ന്യൂദല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണിനെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ള കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. മുംബൈയിലെ 50 വയസുകാരിയായ രോഗിയിലാണ് കോവിഡ് ‘എക്സ്.ഇ’ വകഭേദം സഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയ ഇവരില്‍ ആദ്യം നടത്തില പരിശോധനയില്‍ കൊറോണ നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇവരെ നീരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇവര്‍ രണ്ടു ഡോസ് പ്രതിരോധ വാക്സിന് സ്വീകരിച്ചിരുന്ന ആളാണെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 230 പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ഒരാളില്‍ പുതിയ വകഭേദം കണ്ടെത്തിയത്. മറ്റൊരാളില്‍ ‘കാപ്പാ’ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ള 228 സാംപിളുകള്‍ ഒമിക്രോണ്‍ പോസിറ്റീവാണെന്നും ബിഎംസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എക്സ്.ഇ വകഭേദം ബ്രിട്ടണിലാണ് ആദ്യം കണ്ടെത്തിയത്. ഒമിക്രോണ്‍ ബിഎ 1, ബിഎ 2 വകഭേദങ്ങള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് എക്സ്.ഇ. പ്രാഥമിക പഠനങ്ങള്‍ പ്രകാരം ഒമിക്രോണിന്റെ ബിഎ 2 വകഭേദത്തേക്കാള്‍ പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: