കൊച്ചി: വിദേശത്തടക്കമുള്ള വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ അക്കാദമികള്‍ വന്‍ തട്ടിപ്പ് നടത്തുന്നു. ഗള്‍ഫിലും ബെംഗളൂരുവിലും ജോലി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് സംഘം തട്ടിയത്.
പാലാരിവട്ടം ‘വിങ്സ് കെയര്‍ ഏവിയേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് അക്കാദമി’ക്ക് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒട്ടേറെ തട്ടിപ്പു സ്ഥാപനങ്ങള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നതായി മനസ്സിലായത്. പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് പോലീസ് വെളിപ്പെടുത്തി.
വിമാനത്താവളങ്ങളില്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്താണു പണംതട്ടല്‍. എന്നാല്‍ ഇത്തരം അക്കാദമികള്‍ക്ക്, ആളുകളെ വിദേശത്തേയ്ക്ക് അയയ്ക്കാന്‍ വേണ്ട പ്രോട്ടക്ടര്‍ ജനറലിന്റെ മാന്‍ പവര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ അക്ഷയ് ബാബു, റോബിന് ബാബു, നിര്‍മല്‍ രാമന്, ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പദാസും മറ്റ് രണ്ടുപേരും കോട്ടയം സ്വദേശിയായ ഒരാളും ഉള്‍പ്പെടെ എട്ടുപേര്‍ 2021 ല്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി സ്ഥാപന ഉടമ ഇവരെ സമീപിച്ചിരുന്നു.
ബെംഗളൂരുവിലെ ജോലിക്ക് വേണ്ടി പ്ലസ്ടുക്കാരില്‍ നിന്ന് 65,000 രൂപയും പത്താംക്ലാസുകാരില്‍ നിന്ന് 71,000 രൂപയും ഗള്‍ഫിലേക്ക് 1,50,000 രൂപയുമാണ് വാങ്ങിയത്. ജോലി കിട്ടിയില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നും സ്ഥാപന ഉടമ പറഞ്ഞിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ വിമാനത്താവളത്തിലെ ജോലിക്ക് പകരം കോഫി ഷോപ്പിലേക്ക് സപ്ലെയര്‍ ജോലിക്കാണ് ഇന്റര്‍വ്യൂ നടത്തിയതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. തിരികെയെത്തി സ്ഥാപന ഉടമയോട് പണം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ഘട്ടമായി തിരികെ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ പകുതി മാത്രമേ നല്കിയുള്ളൂ.
ഗള്‍ഫില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് മൂന്ന് ഉദ്യോഗാര്‍ഥികളെ ഗള്‍ഫിലേക്ക് അയച്ചെങ്കിലും ആര്‍ക്കും ജോലി കിട്ടിയില്ല. ഇവര്‍ ഒരു മാസത്തോളം അവിടെ അലഞ്ഞ് ഒടുവില്‍ സുഹൃത്തുക്കള്‍ മുഖേന മറ്റൊരു ജോലി തരപ്പെടുത്തുകയായിരുന്നു. ആര്‍ക്കും പണം തിരികെ നല്‍കിയില്ല. പോലീസില്‍ പരാതി നല്‍കുന്നതുവരെ ഭീഷണിപ്പെടുത്തുമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: