ന്യൂദല്‍ഹി: മുംബൈയിലെ 26-11 ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനും പാകിസ്ഥാന് കേന്ദ്രമായുള്ള ലഷ്കര്‍ ഇ ത്വയിബ നേതാവുമായ ഹഫീസ് സയ്യിദിന്റെ മകന് ഹഫീസ് തല്‍ഹ സയ്യിദിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം (യുഎപിഎ) അനുസരിച്ച് ഹഫീസ് തല്‍ഹ സയ്യിദിനെതിരെ നടപടി എടുക്കുമെന്നും കേന്ദ്രം ഉത്തരവില്‍ പറയുന്നു. ഇന്ത്യയില്‍ ലഷ്കര്‍ ഇ ത്വയിബ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് യുവാവായ തല്‍ഹ സയ്യിദാണ്. ലഷ്കറിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതും ഇന്ത്യയിലെ ആക്രമണം ആസൂത്രണം ചെയ്യുന്നതും തല്‍ഹ സയ്യിദിന്റെ പ്രവര്‍ത്തനമേഖലയാണ്.
തല്‍ഹ സയ്യിദ് ഇന്ത്യയിലെ ലഷ്കര്‍ കേന്ദ്രം സന്ദര്‍ശിച്ചെന്നും ഇന്ത്യ, ഇസ്രയേല്‍, യുഎസ്, മറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ താല്പര്യങ്ങള് എന്നിവയ്ക്കെതിരെ ജിഹാദ് ആക്രമണം നടത്തുന്നതിനായി ആഹ്വാനം ചെയ്തെന്നും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പറയുന്നു. മുംബൈയില്‍ നടന്ന 26/11 ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഹഫീസ് സയ്യിദിന് കഴിഞ്ഞ ദിവസം പാകിസ്ഥാന് കോടതി 32 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച അന്ന് തന്നെയാണ് മകന് തല്‍ഹ സയ്യിദ് ലഷ്കര്‍ കേന്ദ്രം സന്ദര്‍ശിച്ചത്. ഇപ്പോള്‍ ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ കഴിയുകയാണ് ഹഫീസ് സയ്യിദ്. പാകിസ്ഥാന് കോടതി 3.40,000 രൂപ പിഴയും ഹഫീസ് സയ്യിദിന് വിധിച്ചിരുന്നു. എഫ്എടിഎഫ് സമ്മര്‍ദ്ദം കാരണമാണ് ഹഫീസ് സയ്യിദിനെതിരെ പാകിസ്ഥാന് കൂടുതല്‍ ശിക്ഷ നല്കി നടപടി സ്വീകരിക്കുന്നത്.
വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്കുന്ന രീതിയിലെ യുഎപിഎ നിയമത്തില്‍ 2019ല്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. നേരത്തെ സംഘടനകളെ മാത്രമാണ് തീവ്രവാദസംഘടനകളായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ നാല് പേരെയാണ് മോദി സര്‍ക്കാര്‍ ഭീകരവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ജെയ്ഷ് എ മൊഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹഫീസ് സയ്യിദ്, സക്കി ഉര് റെഹ്മാന് ലഖ് വി, 1993ലെ മുംബൈ സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം എന്നിവരാണ് ഇതുവരെ കേന്ദ്രം പ്രഖ്യാപിച്ച ഭീകരവാദികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: