ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഇസ്ലാമിക് സ്കൂളില്‍ 13 വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്ത അധ്യാപകന് വധശിക്ഷ. പടിഞ്ഞാറന്‍ ജാവയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ബോര്‍ഡിങ് റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ സ്ഥാപകനും ഉടമയുമായ ഹെറി വിരാവനെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്.
ഫെബ്രുവരിയില്‍ ബന്ദൂങ് നഗരത്തിലെ കോടതി അധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വധശിക്ഷയാക്കണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലാണ് വിധി. 2016 നും 2021നും ഇടയിലുള്ള കാലയളവിലാണ് സംഭവം. മതപഠനത്തിന്റെ മറവില്‍ 11നും 14നും വയസിനുമിടയില്‍ പ്രായമുള്ള സ്കൂളിലെ 13 പെണ്‍കുട്ടികളെ വിരാവന് പീഡിപ്പിച്ചു. ഇവരില്‍ എട്ടുപേര്‍ ഗര്‍ഭിണികളായി. ഒന്‍പത് കുട്ടികള്‍ക്ക് ജന്മം നല്കി. സ്കൂളിന് പുറമെ ഹോട്ടലുകള്‍. വാടക അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയിലെത്തിച്ചും പെണ്‍കുട്ടികളെ വിരാവന് ബലാത്സംഗം ചെയ്തു.
ഇന്തോനേഷ്യയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. രാജ്യത്തെ മുസ്ലിം മതപഠനകേന്ദ്രങ്ങളിലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശിയ സംഭവം കൂടിയായി ഇത്. മുപ്പത്തിയാറുകാരനായ ഹെറി വിരാവന് 2016ലാണ് ബോര്‍ഡിങ് സ്കൂള്‍ സ്ഥാപിച്ചത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്കായി വിദ്യാഭ്യാസം എന്നപേരിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചത്. ബോര്ഡിങ്ങില് നിന്നു വീട്ടിലേക്ക് വന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് രക്ഷിതാക്കള്‍ അറിഞ്ഞ് പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. കുടുംബം പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: