രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാര്‍ത്ഥികളെത്തി. നാലംഗ കുടുംബമാണ് തലൈമാന്നാറില്‍ നിന്നും രാമേശ്വരം ധനുഷ്‌കോടി തീരത്തെത്തിയത്. ആൻ്റണി, ഭാര്യ രഞ്ജിത, മക്കളായ ജൻസിക, ആകാശ് എന്നിവരാണ് എത്തിയത്. ഇവരെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചു. ശ്രീലങ്കയിൽ നിന്ന് നേരത്തെ 16 പേർ രാമേശ്വരത്ത് എത്തിയിരുന്നു.
ശ്രീലങ്കയിലെ തലൈമാന്നാറിൽനിന്ന് സ്പീഡ് ബോട്ടിലാണ് നാലംഗ കുടുംബം ധനുഷ്കോടിയിലെത്തിയത്. പട്ടിണി കിടന്ന് മരിക്കാൻ വയ്യാത്തത് കൊണ്ടാണ് ലങ്ക വിട്ടതെന്ന് ആൻ്റണി പറയുന്നു. മണ്ണെണ്ണ ക്ഷാമം കാരണം കടലിൽ പേയിട്ട് ഒന്നരമാസമായി. അരിക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വലിയ വിലയാണ്. ഇനിയും ധാരാളം പേർ ലങ്ക വിട്ട് വരാൻ തയ്യാറായി നിൽക്കുകയാണെന്നും ആൻ്റണി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് സർക്കാർ അഭയാർത്ഥികളായി പരിഗണിക്കണമെന്നാണ് ആൻ്റണിയുടെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥന.
മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ മറ്റ് ജോലികള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ കറന്റുള്‍പ്പെടെ ഇല്ലാത്ത അവസ്ഥയായതിനാല്‍ ജീവിതം പ്രതിസന്ധിയിലാവുകയും നാട് വിടാന്‍ തയ്യാറാവുകയുമായിരുന്നു. തലെമാന്നാറില്‍ നിന്ന് മത്സ്യബന്ധന ബോട്ടിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ച 4.40 ഒാടെ തമിഴ്‌നാട് തീരത്ത് എത്തി. തീരത്തെ തുരുത്തില്‍ നിന്നും രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് തീരദേശ പോലീസ് കുടുംബത്തെ കസ്റ്റഡിലെടുത്ത് തീരത്തേത്ത് എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: