ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ മലയാളത്തില്‍ പ്രസംഗിച്ച് സുരേഷ്ഗോപി എംപി. അഭിനന്ദനവുമായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മലയാളത്തില്‍ സുരേഷ്ഗോപി പ്രസംഗിച്ചത് നാട്ടാനകള്‍ക്കും തൃശ്ശൂര്പൂരമടക്കമുള്ള ആഘോഷങ്ങള്‍ക്കും വേണ്ടി. നാട്ടാനകളുടെ വില്‍പ്പനയും കൈമാറ്റവും നിരോധിച്ചുകൊണ്ട് 1972ല്‍ നിലവില്‍ വന്ന വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതി മൂലം കേരളത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം ആനകളുടെ സാന്നിധ്യം കുറഞ്ഞുവരികയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആനകളെ ചൂഷണം ചെയ്യുന്നതിനെതിരെ ആനപ്രേമികള്‍ മുന്നോട്ടുവച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം ഭേദഗതി. എന്നാല്‍ തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ആനകളെ ആദരപൂര്‍വ്വവും അനുഷ്ഠാനപൂര്വ്വവും എഴുന്നള്ളിക്കുന്നുണ്ട്. ആനകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് ഉള്ള സ്ഥലത്ത് നിന്നും ലോറികളില്‍ കയറ്റി വളരെ മോശപ്പെട്ട അവസ്ഥയിലാണ് അവയെ കൊണ്ടുപോകുന്നത്. ഈ ദ്രോഹം ഒഴിവാക്കാന്‍ നിയമങ്ങളില്‍ ഗണ്യമായ മാറ്റം വരുത്തണം. മലയാളികള്‍ക്കുവേണ്ടിയും ബീഹാറിലെ സോന്‍പൂര്‍ മേള അടക്കമുള്ള വേദികള്‍ക്കുവേണ്ടിയുമാണ് ഇത് ആവശ്യപ്പെടുന്നതെന്നും സുരേഷ്ഗോപി പറഞ്ഞു.
പ്രസംഗം നിര്‍ത്തിയതിന് പിന്നാലെ ”അഭിനന്ദനം, വളരെ നന്നായി സംസാരിച്ചു’ എന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു മലയാളത്തില്‍ തന്നെ മറുപടി നല്കിയതും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: