മങ്കൊമ്പ്: തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കുട്ടനാടന്‍ ജലാശയങ്ങളില്‍ ജലനിരപ്പുയരുന്നത് പുഞ്ചകൃഷിക്കു ഭീഷണിയാകുന്നു. വിളവെടുപ്പിനു പാകമായ പാടശേഖരങ്ങളും കായല്‍നിലങ്ങളും മടവീഴ്ച ഭീഷണി നേരിടുന്നുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ താത്കാലികമായി തുറന്ന് അധികജലം കടലിലേക്കു ഒഴുക്കിക്കളയണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നു ഒഴുകിയെത്തുന്ന വെള്ളവും കുട്ടനാടന്‍ ജലാശയങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം കുട്ടനാട്ടില്‍ രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനെക്കാള്‍ ഒന്നര അടിയോളം ജലനിരപ്പുയര്‍ന്നിട്ടുണ്ട്. വിളവെടുപ്പു നടന്നുകൊണ്ടിരിക്കുന്നതും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നതുമായ പാടശേഖരങ്ങളില്‍ പലതിന്റെയും പുറംബണ്ടുകള്‍ ദുര്‍ബലമാണ്.
കായല്‍മേഖലകളില്‍ റാണി, ചിത്തിര, എച്ച് ബ്ലോക്ക്, ഐ ബ്ലോക്ക് തുടങ്ങി ഏതാനും സ്ഥലങ്ങളില്‍ മാത്രമാണ് വിളവെടുപ്പു പൂര്‍ത്തിയായിട്ടുള്ളത്. ഇ ബ്ലോക്കു ഇരുപത്തിനാലായിരം കായലില്‍ വിളവെടുപ്പ് ആരംഭഘട്ടത്തിലുമാണ്. മഴവെള്ളം പാടത്തു കെട്ടിക്കിടക്കുന്നതു മൂലം ഇവിടെ യന്ത്രക്കൊയ്‌ത്തിനു വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കാവാലം കൃഷിഭവന്‍ പരിധിയില്‍ വരുന്ന രാമരാജപുരം കായിലും വെള്ളക്കെട്ട് മൂലം വിളവെടുപ്പ് അനിശ്ചിതത്വത്തിലാണ്.
കഴിഞ്ഞ ദിവസം ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ചമ്പക്കുളം വടക്കേത്തൊള്ളായിരം പാടത്തു മടവീഴ്ചയുണ്ടായി. മുന്‍കാല അനുഭവങ്ങള്‍ പരിഗണിച്ചു ഷട്ടറുകള്‍ താത്കാലികമായി ഉയര്‍ത്തുകയും അധികജലം കടലിലേക്കു ഒഴുക്കിയശേഷം ഷട്ടറുകള്‍ താഴ്ത്തുകയും വേണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക