Categories: Samskriti

സനാതന ധര്‍മ്മം മനുവില്‍ കൂടിയോ ത്രിമൂര്‍ത്തികളില്‍ കൂടിയോ?

ബ്രഹ്മചൈതന്യം അചിന്ത്യവും അവ്യക്തവുമാണ്.

Published by

ഹിന്ദു നേതൃത്വത്തോട് നവജ്യോതി ശ്രീ കരുണാകര ഗുരു ഉന്നയിച്ചതാണ് മേലുദ്ധരിച്ച ചോദ്യം. കാലത്തിന്റെ കുത്തൊഴുക്കില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ സനാതന മൂല്യങ്ങള്‍ വീണ്ടെടുക്കുവാന്‍ സ്വജീവിതം സമര്‍പ്പിച്ച വ്യക്തിത്വങ്ങളുടെ പക്തിയില്‍ അടുത്ത കാലത്ത് പ്രശസ്തി നേടിയ മഹാത്മാവാണ് നവജ്യോതി ശ്രീ കരുണാകരഗുരു. ആലപ്പുഴ ജില്ലയില്‍ ചന്ദിരൂരില്‍ ജനിച്ച ഗുരു പതിനാലാം വയസ്സില്‍ ആത്മീയമായ പ്രേരണയാല്‍ വീട് വിട്ട് ഇറങ്ങി. നീണ്ട വര്‍ഷങ്ങള്‍ സന്യാസിയായും, അവധുതനായും ത്യാഗപൂര്‍ണമായ ജീവിതം നയിച്ച ഗുരുവിന് 1973ലെ ഒരു സുപ്രധാന മുഹൂര്‍ത്തത്തില്‍ പരബ്രഹ്മജ്യോതിസ്സില്‍ നിന്നും ‘വാക്കുകള്‍’ ലഭിക്കുവാന്‍ തുടങ്ങി.  വിസ്മൃതിയില്‍ ആണ്ടുപോയിരുന്ന മനുവിന്റെ അറിയപ്പെടാത്ത ചരിത്രവും സൃഷ്ട്ടിയിലെ ജീവപരിണാമത്തിന്റെ സനാതനമായ ധര്‍മ്മവ്യവസ്ഥയും അങ്ങനെയാണ് ഗുരുവിന് വെളിപ്പെട്ടുകിട്ടിയത്.

സനാതനധര്‍മ്മം എന്നാല്‍ പ്രപഞ്ചത്തെ നയിക്കുന്ന നിത്യനൂതനമായ ധര്‍മ്മം അഥവാ ആത്മീയ നിയമങ്ങള്‍ എന്നാണ് ഗ്രഹിക്കേണ്ടത്. ബ്രഹ്മപ്രകാശത്തില്‍ നിന്നുമുള്ള അറിയിപ്പുകള്‍ പ്രകാരം ഹിന്ദുധര്‍മ്മത്തിനാസ്പദമായ ത്രിമൂര്‍ത്തി സമ്പ്രദായം ഉണ്ടായത് ഈ മന്വന്തരത്തിലെ ഏഴാമത് ചതുര്‍യുഗത്തിലാണ് എന്ന്  നവജ്യോതിശ്രീ കരുണാകരഗുരു തന്റെ ‘മാനവരാശി ഇന്നലെ, ഇന്ന്, നാളെ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ത്രിമൂര്‍ത്തി സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തിന് മുന്‍പു മനുപരമ്പരയില്‍പ്പെട്ടുവരുന്ന മഹാത്മാക്കളുടെ സംസ്‌കാരമാണ് ലോകത്തില്‍ നിലനിന്നിരുന്നതെന്നാണ് വെളിപ്പെടുത്തലുകള്‍.  

അസൗദുധിന്‍ ഒവൈസ്സി തുടങ്ങിയ ഇസ്ലാം മതനേതാക്കള്‍ പലപ്പോഴും ആദം ഭാരതത്തിലാണ് ജന്മമെടുത്തത് എന്ന്! പ്രസംഗിക്കാറുണ്ട്. അവരുടെ മതഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടത്രെ. ഭാരതം ഇസ്ലാമിസ്റ്റുകള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് അവര്‍ ഇത് എടുത്ത് പറയുന്നത്. ആദം എന്ന ശബ്ദം സംസ്‌കൃതത്തിലെ ‘ആദി’ എന്ന പദത്തില്‍ നിന്നാണ് ഉണ്ടായത് എന്ന്! തിയോസോഫി പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളായ മാഡം ബ്ലാവട്‌സ്‌കി പറയുന്നുണ്ട്.  ഋഗ്വേദത്തിലെ പ്രസിദ്ധമായ പുരുഷസൂക്തം അനുസരിച്ച് സൃഷ്ടി തുടങ്ങുന്നത് പ്രഥമജാതനായ ‘പുരുഷനില്‍’ നിന്നാണ്. വിരാട് പുരുഷന്‍, ഹിരണ്യഗര്‍ഭന്‍ തുടങ്ങി വിവിധ നാമധേയങ്ങളാല്‍ അറിയപ്പെടുന്ന ഈ ‘ആദിപുരുഷ’ന്റെ’ പേരാണ് മനു. സ്രിഷ്ടിചക്രങ്ങള്‍ അളക്കുന്നത് മനുവിന്റെ ആയുസ്സനുസ്സരിച്ചാണ്. ഒരു മനുവിന്റെ സമയത്തെ മന്വന്തരം എന്നും അങ്ങനെയുള്ള പതിനാല് മനുക്കളുടെ സമയത്തെ ഒരു കല്പം എന്നുമാണല്ലോ കണക്കാക്കിയിട്ടുള്ളത്. പിന്നെ എന്തു കൊണ്ടാണ് മനുവിന് പകരം ബ്രഹ്മാവിനെ സൃഷ്ടികര്‍ത്താവായി പുരാണകര്‍ത്താക്കള്‍ പ്രകീര്‍ത്തിക്കുന്നത്? ബ്രഹ്മാവ് ആണ് സൃഷ്ടി കര്‍ത്താവെങ്കില്‍ കാലത്തിന്റെ മാപിനികളും മനുവിന് പകരം ബ്രഹ്മാവിന്റെ പേരില്‍ ആകണമായിരുന്നല്ലോ എന്നുള്ള ചോദ്യങ്ങള്‍ ഉയരുന്നു.

ബ്രഹ്മചൈതന്യം അചിന്ത്യവും അവ്യക്തവുമാണ്.

അചിന്ത്യവും അവ്യക്തവുമെങ്കിലും നാമരൂപഗുണാത്മകമായി പ്രകടമാകുന്ന ഒരു പ്രതിഭാസം ആ ബ്രഹ്മശക്തിയില്‍ സ്ഥിതിചെയ്യുന്നു. അതുകൊണ്ട് ദൈവം നിര്‍ഗുണനെങ്കിലും നാമരൂപങ്ങളോടുകൂടി സ്വയം പ്രകടമാകുന്നു. ഈശ്വരചൈതന്യം പോലെ, ജീവാത്മാവും ശുദ്ധമായ ബോധം അഥവാ ഒരു ചൈതന്യമാണല്ലോ. അങ്ങനെയുള്ള ജീവാത്മാവ് ഒരു ശരീരത്തെ അവലംബിക്കുമ്പോള്‍ മാത്രമാണ് കര്‍മ്മയോഗ്യമാകുന്നത്. ഇതേ തത്വം തന്നെയാണ് ബ്രഹ്മത്തെ സംബന്ധിച്ചും. ശുദ്ധമായ ബ്രഹ്മചൈതന്യം നാമരൂപഗുണാത്മകമായ ഒരു സങ്കല്പശക്തിയായി, ആദിമപുരുഷനായി, സ്വായംഭുവമനുവായി പരിണമിച്ച് സൃഷ്ടി ചെയ്യുന്നു. പരിഷ്‌ക്കരിച്ച് വന്ന പുരാണങ്ങളില്‍ പിന്നീട് കൂട്ടിചേര്‍ത്തതാണ് ബ്രഹ്മാവിന്റെ കഥ എന്നാണ് അറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. സനാതനധര്‍മ്മത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളായ ഉപനിഷത്തുകളിലോ, ഭഗവദ് ഗീതയിലോ വേദാന്തസൂത്രങ്ങളിലോ ത്രിമൂര്‍ത്തികളില്‍ നിന്നാണ് സൃഷ്ടി തുടങ്ങിയതെന്ന് പറയുന്നില്ല. മനുവിന്റെ ആത്മീയ ഭരണസംവിധാനം കാലാകാലങ്ങളില്‍ മനുപരമ്പരയില്‍ പെട്ടുവരുന്ന യുഗാന്തര ഗുരുക്കന്മാരില്‍ കൂടിയാണ് നയിക്കപ്പെടുന്നത്. അങ്ങനെയുള്ള ഗുരുക്കന്മാരുടെ ആത്മീയ സംസ്‌കാരമാണ് യഥാര്‍ഥത്തില്‍ സനാതനധര്‍മ്മം.  

സനാതനധര്‍മ്മത്തെ ചിലര്‍ ക്ഷേത്ര സമ്പ്രദായമായോ, പലവിധ ഐത്യഹങ്ങളോ പുരാണകഥകളുമായോ ബന്ധപ്പെടുത്തി പറയുന്നു. മറ്റു ചിലര്‍ പുനര്‍ജന്മവും ജീവന്റെ ബന്ധമോക്ഷവുമായി ബന്ധപ്പെടുത്തിയും വ്യാഖ്യാനിക്കുന്നു. ഇവിടെ സനാതനധര്‍മ്മത്തിന്റെ രണ്ട് വ്യത്യസ്ഥമുഖങ്ങളാണ് പ്രകടമാകുന്നത്. ഹിന്ദുമതസംസ്‌കാരത്തെ സനാതനധര്‍മ്മമെന്ന് സാധാരണ വിശേഷിപ്പിക്കാറുണ്ടെങ്കിലും രണ്ടിനും തമ്മില്‍ ആശയപരമായും അനുഷ്ഠാനപരമായും സാരമായ വ്യത്യാസങ്ങള്‍ കണ്ടുവരുന്നു. സനാതനധര്‍മ്മം സൃഷ്ടിക്കധികാരികളായി മനുക്കളെയും ആത്മീയമായ മാര്‍ഗ്ഗദര്‍ശനത്തിനായി യുഗങ്ങളുടെ കണക്കില്‍പ്പെട്ടുവരുന്ന പരബ്രഹ്മോപാസകന്മാരായ ഗുരുക്കന്മാരെയും ആശ്രയിക്കുന്നു.  

ഇതില്‍ നിന്നും വ്യത്യസ്തമായി ബ്രഹ്മാ, വിഷ്ണു,മഹേശ്വരന്‍ അല്ലെങ്കില്‍  സൂര്യന്‍, ഗണപതി, ദേവി തുടങ്ങിയ ദേവതകള്‍ സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താക്കളായി പ്രകീര്‍ത്തിക്കപ്പെടുന്ന പൗരാണികമായ ക്ഷേത്രസമ്പ്രദായത്തില്‍ കൂടിയും പൗരോഹിത്യ പ്രധാനമായ യാഗം, യജ്ഞം, തന്ത്രം, മന്ത്രം തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ക്കൂടിയും ദേവതകളെ പ്രീതിപ്പെടുത്തി അഭീഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കുന്ന, ആത്മീയമായി സ്വതന്ത്രസഞ്ചാരം അനുവദനീയമായ ഒരു പ്രാചീന സംസ്‌കാരമാണ് ഹിന്ദുമതം. ത്രിമൂര്‍ത്തികള്‍ക്ക് പ്രാധാന്യം കൊടുത്തുള്ളതായതുകൊണ്ട് ഹിന്ദുമതത്തെ ത്രിമൂര്‍ത്തി സമ്പ്രദായം എന്നും വിളിക്കപ്പെടുന്നു.

മനു എന്ന് പറയുമ്പോള്‍ പലരും മനുസ്മൃതി എഴുതിയ മനുവിനെ പറ്റിയാണ് പറയുന്നത് എന്ന് തെറ്റിദ്ധരിക്കുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മനുവിനെ ബ്രഹ്മാവിന്റെ പുത്രനായും മനുഷ്യകുലത്തിന്റെ ആദിപിതാവുമായാണ്  വ്യാഖ്യാനിച്ചിട്ടുള്ളത്. പക്ഷെ പ്രഥമജാതന്‍ ബ്രഹ്മാവല്ല, വേദോപനിഷത്തുക്കളിലെ പുരുഷന്‍ അഥവാ മനുതന്നെയാണ് എന്നാണ് അറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. ത്രിമുര്‍ത്തി സങ്കല്പം വൈദിക സമ്പ്രദായത്തിനും വളരെ മുന്‍പ് ഭാരതത്തില്‍ നിലനിന്നിരുന്ന ശൈവം, ശാക്തേയം, വൈഷ്ണവം തുടങ്ങിയ വിവിധ ആരാധനാ സമ്പ്രദായങ്ങളെ  ഏകോപിപ്പിച്ച് വൈദിക സമ്പ്രദായത്തിന് കീഴില്‍ കൊണ്ടുവരാന്‍ ഉണ്ടാക്കിയെടുത്ത സംവിധാനമാണ് എന്ന് അനുമാനിക്കപ്പെടുന്നു.  

ഭാരതം എന്ന പേരു തന്നെ മനുവില്‍ നിന്ന് ഉത്ഭവിച്ചതെന്നാണ് മത്സ്യപുരാണത്തില്‍ പറയുന്നത്. ‘ഭരണാത് പ്രജനനാത് ചൈവ മനുര്‍ഭരത ഉച്യതേ’, അതായത് മനുവില്‍ നിന്ന് ഉത്ഭവിച്ച് പരിപാലിക്കപ്പെടുന്നതുകൊണ്ട് ഭാരതം എന്ന് വിളിക്കപ്പെട്ടു. വേറെയും പല വ്യാഖ്യാനങ്ങളുണ്ട് എന്ന് മറക്കുന്നില്ല.  

മനുസ്മൃതി തുടങ്ങിയ സ്മൃതികളിലും ഉപനിഷത്തുക്കളിലും പുരാണങ്ങളിലും മനുവിനെ സംബന്ധിച്ച വര്‍ണ്ണന ഇങ്ങനെയാണ്:

‘ഈ പ്രപഞ്ചം അന്ധകാരത്താല്‍ ആവൃതമായി, ആര്‍ക്കുംമനസ്സിലാക്കാനോ കണ്ടുപിടിക്കാനോ തിരിച്ചറിയാനോ സാധിക്കാതെ ഗാഢമായ നിദ്രയില്‍ ലയിച്ചപോലെ ഇരുന്നിരുന്നു. അജയ്യനുംസ്വയംഭൂവും ആരാലും കണ്ടെത്തുവാന്‍ സാധിക്കാത്തവനും ആയ ഈ പ്രപഞ്ചത്തിന്റെ നാഥന്‍ പഞ്ചഭൂതാത്മകമായ ഈ ലോകം സൃഷ്ടിച്ച് സ്വയം പ്രകടമായി അന്ധകാരത്തെയെല്ലാം നീക്കി. അവന്‍ ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാന്‍ സാധിക്കാത്തവനും സൂക്ഷ്മരൂപനും അവ്യക്തനും അനാദിയും എല്ലാത്തിന്റെയും സാരസര്‍വ്വസ്വവുമായി ചിന്തകള്‍ക്കെല്ലാം അപ്രാപ്യനായിനിലകൊണ്ടു. ജീവജാലങ്ങളെ സൃഷ്ടിക്കുവാന്‍ ഇച്ഛിച്ചുകൊണ്ട് ഈശ്വരന്‍ തന്റെ ശരീരത്തില്‍ നിന്ന് ആദ്യമായി സൃഷ്ടിദ്രവം സൃഷ്ടിക്കുകയും അതില്‍ ഒരു ബീജം നിക്ഷേപിക്കുകയും ചെയ്തു. ആ ബീജം സൂര്യനെപ്പോലെ പ്രകാശം ചൊരിയുന്ന സ്വര്‍ണ്ണനിറത്തിലുള്ള ഒരു അണ്ഡമായി മാറി. അതില്‍ സകലചരാചരങ്ങളുടെയും പിതാവായി ദൈവം സ്വയം ഭൂജാതനായി. ആ അണ്ഡത്തില്‍ സ്ഥിതി ചെയ്തുകൊണ്ട് തന്റെ സങ്കല്പം ഒന്നുകൊണ്ടു മാത്രം പുരുഷനും സ്ത്രീയുമായി രണ്ടായി സ്വയം വിഭജിച്ചു. പുരുഷന്റെ പേര് മനുവെന്നും സ്ത്രീയുടെ പേര് ശതരൂപ എന്നുമായിരുന്നു. ആ അണ്ഡത്തിന്റെ ഉള്‍വശം മേരുപര്‍വ്വതത്തെപ്പോലെ വളരെ വിശാലമായിരുന്നു. വലിയൊരു സമുദ്രംപോലെ സൃഷ്ടിദ്രവം അതില്‍ സ്ഥിതിചെയ്തു. ആ അണ്ഡത്തിനുള്ളില്‍ വിവിധ വന്‍കരകളും സമുദ്രങ്ങളും പര്‍വ്വതങ്ങളും ഗ്രഹങ്ങളും രാശിമണ്ഡലങ്ങളും ഉണ്ടായിരുന്നു. വിവിധ ദേവതകളും രാക്ഷസന്‍മാരും മനുഷ്യരാശിയും അതില്‍നിന്ന് ഉത്ഭവിച്ചു…’

ലോകത്തില്‍ പിന്നീട് ഉണ്ടായ എല്ലാ മതങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സൃഷ്ട്ടിയെ പറ്റിയുള്ള ഈ ഭാരതീയ സങ്കല്‍പത്തെ ചുവടു പിടിച്ചു തന്നെയാണ് വന്നിട്ടുള്ളത്; കാലദേശങ്ങള്‍ക്കനുസരിച്ച് അല്‍പം ചില മാറ്റങ്ങള്‍ കണ്ടെന്നിരിക്കാം. അങ്ങനെയാണ് ആദം ഭാരതത്തിലാണ് ജനിച്ചത് എന്ന് ഈ മതസ്ഥര്‍ പറയാന്‍ കാരണം. ഭാരതത്തില്‍ മനുവിന്റെ സങ്കല്പത്തിന് സ്ഥാനചലനങ്ങള്‍ സംഭവിച്ചപ്പോള്‍ പാശ്ചാത്യമതങ്ങള്‍ ആദം എന്ന മനുവിന്റെ സങ്കല്‍പം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചപ്പോള്‍ ലോകത്തെ പിടിച്ചടക്കാന്‍ പോലും ശക്തമായി അവ വളര്‍ന്നു. എന്നിരുന്നാലും മനുവിനെ പറ്റിയോ, മനുവിന്റെ കാലഗണനയെപ്പറ്റിയോ, യുഗങ്ങളില്‍കൂടിയും പുനര്‍ജന്മത്തില്‍ കൂടിയും നടക്കുന്ന ജീവപരിണാമത്തെ പറ്റിയോ പറയാത്തതുകൊണ്ട് ആ മതങ്ങള്‍ക്ക് അപൂര്‍ണതയുണ്ട്.  

ഭാരതം ലോകത്തിന് സമ്മാനിച്ച ജീവപരിണാമ ശാസ്ത്രമാണ് സനാതന ധര്‍മ്മം. നവജ്യോതി ശ്രീ കരുണാകരഗുരുവിനാല്‍ സ്ഥാപിക്കപ്പെട്ട ശാന്തിഗിരി ആശ്രമം ഭാരതത്തില്‍ മനുധര്‍മ്മം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അങ്ങനെയുള്ള ഒരു ആത്മീയ സംഘടനിയില്‍ കൂടി മാത്രമേ വിവിധ മതങ്ങളും, ജാതികളും സമ്പ്രദായങ്ങളുമായി വിഘടിച്ചു നില്‍ക്കുന്ന മനുഷ്യസമൂഹത്തെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഭാരതത്തെ വിശ്വഗുരുവായി മാറ്റാനും കഴിയുകയുള്ളു എന്ന് ഗുരു പഠിപ്പിക്കുന്നു. ഗുരുവിന്റെ ദേഹവിയോഗം സംഭവിച്ച മെയ് 6 ശാന്തിഗിരി ആശ്രമം എല്ലാ വര്‍ഷവും നവഒലി ജ്യോതിര്‍ദിനമായി ആഘോഷിച്ചു വരുന്നു.

മുകുന്ദന്‍ പി ആര്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക