കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുണ്ടെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍. ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കാവ്യയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കാവ്യയുടെ പങ്കിനെക്കുറിച്ച് ശരത്തിനോട് സുരാജ് പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ശരത്ത്, സുരാജ് എന്നിവരുടെ ശബ്ദം പരിശോധിക്കണം. നിലവില്‍ കാവ്യ ചെന്നൈയിലാണ്. അടുത്തയാഴ്ച മടങ്ങിയെത്തും. തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതി ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കി. അഭിഭാഷകന് സുജേഷുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന് പറയുന്നതായി അന്വേഷണസംഘം കണ്ടെത്തിയത്. സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനുമായി 2019 ഡിസംബര്‍ 19ന് നടത്തിയ സംഭാഷണമാണ് ഹാജരാക്കിയത്.
ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവാണ് സംഭാഷണമെന്നും ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ഓഡിയോ ടേപ്പിലെ ശബ്ദശകലവും പോലീസ് ഹാജരാക്കി. ‘ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണ്. അവരെ നമ്മള് രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്ന് പറയുന്ന ശബ്ദശകലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: