ന്യൂദല്‍ഹി: ഇടനിലക്കാരുടെ ‘കര്‍ഷക സമര’ത്തിനിടയിലും ചരിത്ര നേട്ടം കുറിച്ച് രാജ്യത്തെ കാര്‍ഷിക കയറ്റുമതി. 2021-22 സാമ്പത്തിക വര്‍ഷത്തെ കാര്‍ഷികോത്പന്ന കയറ്റുമതി 20 ശതമാനം വര്‍ധനയോടെ 3.75 ലക്ഷം കോടി രൂപ (50 ബില്യണ്‍ യുഎസ് ഡോളര്‍) പിന്നിട്ടതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ലോകത്തെയാകെ പിടിച്ചുകുലുക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളിലാണ് വിവിധ രാജ്യങ്ങളുടെ പ്രതീക്ഷ.
അരി, ഗോതമ്പ്, പഞ്ചസാര, മറ്റു ഭക്ഷ്യധാന്യങ്ങള്‍, മാംസം എന്നിവയുടെയെല്ലാം കയറ്റുമതിയില്‍ ഇന്ത്യ റിക്കാര്‍ഡിട്ടു. ഗോതമ്പ് കയറ്റുമതി 2020-21ലെ 568 മില്യണ്‍ ഡോളറില്‍ നിന്ന് നാലിരട്ടി കൂടി 2.19 ബില്യണ്‍ ഡോളറായതാണ് ഏറ്റവും ശ്രദ്ധേയം.
സമുദ്രോത്പന്ന കയറ്റുമതിയിലും തോട്ടവിളകളുടെ കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. എട്ടു ബില്യണ്‍ ഡോളറിന്റെ (60,642 കോടി രൂപ) സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.
2020-21ല്‍ 41.87 ബില്യണ്‍ ഡോളറിന്റെ കാര്‍ഷികോത്പന്ന കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇത്തവണ 50.21 ബില്യണ്‍ ഡോളറായി ഇതുയര്‍ന്നു. 9.65 ബില്യണ്‍ ഡോളറിന്റെ അരിയും 4.6 ബില്യണ്‍ ഡോളറിന്റെ പഞ്ചസാരയും കയറ്റുമതി ചെയ്തു. ആഗോള അരി വിപണിയുടെ 50 ശതമാനം ഇന്ത്യ പിടിച്ചെടുത്തു. കാര്‍ഷികോത്പന്ന കയറ്റുമതി വന്‍തോതില്‍ ഉയര്‍ന്നതോടെ പഞ്ചാബ്, ഹരിയാന, യുപി, ബീഹാര്‍, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് പ്രയോജനം ലഭിച്ചത്.
സമുദ്രോത്പന്ന കയറ്റുമതി ഉയര്‍ന്നത് കേരളം, തമിഴ്നാട്, ബംഗാള്‍, ഒഡീഷ, ഗുജറാത്ത്, സംസ്ഥാനങ്ങള്‍ക്ക് നേട്ടമായി. 100 കോടി ഡോളറിന്റെ കാപ്പി കയറ്റുമതിയാണ് ചരിത്രത്തിലാദ്യമായി ഇന്ത്യ നടത്തിയത്. കേരളം, കര്‍ണാടക, തമിഴ്നാട് കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്.
2021-22 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ആകെ കയറ്റുമതി 31.70 ലക്ഷം കോടി രൂപ (418 ബില്യണ്‍ ഡോളര്‍) പിന്നിട്ടിട്ടുണ്ട്. 2020-21ല്‍ ഇത് 292 ബില്യണ്‍ ഡോളറിന്റേതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: