ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രസിഡന്റ് ഗോദാഭയ രജപക്ഷെയുടെ ശ്രമം പാളിയതോടെ ശ്രീലങ്കയുടെ ആഭ്യന്തരക്കുഴപ്പങ്ങള്‍ ഒന്നുകൂടി സങ്കീര്‍ണമായിരിക്കുകയാണ്. പ്രധാനമന്ത്രി മഹിന്ദ രജപക്ഷെ ഒഴിച്ചുള്ള മന്ത്രിമാര്‍ രാജിവച്ചതും, നാല് മന്ത്രിമാര്‍ പുതുതായി അധികാരമേറ്റതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. പുതിയ ധനമന്ത്രിയുടെ നിയമനത്തില്‍ പ്രതിഷേധിച്ച് ഭരണമുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം പ്രതിപക്ഷ പാര്‍ട്ടികള്‍ നിരസിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയിച്ചില്ല എന്നുമാത്രമല്ല ജനങ്ങള്‍ കൂടുതല്‍ രോഷാകുലരാവുകയും ചെയ്തു. സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഭരണസംവിധാനത്തെ അവര്‍ പരസ്യമായി വെല്ലുവിളിക്കുകയുമാണ്. ഇനിയെന്ത് എന്ന പ്രശ്നത്തിന് ഭരണപക്ഷത്തിന് ഉത്തരമില്ല. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ് ഗോദാഭയ രജപക്ഷെയും സഹോദരന് മഹിന്ദ രജപക്ഷെയും. സാമ്പത്തിക പ്രതിസന്ധിയാണ് രാഷ്ട്രീയ പ്രതിസന്ധിയായി രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ അടിയന്തരമായി പരിഹാരം കാണേണ്ടത് സാമ്പത്തിക പ്രതിസന്ധിക്കാണ്. ഈ സാഹചര്യത്തില്‍ ശ്രീലങ്കയുടെ പ്രധാന ബാങ്കായ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണര്‍കൂടി രാജിവച്ചത് മറ്റൊരു തിരിച്ചടിയായി. പുതുതായി അധികാരമേറ്റ ധനമന്ത്രിയും രാജിവച്ചിരിക്കുന്നു.
ശ്രീലങ്കയിലെ ഇപ്പോഴത്തെ ദുരവസ്ഥ അവിടുത്തെ ഭരണനേതൃത്വത്തിന്റെ സ്വയംകൃതാനര്‍ത്ഥമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തി സ്വയംപര്യാപ്തമാവുന്നതിനുപകരം കിട്ടാവുന്നിടത്തുനിന്നൊക്കെ കടം വാങ്ങുന്നതിലാണ് ലങ്കന്‍ സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചത്. സ്വാഭാവികമായും ഇത് വലിയ കടക്കെണിയിലേക്ക് നയിച്ചു. വിദേശകടത്തിന്റെ പലിശ പോലും അടയ്ക്കാനാവാത്ത സ്ഥിതിയിലാണ് ശ്രീലങ്ക എത്തിച്ചേര്‍ന്നിരിക്കുന്നത്. രാജ്യത്തിന്റെ തന്ത്രപ്രധാന തുറമുഖമായ ഹംബന്തോട്ട ചൈനയ്ക്ക് പാട്ടത്തിന് നല്‍കുന്നതിനെതിരെ ഭാരതത്തില്‍നിന്ന് മുന്നറിയിപ്പുകള്‍ ഉണ്ടായതാണ്. അത് വകവയ്ക്കാതെ ഈ തുറമുഖം ചൈനയ്ക്ക് കൈമാറി. ഇപ്പോള്‍ ഈ തുറമുഖം ചൈന സ്വന്തമാക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. അവിടെ ചൈന സൈനികസന്നാഹങ്ങള്‍ ഒരുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ തന്ത്രപൂര്‍വം ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുകയെന്നത് ചൈനയുടെ പ്രഖ്യാപിത നയമാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി മഹിന്ദ രജപക്ഷെ ചൈനാ പക്ഷപാതിയായാണ് അറിയപ്പെടുന്നത്. രജപക്ഷെ നേതൃത്വം നല്‍കിയിരുന്ന മുന്‍സര്‍ക്കാരിന്റെ കാലത്താണ് ശ്രീലങ്കയില്‍ ചൈന പിടിമുറുക്കിയത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നേപ്പാളിലുമൊക്കെ ഇടപെട്ട് ആ രാജ്യങ്ങളെ ഭാരതത്തിന് എതിരാക്കുന്നതുപോലെയാണ് ലങ്കയിലും ചൈന പ്രശ്നങ്ങളുണ്ടാക്കുന്നത്. ചൈന ലങ്കന്‍ സൈന്യത്തിന് പരിശീലനം നല്കുന്നതായിപ്പോലും വാര്‍ത്തകള്‍ വന്നിരുന്നു.
ഭാരതത്തെ മാത്രമാണ് ശ്രീലങ്കയ്ക്ക് വിശ്വസ്തസുഹൃത്തായി കാണാന്‍ കഴിയുന്നത്. എന്നാല്‍ ഇതിന് അവിടുത്തെ ഭരണാധികാരികള്‍ തയ്യാറാവാത്തതിനു പിന്നില്‍ വംശീയ പക്ഷപാതം പോലുമുണ്ട്. ശ്രീലങ്കയുടെ വടക്കു-കിഴക്കന്‍ പ്രവിശ്യകളെ ലയിപ്പിക്കുന്നതടക്കമുള്ളവ ഉള്‍ക്കൊള്ളുന്ന ഒരു കരാര്‍ ജയവര്‍ധനെയുടെ ഭരണകാലത്ത് ഭാരതവുമായി ഒപ്പുവച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ കരാര്‍ നടപ്പാക്കാന്‍ ഇതുവരെ ശ്രീലങ്ക താത്പര്യം കാണിച്ചിട്ടില്ല. തമിഴ് ജനതയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കേണ്ടിവരും എന്നതുകൊണ്ടാണ് ലങ്കന്‍ ഭരണാധികാരികള്‍ ഈ കരാറിനു മുഖംതിരിക്കുന്നത്. ജനതാവിമുക്തി പെരമുന പോലുള്ള കക്ഷികള്‍ വളര്‍ത്തുന്ന തമിഴ് വിരോധം ഇതിനൊരു കാരണമാണ്. ജനസംഖ്യയില്‍ വലിയൊരുവിഭാഗം വരുന്ന തമിഴ് ജനതയോട് ലങ്കന്‍ ഭരണകൂടങ്ങള്‍ കടുത്ത അവഗണനയും വിവേചനവുമാണ് കാണിക്കുന്നത്. ഔദ്യോഗിക ബോര്‍ഡുകളില്‍നിന്ന് തമിഴ് ഒഴിവാക്കിയിരിക്കുന്നു. തമിഴ് സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ പോലും നീക്കം ചെയ്യുന്നു. ശ്രീലങ്കയ്ക്ക് സാമ്പത്തികസഹായം നല്കാന് ഭാരതം ഒരുക്കമാണെങ്കിലും അതിന് ചില വ്യവസ്ഥകള്‍ ആ രാജ്യം അംഗീകരിക്കേണ്ടതുണ്ട്. ചൈനയുടെ താത്പര്യത്തിന് നിന്നുകൊടുക്കുകയും ഭാരതത്തിന്റെ സഹായം ആഗ്രഹിക്കുകയും ചെയ്യുന്നത് യുക്തിസഹമല്ല. ഇത്തരം അടിയൊഴുക്കുകളൊന്നും കാണാതെയും മറച്ചുപിടിച്ചുമൊക്കെയാണ് പല മാധ്യമങ്ങളും വാര്‍ത്തകള്‍ കൊഴുപ്പിക്കുന്നത്. എന്നാല്‍ ഭാരതസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് ഒരേസമയം ഇരുരാജ്യങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്നതാണ്. ഭാരതവുമായി കലവറയില്ലാതെ കൈകോര്‍ക്കുക എന്നതു മാത്രമാണ് തങ്ങളുടെ ഭാവിക്ക് നല്ലതെന്ന് ശ്രീലങ്ക മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: