കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തെളിവായ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ലാപ്ടോപ്പും ഐ മാക്കും അഭിഭാഷകരുടെ കസ്റ്റഡിയിലെന്ന് സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ സായി ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിര്‍ണ്ണായക തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്നാണ് കരുതുന്നത്. തെളിവ് നശിപ്പിക്കുന്നതിനായി ഭാര്യയുടെ പേരിലുള്ള ഐമാക്കും ഉപയോഗിച്ചിട്ടുണ്ട്. ഇത് മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്. എന്നാല്‍ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പ് താന്‍ ഒളിവിലായിരിക്കേ അഡ്വ. ഫിലിപ്പ് ഇത് വാങ്ങി രാമന് പിള്ളയുടെ ഓഫീസിലേക്ക് കൊണ്ടുപോയെന്നും സായി ശങ്കറിന്റെ മോഴിയില്‍ പറയുന്നുണ്ട്.
കേസില്‍ താന്‍ പിടിക്കപ്പെട്ടാല്‍ ലാപ്ടോപ്പും ഐമാക്കും പോലീസിന് ലഭിക്കും. ഇത് കേസില്‍ ദിലീപിനെതിരെയുള്ള തെളിവുകളാകുമെന്ന് പറഞ്ഞ് അഡ്വ. ഫിലിപ്പ് ഇവ കൊണ്ടുപോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അഭിഭാഷകരുടെ കൈവശമുള്ളവ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി.
വെള്ളിയാഴ്ചയാണ് സായി ശങ്കറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ഇയാള്‍ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ പോവുകയായിരുന്നു. കേസിലെ ഏഴാം പ്രതിയായ സായി നിലവില്‍ ജാമ്യത്തിലാണ്.
സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്കി. ഈ മാസം 19 നാണ് കോടതി സമയം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ തീയതി പ്രായോഗികമല്ലെന്നും മൊഴി എടുക്കാല്‍ നേരത്തെ ആക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
അതിനിടെ കേസില്‍ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം പുറത്ത് വന്നു. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്കാന് സൂരജ് ഡോക്ടറിനോട് ഇതില്‍ ആവശ്യപ്പെടുന്നുണ്ട്. നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നല്‍കിയിരുന്നത്. എന്നാലിത് തെറ്റാണെന്നും ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലി ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്.
രേഖകള്‍ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടര്‍ പറയുമ്പോള്‍ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നല്കുന്ന മൊഴിയാണ് ഇനി പ്രധാനം. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കും. ഡോക്ടര്‍ വക്കീല്‍ പഠിപ്പിക്കുന്നതുപോലെ പറഞ്ഞാല്‍ മതിയെന്നും സൂരജ് പറയുന്നുണ്ട്. ഡോക്ടര്‍ പിന്നീട് കോടതിയില്‍ കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: