കൊച്ചി: സിപിഎം പോളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ലാത്തത് ചരിത്രപരമായ കാരണം കൊണ്ടാണെന്ന വിചിത്ര ന്യായവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റുകളില്‍ ദളിത് കമ്യൂണിസ്റ്റും ന്യൂനപക്ഷ കമ്യൂണിസ്റ്റുമുണ്ടെന്ന പുതിയ സിദ്ധാന്തവും യെച്ചൂരി അവതരിപ്പിച്ചു. ഹന്നന്‍മൊള്ളയും എം.എ. ബേബിയും ഇത്തരത്തില്‍ ന്യൂനപക്ഷ കമ്യൂണിസ്റ്റുകളാണ്. പിബിയിലെ ഹൈന്ദവമേല്ജാതി മേധാവിത്തം കമ്യൂണിസ്റ്റാവുന്നതോടെ അവസാനിക്കുമെന്നാണ് ജനറല്‍ സെക്രട്ടറിയുടെ വാദം. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കമ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത നിലപാടുകളെ ആകെ അട്ടിമറിക്കുന്ന യെച്ചൂരിയുടെ മറുപടികള്‍.
ജാതിയും മതവുമില്ലെന്ന് അണികളെ പറഞ്ഞുപറ്റിക്കുന്ന സിപിഎം നേതൃത്വത്തിന്റെ യഥാര്‍ഥ മുഖമാണ് യെച്ചൂരിയുടെ തുറന്നുപറച്ചിലിലൂടെ പ്രകടമാകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ദളിതരെ പിബിയിലുള്പ്പെടുത്താത്തതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് ആവര്‍ത്തിക്കുന്ന യെച്ചൂരി, എന്താണ് ആ കാരണമെന്ന് വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ല. ദളിത് ക്രൈസ്തവര്‍ എന്നൊക്കെ പറയുന്നതിന് സമാനമായി ദളിത് കമ്യൂണിസ്റ്റുകള്‍ എന്ന ഒരു വിഭാഗമുണ്ടെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് നേതാക്കള്‍ വിശദീകരിക്കേണ്ടി വരും.
അതേസമയം, കേരളത്തില്‍ നേരത്തേ തന്നെ വര്‍ഗ ബഹുജന സംഘടനകളുടെ ചട്ടക്കൂടില്‍നിന്ന് മാറി പട്ടിക ജാതിക്ഷേമ സമിതിയെന്ന പേരില്‍ ജാതി പറഞ്ഞ് സംഘടനയുണ്ടാക്കിയിട്ടുണ്ട് സിപിഎം. എ.കെ. ബാലനും കെ. സോമപ്രസാദും കെ. രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ ഏറിയാല്‍ എത്തിപ്പെടാവുന്ന സ്ഥാനം ഈ സംഘടനയുടെ ചുമതലയാകുമെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്. പാഠ്യപദ്ധതിയിലടക്കം മതമില്ലാത്ത ജീവന് ഉള്‍പ്പെടുത്തി മതരഹിതനാണെന്ന് പ്രസംഗിച്ചു നടന്ന എം.എ. ബേബിയെയാണ് യെച്ചൂരി ന്യൂനപക്ഷ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചത്. പിബിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കീഴ്സമിതികളില്‍ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ ധാരാളമുണ്ടെന്ന മറുപടി മാത്രമാണ് യെച്ചൂരിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: