വിഷ്ണു ഭക്തരായ നവയോഗികളോട് വിദേഹരാജാവായ നിമിയുടെ അവസാന ചോദ്യം ഭഗവാനെ പൂജിക്കുന്നത് സംബന്ധിച്ചായിരുന്നു. ഏതേതുയുഗത്തില്‍ ഏതേതുവിധമാണ് ഭഗവാനെ പൂജിക്കേണ്ടത്. ഇതിനുള്ള മറുപടി യോഗീന്ദ്രനായ കരഭാജനനാണ് വിശദീകരിക്കുന്നത്.
ഓരോ യുഗത്തിലും ഭഗവാനെ പൂജിക്കുവാന്‍ പ്രത്യേക രീതികളുണ്ട്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗത്തിലും ഭഗവാന് ഓരോ നിറം, രൂപം, നാമം ഇവയോടെ അവതരിക്കുന്നു. പൂജയും വിവിധമാണ്, കൃതയുഗത്തില്‍ ശുക്ലവര്‍ണനും ചതുര്‍ബാഹുവും, ജപമാല, മരവുരി, കൃഷ്ണാജിനം, പൂണൂല്, ദണ്ഡ്, കമണ്ഡലം എന്നിവ ധരിച്ച ഗരുഡ വാഹകനായ മഹാവിഷ്ണുവിനെയാണ് ധ്യാനിക്കുന്നത്. മനുഷ്യര്‍ ശാന്തരും ദുഃഖഹീനരും സ്നേഹമുള്ളവരും ആയിരുന്നു. ശമം, ദമം, തപം എന്നിവയാല്‍ ഭഗവാനെ ഭജിക്കുന്നു. ധ്യാനനിഷ്ഠയിലാണ് കൃതയുഗത്തിലെ ഭക്തിയും ഉപാസനയും.
ത്രേതായുഗത്തില്‍ വേദത്തില്‍ വര്‍ണിച്ചിരിക്കുന്ന രൂപം പൂണ്ട് ചതുര്‍ബാഹുമായ രക്തവര്‍ണനായി കാണുന്നു. വേദോക്തമായ കര്‍മ്മങ്ങള്‍ കൊണ്ട് പൂജിക്കുന്നു. വിഷ്ണു, യജ്ഞന്, പ്രശ്നി, ഗര്ഭന്, ഉരുക്രമന്‍, ജയന്തന് എന്നീ നാമങ്ങളില്‍ കീര്‍ത്തിക്കുന്നു. ജന്മസിദ്ധമായി ജ്ഞാനം ലഭിച്ച അനുഗൃഹീതരാണ് ഇക്കാലത്തെ മാനുഷര്‍. ജ്ഞാനവും തപസ്സും കൊണ്ട് ഭഗവാനെ പൂജിക്കുന്നു.
ദ്വാപരയുഗത്തില്‍ ഇന്ദ്രിയനിഗ്രഹം സുലഭമല്ലാതായി. ഭഗദവദ് ഉപാസനക്കായി മനുഷ്യര്‍ യജ്ഞകര്‍മ്മങ്ങളില്‍ മുഴുകുന്നു. ശ്യാമവര്‍ണനായി പീതാംബരധാരിയായി ശസ്ത്രങ്ങളോടുകൂടി ശ്രീവത്സം മുതലായ ലക്ഷണങ്ങളോടെ ശോഭിക്കുന്നു. വേദമന്ത്രങ്ങള്‍ കൊണ്ട് മനുഷ്യര്‍ ദേവന് അര്‍ച്ചിക്കുന്നു. വാസുദേവന്‍, സങ്കര്‍ഷണന്‍, നാരായണര്‍ഷി തടുങ്ങി അനേകം പേരുകളില്‍ ഭഗവാനെ ഭജിക്കുന്നു.
കലിയുഗത്തില്‍ കൃഷ്ണവര്‍ണനായിട്ടാണ് ഭഗവാന് ഭജിക്കപ്പെടുന്നത്. കറുത്ത കാന്തി നിറഞ്ഞ സുന്ദരരൂപന്‍. യജ്ഞങ്ങളും നാമ കീര്‍ത്തനങ്ങളുമാണ് കലിയുഗത്തില്‍ വിധിച്ചിട്ടുള്ളത്. നാമജപം കൊണ്ട് മാത്രം ധര്‍മ്മാത്ഥകാമമോക്ഷങ്ങള്‍ ഭക്തര്‍ക്ക് കൈവരിക്കാനാകും. തീര്‍ത്ഥാടനം, നാമകീര്‍ത്തനം, ഹരികഥാശ്രവണം ഇവ കൊണ്ട് താപത്രയങ്ങളും ബ്രഹ്മഹത്യാ പാപം പോലും ഇല്ലാതാകുന്നു എന്നതാണ് കലികാലത്തിന്റെ ആദ്ധ്യാത്മിക നേട്ടം. നാമ സങ്കീര്‍ത്തനം കൊണ്ട് സര്‍വ്വാഭീഷ്ടങ്ങളും സിദ്ധമാകുന്ന കലിയുഗത്തില്‍ ജനിക്കാന്‍ കൃതാദിയുഗങ്ങളില്‍ ജനിച്ചവര്‍ കൊതിക്കുന്നു.
നവയോഗികളില്‍ നിന്ന് സമ്പൂര്‍ണ ജ്ഞാനം ലഭിച്ച നിമിരാജാവ് യജ്ഞം പൂര്‍ത്തിയാക്കി യോഗീന്ദ്രന്മാരെ യഥാവിധി പൂജിച്ച് തൃപ്തിപ്പെടുത്തി. യോഗീന്ദ്രന്മാര്‍ അനുഗ്രഹം നല്കി അന്തര്‍ദ്ധാനം ചെയ്തു. നാരദര് ഇങ്ങനെ നിമി നവയോഗി സംവാദം വസുദേവര്‍ക്ക് വിശദീകരിച്ചിട്ട് ഇപ്രകാരം പറഞ്ഞു. ‘മഹാത്മാവേ അങ്ങ് എത്രഭാഗ്യവാന്‍. സാക്ഷാല്‍ നാരായണന് അങ്ങയുടെ മകനായി വന്നിരിക്കുന്നു. ആലിംഗനം ചെയ്യാനും സ്പര്‍ശിക്കാനും ദര്‍ശിക്കാനും കഴിയുന്ന ലോക മാതാക്കളായ (മാതാവും പിതാവും) ദേവകീവസുദേവന്‍മാരേ, നിങ്ങള്‍ യശസ്സുകൊണ്ട് ലോകത്തില്‍ പൂര്‍ണത നേടിയിരിക്കുന്നു. ‘
സ്വപാദമൂലം ഭജതഃപ്രിയസ്യ
ത്യക്താന്യ ഭാവസ്യ ഹരിഃപരേശഃ
വികര്‍മ്മ യച്ചോത്പതീതം കഥഞ്ചിദ്-
ധുനോതി സര്‍വ്വം ഹൃദിസന്നിവിഷ്ടഃ
നാരായണപാദങ്ങളെ ഭജിക്കുന്ന ഭക്തന് അറിയാതെ വല്ല തെറ്റും സംഭവിച്ചുപോയാല്‍ ഭഗവാന് അത് അപ്പോള്‍ തന്നെ പൊറുക്കുന്നു
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: