Categories: Kottayam

ഞീഴൂര്‍ ദേവരാജന്‍, മലയാള സാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വം

ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ പദവി അലങ്കരിച്ചിരുന്ന അദ്ദേഹം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയ വേദിയിലും സാന്നിദ്ധ്യമറിയിച്ചിരുന്നു

Published by

ഞീഴൂര്‍: പ്രശസ്ത കവിയും സാഹിത്യകാരനും വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയുമായ ദേവരാജന്‍ സാറിന് ആയിരങ്ങളുടെ പ്രണാമം. മലയാള അധ്യാപകനായി പിറവം, വെളിയനാട്, ഇലഞ്ഞി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിരവധി വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥനായ അദ്ദേഹം മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ ഏറെ വലുതാണ്. അദ്ദേഹത്തിന്റെ ഞാന്‍ ജനിക്കുന്നു എന്ന കവിതാ സമാഹാരം ആസ്വാദക ലോകത്ത് ഏറെ പ്രശംസ പിടിച്ചുപറ്റി. അമച്വര്‍,  പ്രൊഫഷണല്‍ നാടക പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം നിരവധി കലാമത്സരവേദികളില്‍  വിധികര്‍ത്താവായിരുന്നു. 

ചിന്തോദ്ദീപകങ്ങളായ ആധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ഒട്ടേറെയാളുകളെ സ്വാധീനിക്കുകയുണ്ടായി. ഞീഴൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ക്ഷേത്രവളര്‍ച്ചക്ക് ഏറെ സഹായകരമായി. ഞീഴൂര്‍ ചിത്തിരവിലാസം എന്‍എസ്എസ് കരയോഗം പ്രസിഡന്റ്, ഞീഴൂര്‍ എന്‍എസ്എസ് മേഖലാ പ്രസിഡന്റ്, എന്‍എസ്എസ് വൈക്കം താലൂക്ക് യൂണിയന്‍ ഭരണ സമിതിയംഗം എന്നീ നിലകളില്‍ സമുദായ പ്രവര്‍ത്തന രംഗങ്ങളിലും മികവ് പുലര്‍ത്തി. ഞീഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായി നല്ലൊരു സഹകാരിയായും തിളങ്ങി.  

ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ പദവി അലങ്കരിച്ചിരുന്ന അദ്ദേഹം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ വേദിയിലും സാന്നിദ്ധ്യമറിയിച്ചിരുന്നു. ഞീഴൂര്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റായിരുന്ന അദ്ദേഹം ഗ്രന്ഥശാല പ്രവര്‍ത്തനത്തിലും പെന്‍ഷന്‍ സംഘടനയിലുമൊക്കെ സജീവമായിരുന്നു. റിട്ടയേര്‍ഡ് അദ്ധ്യാപിക പരേതയായ പി. വത്സലയാണ് ഭാര്യ. മക്കള്‍: മായ, സാഹിത്യ സപര്യയില്‍ പാരമ്പര്യം പിന്തുടരുന്ന മനോജ്, മഹേഷ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരി, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ബിജുകുമാര്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. സുഷമ, സാഹിത്യകാരന്‍ വര്‍ഗീസ് കാഞ്ഞിരത്താനം, മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക