് ചാക്ക് സിമന്റ് വേണമെങ്കിൽ താസിൽദാർക്ക് അപേക്ഷ കൊടുത്ത് മാസക്കണക്കിന് കാത്തിരിക്കണമായിരുന്നു. മധ്യവർഗ്ഗത്തിൽ പെട്ടവർക്ക് ഒരു ഗ്യാസ് സിലിണ്ടർ കിട്ടാൻ ബുക്ക് ചെയ്ത് രണ്ട് വർഷം കാത്തിരിക്കണം എന്നതായിരുന്നു നാല്പത് വർഷം മുൻപത്തെ പോലും അവസ്ഥ. എന്നാൽ ഇന്നോ? സാധാരണക്കാർക്ക് പോലും ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങൾ ലഭ്യമാകുന്നത് മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ കൊണ്ടാണ്. പക്ഷെ ഒന്നുണ്ട്, ഈ വ്യവസ്ഥയിൽ ധനികരും ദരിദ്രരും ഉണ്ടാകും. സോഷ്യലിസത്തിൽ ഭരണവർഗ്ഗം മാത്രം ധനികരും ജനങ്ങൾ എല്ലാവരും പടുദരിദ്രരും ആയിരിക്കും. സോഷ്യലിസത്തിലെ ദരിദ്രനേക്കാളും എത്രയോ സമ്പന്നൻ ആയിരിക്കും മുതലാളിത്തത്തിലെ ദരിദ്രൻ എന്നത് മുതലാളിത്തത്തിന്റെ മേന്മയാണ്.
മാത്രമല്ല സോഷ്യലിസത്തിലെ ദരിദ്രൻ എന്നും അതേ ദരിദ്ര നിലവാരത്തിൽ നിൽക്കുമ്പോൾ മുതലാളിത്തത്തിലെ ദരിദ്രർ പൊതുവേയുള്ള പുരോഗതിക്കൊപ്പം വളരുന്നതും ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും കാണാം. ഇന്ന് ഒരു മൊബൈൽ ഫോൺ കൈവശം ഇല്ലാത്ത ഏതെങ്കിലും ദരിദ്രൻ ഉണ്ടോ? മൊബൈൽ മാത്രമല്ല അതിൽ ഇന്റർനെറ്റ് സൗകര്യം തുച്ഛമായ പൈസയ്‌ക്ക് റീചാർജ്ജ് ചെയ്ത് ഏത് ദരിദ്രനാണ് അനുഭവിക്കാനും ആസ്വദിക്കാനും കഴിയാത്തത്. ഈ അഭൂതപൂർവ്വമായ വളർച്ച ഉണ്ടായത് മുതലാളിത്ത വ്യവസ്ഥ കൊണ്ടാണ്. സോഷ്യലിസം ആയിരുന്നെങ്കിൽ എല്ലാവർക്കും പരമദാരിദ്ര്യവും ശോചനീയമായ ജീവിതനിലവാരവും വീതിച്ചെടുക്കാമായിരുന്നു. അതാണോ അഭികാമ്യം?
കോർപ്പറേറ്റ് വിരോധം എന്നത് ഭരിക്കുന്ന സർക്കാരിനെതിരെ കുറ്റം പറയാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന , ഒട്ടും മൂർച്ചയോ വിശ്വാസ്യതയോ ഇല്ലാത്ത പാഴ്‌വാക്കുകളാണ് എന്ന് അത് പ്രയോഗിക്കുന്നവർക്കും കേൾക്കുന്ന നമുക്കും അറിയാം. സ്വകാര്യ-കോർപ്പറേറ്റ് സംരംഭങ്ങൾ ഇല്ലാതെ രാജ്യത്തിനോ സമൂഹത്തിനോ നിലനിൽക്കാൻ കഴിയില്ല എന്ന് ആർക്കാണറിയാത്തത്? രാജ്യത്തിന്റെ നട്ടെല്ല് കോർപ്പറേറ്റ് മേഖലയാണ്. ഭരിക്കുന്ന സർക്കാർ കോർപ്പറേറ്റ് മേഖലയെ പരിപോഷിപ്പിക്കുകയാണ് വേണ്ടത്. അതിനു വേണ്ടി എന്ത് ഇളവുകളും പ്രോത്സാഹനവും സർക്കാർ കോർപ്പറേറ്റുകൾക്ക് ചെയ്തുകൊടുക്കണം. അത് നമുക്ക് വേണ്ടിയാണ്, നമ്മുടെ ജീവിത സൗകര്യങ്ങൾക്കും നമുക്ക് തൊഴിലിനും വരുമാനത്തിനും വേണ്ടിയാണ്. കോർപ്പറേറ്റുകളുടെ വളർച്ചയാണ് രാജ്യത്തിന്റെ വളർച്ച.
ഇന്ധന വില വർദ്ധനയാണ് പ്രതിപക്ഷങ്ങളുടെ മറ്റൊരു ആയുധം. ഇതും വെറുമൊരു ക്ലീഷേ ആണ്. വാഹനം ഉള്ളവരാണ് പെട്രോൾ അടിക്കുന്നത്. അവർക്ക് അതൊരു പ്രശ്നവും അല്ല. ഇന്ന് വാഹനം ഉള്ളവർ ഫുൾടാങ്ക് ഇന്ധനം നിറക്കുന്നു, മൊബൈലിലെ ഗൂഗിൾ പേ ആപ്പിൽ നിന്ന് പൈസ കൊടുത്ത് പോകുന്നു. അത്രേള്ളൂ. അവർക്ക് കൈയിൽ നിന്ന് പൈസ പോയ ഒരു ഫീലിംഗും ഇല്ല. വാഹനം ഉള്ളവരുടെ ക്രയശക്തി അത്രമാത്രം വളർന്നിട്ടുണ്ട് ഇന്ന്. ഇതിൽ വാഹാനം ഇല്ലാത്ത ആളുകൾക്ക് എന്താണ് പ്രശ്നം? ഇന്ധന വില കൂടിയാൽ സാധനങ്ങൾക്ക് വില കൂടും എന്നൊരു ക്ലീഷേ രാഷ്‌ട്രീയക്കാർ പറഞ്ഞ് ഫലിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ധന വില വർദ്ധനവിനോടൊപ്പം അന്നോ പിറ്റേന്നോ സാധനങ്ങൾക്കും വില കയറുന്നത് നാം കാണുന്നേയില്ല. വിലവർധനവ് എന്നത് എത്രയോ കാലമായി രാഷ്‌ട്രീയക്കാർ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവിതം ഒരിക്കലും വഴി മുട്ടിയിട്ടേയില്ല.
വില വർദ്ധിക്കുന്നതോടൊപ്പം ജനങ്ങളുടെ ക്രയശേഷിയും വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു എന്നതാണ് വസ്തുത. വിലവർദ്ധനവും വരുമാന വർദ്ധനവും ഒപ്പത്തിനൊപ്പം സംഭവിച്ചു കൊണ്ടേയിരിക്കുന്നത് ചലനാത്മകമായ സമൂഹത്തിന്റെയും സാമ്പത്തിക വ്യവസ്ഥയുടെയും പ്രത്യേകതയാണ്. ദാരിദ്ര്യം എന്നത് ആപേക്ഷികമാണ്. അറുപത് വർഷം മുൻപത്തെ എന്റെ അവസ്ഥ ആലോചിച്ചാൽ ഇന്ന് ഞാൻ മഹാ ധനികനാണ്. അതേ സമയം ഇന്ന് മുകേഷ് അംബാനിയുമായി എന്നെ താരതമ്യം ചെയ്താൽ അന്നത്തേക്കാളും ഞാൻ ദരിദ്രനുമാണ്. പക്ഷെ അംബാനിയെ ഓർത്ത് ഞാൻ അസൂയപ്പെടുന്നില്ല. അതുകൊണ്ട് ഇന്നത്തെ സമൃദ്ധിയിൽ ആർമാദിച്ച് സംതൃപ്തിയും സന്തോഷവും ആസ്വദിക്കുകയാണ് ഞാൻ. സോഷ്യലിസം ഒരിക്കലും വരില്ല എന്നതാണ് എന്റെ പ്രത്യാശയും സമാധാനവും. വിപ്ലവവും കമ്മ്യൂണിസവും ഒരിക്കലും നടപ്പാവില്ല എന്നതും ആശ്വാസം തന്നെ. മുതലാളിത്തം മേലും മേലും വളരട്ടെ..
കെ പി സുകുമാരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: