പാലക്കാട്: അമിത ചൂട് സഹിക്കാനാവാതെ പരുന്ത് റോഡില്‍ കുഴഞ്ഞു വീണു. ഇന്നലെ ഉച്ചക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനുമുന്നിലുള്ള സംസ്ഥാന പ്രധാന പാതയിലാണ് പരുന്ത് കുഴഞ്ഞു വീണത്.
മീനാക്ഷിപുരം – പാലക്കാട് പ്രധാന പാതയെന്നതിനാല്‍ വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിച്ചുവെങ്കിലും പരുന്തിന് അപകടമൊന്നും സംഭവിച്ചില്ല. ഇതുകണ്ട തട്ടുകട നടത്തിപ്പുകാരന് ഷണ്മുഖന് പരുന്തിനെ റോഡരികിലെ തണലിലേക്ക് മാറ്റി വെള്ളം കൊടുത്തതോടെ കണ്ണു തുറന്നെങ്കിലും പറവക്ക് പറക്കാന്‍ സാധിച്ചില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലങ്കോട് റെയ്ഞ്ച് ഓഫീസില്‍ നിന്നും പി.എസ്. മണിയന്, ആര് സൂര്യ, പ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി പരുന്തിനെ കൊണ്ടുപോയി. മൃഗഡോകടക്ടറെ കാണിച്ച് ആരോഗ്യനില തൃപ്തികരമാണെങ്കില്‍ തെന്മല വനമേഖലയിലേക്ക് വിടുമെന്ന് വനപാലകര്‍ അറിയിച്ചു.
മറ്റു പറവകളില്‍ നിന്നും പരുന്തിന് പ്രതിരോധ ശക്തി കൂടുതലുണ്ടായിട്ടും കുഴഞ്ഞു വീണത് അമിതചൂട് തന്നെയാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ നല്ല ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിന്റെ കാഠിന്യംമൂലം ഉച്ചസമയങ്ങളില്‍ ബസുകളിലും യാത്രക്കാരില്ലാതെയും നഗരവീഥികള്‍ ഹര്‍ത്താലെന്ന പോലെ വിജനവുമായി കിടക്കുന്ന കാഴ്ചയാണ് ജില്ലയിലുടനീളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: