കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളെക്കുറിച്ച് പഠനം നടത്തി ജസ്റ്റിസ് കെ.ടി. ശങ്കരന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന് വിശ്വഹിന്ദുപരിഷത്ത്. പൂജാദ്രവ്യങ്ങളും ചന്ദനമുള്‍പ്പെടെയുള്ള പ്രസാദങ്ങളും ഗുണനിലവാരമില്ലാത്തതാണെന്ന് വിഎച്ച്പിയുടെ വര്‍ഷങ്ങളായുള്ള പരാതി ശരിവെക്കുന്ന റിപ്പോര്‍ട്ടാണിതെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര് രാജശേഖരന് എന്നിവര്‍ പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്ക് ശുദ്ധമായ പൂജാസാധനങ്ങള്‍ നല്കാന് വിഎച്ച്പി തയ്യാറാണെന്നും ബോര്‍ഡ് ഇതിന് അവസരമൊരുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്ര ചൈതന്യത്തെ തകര്‍ക്കുന്ന ബോര്‍ഡിന്റെ നടപടിക്കള്‍ക്കെതിരെ സമരമുഖം തുറക്കാനും നിയമപോരാട്ടം നടത്താനും സംഘടന പ്രതിജ്ഞാബദ്ധമാണ്.
ദേവചൈതന്യത്തിന് ലോപം വരുത്തുക എന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അപ്രഖ്യാപിത നയമാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിര്‍വ്വഹിക്കുന്നത്. അതിന്റെ തെളിവാണ് നിലവാരം കുറഞ്ഞ പൂജാദ്രവ്യങ്ങള്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത്. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതും ഇതിന്റെ ഭാഗമാണ്. നിലവാരം കുറഞ്ഞതും ഹലാല്‍ മുദ്രയുളളതുമായ പൂജാദ്രവ്യങ്ങള്‍ ഉപയോഗിക്കുന്ന രീതി ദേവസ്വംബോര്‍ഡ് ഉപേക്ഷിച്ചേ മതിയാകൂ.
അണികള്‍ക്ക് ജോലി നല്‍കാനുള്ള സ്ഥലമായി മാത്രം ദേവസ്വം ബോര്‍ഡിനെ കാണുന്ന സര്‍ക്കാരിന്റെ സമീപനം മാറ്റിയേതീരൂ. ആവശ്യമുള്ളതിലും അധികം ജീവനക്കാരെ കുത്തിനിറയ്ക്കുന്നതുകൊണ്ടാണ് പല ക്ഷേത്രങ്ങളും സാമ്പത്തിക ഞെരുക്കത്തിലാകുന്നത്. നടത്താന്‍ ബുദ്ധിമുട്ടുള്ള ക്ഷേത്രങ്ങള്‍ പ്രദേശവാസികളായ ഭക്തര്‍ക്ക് വിട്ടുനല്‍കാന്‍ ബോര്‍ഡ് തയ്യാറാകണം. ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ പുനഃക്രമീകരിക്കാനും ഇനിയുള്ള നിയമനങ്ങളില്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിജി തമ്പിയും വി.ആര് രാജശേഖരനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: